KeralaLatest

സമൂഹ മാധ്യമങ്ങളില്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെ വിലക്കിയ ഉത്തരവ് പിന്‍വലിച്ചു

“Manju”

തിരുവനന്തപുരം: ആരോഗ്യവകുപ്പിന് കീഴിലുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ഇടുന്നതിനും ചാനല്‍ തുടങ്ങുന്നതിനും വിലക്കേര്‍പ്പെടുത്തിയ ഉത്തരവ് റദ്ദാക്കി. ഭരണപരമായ കാരണത്താലാണ് സര്‍ക്കുലര്‍ പിന്‍വലിച്ചിരിക്കുന്നതെന്നണ് വിശദീകരണം. സര്‍ക്കുലറില്‍ കേരള ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്റേയും (കെജിഎംഒഎ) ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റേയും (ഐഎംഎ) ഭാഗത്തുനിന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു.

പെരുമാറ്റ ചട്ടങ്ങള്‍ക്ക് വിരുദ്ധമാകാതെയും ഔദ്യോഗിക കൃത്യനിര്‍വഹണത്തിന് തടസം സൃഷ്ടിക്കാതെയും പോസ്റ്റുകള്‍ ഇടുന്നതിന് അനുമതി തേടിക്കൊണ്ടുള്ള അപേക്ഷകള്‍ക്ക് മറുപടിയായാണ് ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. റീന കെ ജെ വിലക്ക് ഏര്‍പ്പെടുത്തിക്കൊണ്ട് സര്‍ക്കുലര്‍ പുറത്തിറക്കിയത്.

അനുമതി നല്‍കിയാല്‍ ചട്ടലംഘനങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നായിരുന്നു ഉത്തരവില്‍ ആരോഗ്യവകുപ്പ് അറിയിച്ചത്.

‘യൂട്യൂബ്, ഇന്‍സ്റ്റാഗ്രാം പോലെയുള്ള സമൂഹ മാധ്യമങ്ങളില്‍ ചാനല്‍ തുടങ്ങിയാല്‍ നിശ്ചിത ആളുകള്‍ സബ്‌സ്‌ക്രൈബ് ചെയ്യുന്നതും വീഡിയോകള്‍ക്ക് വ്യൂസ് ലഭ്യമാകുന്നത് വഴിയും പരസ്യ വരുമാനം ഉള്‍പ്പെടെ സാമ്പത്തിക നേട്ടം ഉണ്ടാകാനിടയാകും. ഇത് 1960ലെ സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റ ചട്ടം 48ലെ വ്യവസ്ഥകള്‍ക്ക് വിരുദ്ധമാണ്. സര്‍ക്കാര്‍ അനുമതി വാങ്ങിയ ശേഷം വരുമാനം ലഭ്യമാകാന്‍ സാധ്യതയുള്ള തരത്തില്‍ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ഇടുന്ന ഉദ്യോഗസ്ഥര്‍ പോസ്റ്റുകള്‍ക്ക് പ്രതിഫലം വാങ്ങിയിട്ടുണ്ടോ ഇല്ലയോ എന്നത് അന്വേഷിക്കുന്നതിനും തെളിയിക്കുന്നതിനും പ്രായോഗിക തടസങ്ങള്‍ ഉണ്ടാകും’ എന്നായിരുന്നു ആദ്യം പുറത്തിറക്കിയ ഉത്തരവില്‍ പറഞ്ഞിരുന്നത്.

 

 

Related Articles

Back to top button