LatestThiruvananthapuram

രജിസ്ട്രേഷന്‍ സേവനങ്ങള്‍ ഒരു പോര്‍ട്ടലില്‍ ലഭ്യമാകും

“Manju”

തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍വെ, റവന്യൂ, രജിസ്ട്രേഷന്‍ സേവനങ്ങള്‍ ഒരു പോര്‍ട്ടലില്‍ ലഭ്യമാക്കാന്‍ ഡിജിറ്റല്‍ സര്‍വെ സഹായകമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമികള്‍ക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട് എന്ന നമ്മുടെ ലക്ഷ്യം. അത് സാക്ഷാത്ക്കരിക്കുന്നതിനു വേണ്ടിയാണ് ആധുനിക സാങ്കേതിക വിദ്യയായ കോര്‍സ് സംവിധാനം ഉപയോഗിച്ച്‌ കേരളത്തെ ഡിജിറ്റലായി റീ സര്‍വെ ചെയ്യാന്‍പോകുന്നത്. സാങ്കേതിക രംഗത്തെ മുന്നേറ്റങ്ങളെ സിവില്‍ സര്‍വീസിന്റെ ഉന്നമനത്തിനായി എങ്ങനെ ഉപയോഗപ്പെടുത്താമെന്നതിന്റെ ഭാഗംകൂടിയാണ് ഈ നടപടി. 500 ഓളം സേവനങ്ങള്‍ ഒറ്റ ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ ലഭ്യമാക്കിക്കൊണ്ട് സര്‍ക്കാര്‍ സേവനങ്ങള്‍ക്കായി മൊബൈല്‍ആപ്പ് തയാറാക്കിക്കഴിഞ്ഞു. സാധാരണഗതിയിലുള്ള സാങ്കേതിക നടപടികള്‍ ലഘൂകരിക്കലാണിതിലൂടെ സംഭവിക്കുന്നത്.

സംസ്ഥാനത്ത് 1966 ലാണ് റീസര്‍വെ ആരംഭിച്ചത്. ഇത് ഇനിയും വൈകാന്‍ പാടില്ലെന്ന തീരുമാനത്തിന്റെ ഭാഗമായാണ് ഇത്തരമൊരു നടപടിയിലേക്ക് നമ്മള്‍ കടക്കുന്നത്. 1550 വില്ലേജുകള്‍ അത്യാധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ നാലു വര്‍ഷത്തിനകം പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. RTK, ETS, DRONE എന്നിവ ഉപയോഗിച്ചാണ് സര്‍വെ. നാല് വര്‍ഷംകൊണ്ട് നാല് ഘട്ടമായി സര്‍വെ പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യം. കേരളം കുറേകാലമായി ആഗ്രഹിക്കുന്ന കാര്യമാണ് ഡിജിറ്റല്‍ റീ സര്‍വെ പൂര്‍ത്തിയായിക്കിട്ടുകയെന്നത്. 807 കോടി രൂപയാണ് ചെലവ് വരുന്നത്. റി – ബില്‍ഡ് കേരള വഴി 339.438 കോടി രൂപ അനുവദിച്ചിട്ടുണ്ട്.

ഡിജിറ്റല്‍ സര്‍വെ പൂര്‍ത്തിയാവുന്നതോടെ ഇന്റഗ്രേറ്റഡ് ഭൂരേഖ പോര്‍ട്ടല്‍ പ്രാവര്‍ത്തികമാക്കാനാവും. അതിലൂടെ സര്‍വെ, റവന്യൂ, രജിസ്ട്രേഷന്‍ വകുപ്പുകള്‍ നല്‍കുന്ന സേവനങ്ങള്‍ ഒറ്റ പോര്‍ട്ടലില്‍ ലഭ്യമാക്കാനാവും. കഴിഞ്ഞ് അഞ്ച് വര്‍ഷം സംസ്ഥാനത്തുണ്ടായ സമാനതകളില്ലാത്ത വികസനത്തിന്റെ തുടര്‍ച്ച ഉറപ്പുവരുത്തുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. അതിന്റെ വിഭവങ്ങളെക്കുറിച്ച്‌ കൃത്യമായ ധാരണ വേഗത്തില്‍ തയാറാക്കാന്‍ ഡിജിറ്റല്‍ സര്‍വെ സഹായിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. റീ സര്‍വെ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ എല്ലാ ജനപ്രതിനിധികളുടെയും സഹായവും മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ത്ഥിച്ചു.

വരുന്ന നാല് വര്‍ഷംകൊണ്ട് ഈ സര്‍വെ പൂര്‍ത്തിയാക്കാനാവുമെന്നും അതിലൂടെ കേരളത്തില്‍ ദീര്‍ഘകാലമായി നിലനില്‍ക്കുന്ന ഭൂമിയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ക്കും പ്രശ്നങ്ങള്‍ക്കും ഒരു പരിഹാരം കാണാനാവുമെന്നും പ്രതീക്ഷിക്കുന്നതായി അധ്യക്ഷ പ്രസംഗത്തില്‍ റെവന്യൂ മന്ത്രി കെ.രാജന്‍ പറഞ്ഞു. നിയമസഭാ സ്പീക്കര്‍ എം.ബി രാജേഷ് മുഖ്യാതിഥിയായി. റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് സ്വാഗതം ആശംസിച്ചു. ഗവ. ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ്, നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, ഡയറക്ടര്‍ സര്‍വേ ലാന്‍ഡ് റെക്കോര്‍ഡ്സ് സീറാം സാംബശിവ റാവു, ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ കെ.ബിജു, സാമാജികര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Related Articles

Back to top button