KeralaLatest

വിദ്യാരംഭത്തിനു കുട്ടികളുടെ നാവില്‍ സ്വര്‍ണം കൊണ്ട് എഴുതുന്നെങ്കില്‍ അത് അണുവിമുക്തമാക്കണം: ആരോഗ്യമന്ത്രി

“Manju”

ശ്രീജ.എസ്

തിരുവനന്തപുരം: വിദ്യാരംഭത്തിനു കുട്ടികളുടെ നാവില്‍ സ്വര്‍ണം കൊണ്ട് എഴുതുന്നെങ്കില്‍ അത് അണുവിമുക്തമാക്കണമെന്നു മന്ത്രി കെ.കെ. ശൈലജ. ഒരിക്കലുപയോഗിച്ച സ്വര്‍ണം വീണ്ടും അടുത്ത കുട്ടിക്ക് ഉപയോഗിക്കരുത്. കൊറോണ വൈറസ് പെട്ടെന്നു ബാധിക്കുന്നതു വായിലൂടെയും മൂക്കിലൂടെയുമാണ്. ഓരോ കുട്ടിയെയും എഴുത്തിനിരുത്തുന്നതിനു മുന്‍പും ശേഷവും ഗുരുക്കന്മാര്‍ കൈകള്‍ സോപ്പ് ഉപയോഗിച്ചു കഴുകണം.

രോഗലക്ഷണമുള്ള ആളുകള്‍ കുട്ടികളെ എഴുത്തിനിരുത്തരുത്. ചടങ്ങുകളില്‍ പങ്കെടുക്കുന്നവരുടെ പേരും ഫോണ്‍ നമ്പറും എഴുതിയെടുക്കണം. പനി, തൊണ്ടവേദന, ജലദോഷം, മൂക്കൊലിപ്പ്, ചുമ, ക്ഷീണം, ഗന്ധവും രുചിയും തിരിച്ചറിയാന്‍ കഴിയാതിരിക്കുക എന്നീ ലക്ഷങ്ങള്‍ ഉള്ളവര്‍ ചടങ്ങുകളില്‍ പങ്കെടുക്കരുത്.

അത്തരം രോഗലക്ഷണങ്ങളുള്ള കുട്ടികളെ വീട്ടില്‍ മാത്രം എഴുത്തിനിരുത്തുക. വിദ്യാരംഭവും ബൊമ്മക്കൊലുവുമായി ബന്ധപ്പെട്ടുള്ള ചടങ്ങുകള്‍ വീടുകളിലോ രണ്ടോ മൂന്നോ അടുത്ത കുടുംബങ്ങള്‍ ചേര്‍ന്നോ മാത്രമേ നടത്താന്‍ പാടുള്ളൂ. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ വീടുകള്‍ക്കു പുറത്ത് ഒരു ചടങ്ങും സംഘടിപ്പിക്കരുതെന്നും മന്ത്രി പറഞ്ഞു.

പൂജവയ്പ്, വിദ്യാരംഭം ദിനങ്ങള്‍ ആള്‍ക്കൂട്ട ആഘോഷങ്ങള്‍ ഒഴിവാക്കി എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു.

വ്യക്തികള്‍ എല്ലാവരും 6 അടി ശാരീരിക അകലം പാലിക്കണം. എല്ലാവരും നിര്‍ബന്ധമായും മാസ്‌കുകള്‍ ധരിക്കണം. ഏതെങ്കിലും പ്രതലത്തിലോ ഉപകരണങ്ങളിലോ തൊട്ടാല്‍ ഉടനെ സോപ്പ് അല്ലെങ്കില്‍ സാനിറ്റൈസര്‍ ഉപയോഗിച്ച്‌ കൈ കഴുകേണ്ടതാണ്. അതിനുള്ള സൗകര്യങ്ങള്‍ ഒരുക്കേണ്ടതാണ്. സ്പര്‍ശിക്കാന്‍ സാധ്യതയുള്ള എല്ലാ സ്ഥലങ്ങളും ഒരു ശതമാനം സോഡിയം ഹൈപ്പോക്ലോറൈറ്റ് ലായനി ഉപയോഗിച്ച്‌ തുടര്‍ച്ചയായി അണുവിമുക്തമാക്കണം.

Related Articles

Back to top button