IndiaLatest

ഡെങ്കിപ്പനി; സംസ്ഥാനങ്ങളിലേക്ക് വിദഗ്ധ സംഘത്തെ നിയോഗിക്കും

“Manju”

ന്യൂഡല്‍ഹി: ഡെങ്കിപ്പനി വ്യാപകമായ സംസ്ഥാനങ്ങളിലേക്ക് കേന്ദ്ര സര്‍ക്കാര്‍ വിദഗ്ധ സംഘത്തെ നിയോഗിക്കും. 9 സംസ്ഥാനങ്ങളിലേക്കും കേന്ദ്ര ഭരണപ്രദേശങ്ങളിലേക്കുമാണ് ആരോഗ്യ-പൊതുജനാരോഗ്യ- സാങ്കേതിക വിദഗ്ധരുടെ സംഘത്തെ നിയോഗിക്കുക. കേരളം, പഞ്ചാബ്, ഹരിയാന, രാജസ്ഥാന്‍, തമിഴ്‌നാട്, യുപി, ഉത്തരാഖണ്ഡ്, ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഡെങ്കിബാധ വ്യാപകമായ റിപോര്‍ട്ടുകള്‍ പുറത്തുവന്ന സാഹചര്യത്തിലാണ് കേന്ദ്രം പ്രശ്‌നത്തെ ഗൗരവമായി എടുക്കുന്നത്.
ദേശീയ പകര്‍ച്ചവ്യാധി നിയന്ത്രണ കേന്ദ്രത്തിലെയും വൈറല്‍ രോഗബാധ നിയന്ത്രണ പദ്ധതിയിലെയും വിദഗധരും മേധാവികളും സംഘത്തോടൊപ്പമുണ്ടാവും. സംസ്ഥാന സര്‍ക്കാരിനെ ഡെങ്കിപ്പനി നിയന്ത്രണ പദ്ധതിയില്‍ സഹായിക്കുകയാണ് സംഘത്തിന്റെ മുഖ്യ ഉദ്ദേശ്യം. പൊതുജനാരോഗ്യ നിര്‍ദേശങ്ങള്‍, സാങ്കേതിക വിദ്യകള്‍ തുടങ്ങിയവയെക്കുറിച്ചുള്ള വിവരങ്ങളും പങ്കുവയ്ക്കും. കേന്ദ്ര സംഘം എത്തുന്ന വിവരം ബന്ധപ്പെട്ട സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാര്‍ക്ക് കൈമാറിയിട്ടുണ്ട്.

ഡല്‍ഹിയില്‍ ഈ വര്‍ഷം 1,530 ഡെങ്കിപ്പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. അതില്‍ 1,200 എണ്ണവും ഒക്ടോബറിലായിരുന്നു. മഹാരാഷ്ട്രയിലെ പൂനെയില്‍ ഒക്ടോബറില്‍ 168 കേസുകള്‍ റിപോര്‍ട്ട് ചെയ്തു. സപ്തംബറിനേക്കാള്‍ കുറവായിരുന്നു അത്. 192 ഡെങ്കി കേസുകളാണ് ആ മാസം റിപോര്‍ട്ട് ചെയ്തത്. ഛണ്ഡീഗഢില്‍ 33 പേര്‍ ഡെങ്കി ബാധിച്ച്‌ മരിച്ചു. പല ജില്ലകളിലും അടിയന്തര വാര്‍ഡുകള്‍ രോഗികളെക്കൊണ്ട് തിങ്ങിനിറഞ്ഞു. യുപിയിലെ ഗാസിയാബാദില്‍ മാത്രം 1,000 കേസുകളാണ് റിപോര്‍ട്ട് ചെയ്തത്. അതില്‍ 68 ശതമാനം ഒക്ടോബര്‍ മാസത്തിലായിരുന്നു. കൊതുകുവഴി പകരുന്ന രോഗമാണ് ഡെങ്കി. രോഗബാധിതര്‍ക്ക് ഛര്‍ദ്ദിയും പനിയും ശരീരവേദനയും അനുഭവപ്പെടും.

Related Articles

Back to top button