InternationalLatest

കൊറോണയ്ക്ക് ഗുളികയുമായി ഫൈസറും

“Manju”

ന്യൂയോര്‍ക്ക്: മെര്‍ക്കിന് പിന്നാലെ കൊറോണ പ്രതിരോധ ഗുളികയുമായി എത്തിയിരിക്കുകയാണ് ഫൈസറും. കഴിഞ്ഞയാഴ്ചയാണ് ഫൈസറിന്റെ കൊവിഡ്-19 മരുന്നായ പാക്‌സ്ലോവിഡ് എന്ന പ്രതിരോധ ഗുളികയുടെ പരീക്ഷണം വിജയകരമാണെന്ന് കമ്പനി അധികൃതര്‍ അറിയിച്ചത്.

മഹാമാരിക്കെതിരെ 89 ശതമാനം പ്രതിരോധം തീര്‍ക്കാന്‍ പാക്‌സ്ലോവിഡിന് സാധിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. ഏകദേശം 1200ഓളം രോഗികളിലാണ് ഫൈസര്‍ കൊറോണ ഗുളിക പരീക്ഷണം നടത്തിയത്. രണ്ട് നേരം അഞ്ച് ദിവസം പാക്‌സ്ലോവിഡ് കഴിക്കണമെന്നാണ് ഫൈസറിന്റെ നിര്‍ദേശം. രോഗ ബാധിതരായെന്ന് തിരിച്ചറിഞ്ഞ ഉടനെയോ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയ സാഹചര്യത്തിലോ പാക്‌സ്ലോവിഡ് കഴിച്ചാല്‍ കൊറോണയില്‍ നിന്നും മികച്ച ഫലപ്രാപ്തി ലഭിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. എത്രയും വേഗം തന്നെ ഫൈസറിന്റെ പാക്‌സ്ലോവിഡ് മരുന്നിന് അടിയന്തിരാനുമതി തേടുമെന്നാണ് വിവരം.

നിലവില്‍ മഹമാരിക്കെതിരെ പ്രതിരോധ വാക്‌സിന്‍ മാത്രമാണ് വിതരണം ചെയ്യുന്നത്. രോഗം ബാധിച്ചെന്ന് തിരിച്ചറിഞ്ഞ നിമിഷം രോഗിക്ക് നല്‍കാന്‍ ഇപ്പോഴും ഒരു മരുന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ഇത്തരത്തില്‍ മരുന്ന് കമ്പനികള്‍ പ്രഖ്യാപിക്കുന്ന പ്രതിരോധ ഗുളികകള്‍ക്ക് അംഗീകാരം ലഭിച്ചാല്‍ അത് ചരിത്ര തീരുമാനമാകും. രോഗം ബാധിച്ചയുടനെ നല്‍കാന്‍ മരുന്നില്ലാത്ത നിലവിലെ സാഹചര്യത്തില്‍ മെര്‍ക്കിന്റെയും ഫൈസറിന്റെയും ഗുളികകള്‍ പ്രാബല്യത്തില്‍ വരുന്നത് നിര്‍ണായകമാണ്.

നിലവില്‍ മെര്‍ക്കിന്റെ കൊറോണ ഗുളികയ്‌ക്ക് യുകെ അംഗീകാരം നല്‍കിയിട്ടുണ്ട്. യുഎസിലെയും യൂറോപ്പിലെയും മരുന്ന് റെഗുലേറ്റര്‍മാര്‍ ഇപ്പോഴും അവലോകനം തുടരുകയാണെന്നാണ് വിവരം. വാക്‌സിനെടുക്കാനുള്ള ബുദ്ധിമുട്ടും ലഭ്യതക്കുറവും കണക്കിലെടുക്കുമ്പോള്‍ കൊറോണ ഗുളികയ്‌ക്ക് വലിയ പ്രചാരം ലഭിക്കുമെന്നാണ് വിലയിരുത്തല്‍. മെര്‍ക്കും ഫൈസറും പരീക്ഷണഘട്ടത്തിലെ കണ്ടെത്തലുകള്‍ ഇതുവരെ പൂര്‍ണമായും പുറത്തുവിട്ടിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

Related Articles

Back to top button