IndiaKeralaLatest

ഗുരുമന്ത്രാക്ഷരങ്ങളുടെ തേന്മഴയില്‍ വിശ്വജ്ഞാനമന്ദിരത്തിന് ദീപംതെളിഞ്ഞു.

നാളെ രാവിലെ 10.30ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നാടിന് സമർപ്പിക്കും

“Manju”
ശാന്തിഗിരി വിശ്വജ്ഞാനമന്ദിരത്തില്‍ നവജ്യോതിശ്രീകരുണാകരഗുരുവിന്റെ എണ്ണച്ചായചിത്രം പ്രതിഷ്ഠിച്ചതിനുശേഷം ഗുരുസ്ഥാനീയ ശിഷ്യപൂജിത മണ്ഡപത്തില്‍ ദീപം തെളിയിച്ചപ്പോള്‍.

കോഴിക്കോട്: ഗുരുമന്ത്രാക്ഷരങ്ങളും വാദ്യഘോഷങ്ങളും കൊണ്ട് മുഖരിതമായ അന്തരീക്ഷത്തില്‍ വ്രതശുദ്ധിയോടെ മനസ്സും ശരീരവും അര്‍പ്പിച്ച ആയിരക്കണക്കിന് ഗുരുഭക്തരെ സാക്ഷിയാക്കി ആശ്രമം ഗുരുസ്ഥാനീയ ശിഷ്യപൂജിത അമൃത ജ്ഞാനതപസ്വിനി വിശ്വജ്ഞാനമന്ദിരത്തില്‍ ദീപം തെളിയിച്ചു. നാളെ (10/04/2023 തിങ്കളാഴ്ച) രാവിലെ 10.30ന് ഗവര്‍ണര്‍ മന്ദിരം നാടിന് സമര്‍പ്പിക്കും.

മന്ദിരത്തിന്റെ അകത്തളത്തിലെ മണ്ഡപത്തില്‍ ശിഷ്യപൂജിത നവജ്യോതിശ്രീകരുണാകരഗുരുവിന്റെ എണ്ണച്ചായചിത്രം പ്രതിഷ്ഠിച്ചു. ഗുരുവിന്റെ പൂര്‍ണ്ണകായരൂപം കണ്ട് ഭക്തര്‍ ആനന്ദാശ്രുക്കള്‍ പൊഴിച്ചു.

മുത്തുക്കുടകള്‍ കൈയിലേന്തിയ ഭക്തര്‍ അണിനിരന്ന ആശ്രമവീഥിയിലൂടെ ഗുരുസ്ഥാനീയ കടന്നുവന്നു. വെളളപ്പട്ടു വിരിച്ച് പുഷ്പവൃഷ്ടി നടത്തി ദീപത്തിന്റെ അകമ്പടിയോടെ സന്ന്യാസി സന്ന്യാസിനിമാര്‍ ശിഷ്യപൂജിതയെ ആനയിച്ചു. കൂപ്പുകൈയ്യുമായി വിശ്വജ്ഞാനമന്ദിരത്തിന്റെ പടികളില്‍ ചുവടുവെച്ചപ്പോള്‍ പരിസരം ഭക്തിസാന്ദ്രമായി. താളമേളവും പ്രണവമന്ത്രവും ദഫ് മുട്ടും ശിങ്കാരി മേളവും നിറഞ്ഞ ആശ്രമസമുച്ചയം ഈശ്വരസാക്ഷാത്കാരകേന്ദ്രമായി.

ചടങ്ങുകള്‍ക്ക് ശേഷം ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി ആമുഖപ്രഭാഷണം നടത്തി. ഗുരുസ്ഥാനീയ ഭക്തരെ അഭിസംബോധന ചെയ്തു. ശാന്തിഗിരി ആശ്രമം എന്നത് അനുഭൂതിതലമാണെന്നും വിശ്വജ്ഞാനമന്ദിരത്തില്‍ എത്തുന്നവര്‍ക്ക് ജാതിമതഭേദമന്യേ അതനുഭവിക്കാന്‍ കഴിയുമെന്നും ശിഷ്യപൂജിത പറഞ്ഞു. പോത്തന്‍കോട് കേന്ദ്രാശ്രമത്തിലെ സഹകരണമന്ദിരം സമര്‍പ്പണത്തിന് മുന്നോടിയായി കണ്ട ദര്‍ശനക്കാഴ്ചകളും വിശ്വജ്ഞാനമന്ദിരത്തില്‍ എത്തിച്ചേര്‍ന്നപ്പോഴുണ്ടായ വര്‍ണ്ണനാതീതമായ ആത്മീയ അനുഭവങ്ങളും ശിഷ്യപൂജിത പങ്കുവെച്ചു.

തുടര്‍ന്ന് ഗോദാനം, ഹാരസമര്‍പ്പണം, ആരാധന, ഗുരുപൂജ, ഗുരുദര്‍ശനം എന്നിവയും വിവിധ സമര്‍പ്പണങ്ങളും നടന്നു. നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഭക്തരുടേയും നാട്ടുകാരുടേയും വന്‍ഒഴുക്കാണ് ആശ്രമത്തില്‍ കണ്ടത്.

Related Articles

Back to top button