India

ജമ്മുവിൽ പാക്ഭീകരർ പദ്ധതിയിട്ടത് വൻ സ്‌ഫോടനം

“Manju”

ശ്രീനഗർ: ജമ്മു കശ്മീരിലെ വിമാനത്താവളത്തിൽ ഭീകരർ പദ്ധതിയിട്ടത് വൻ സ്‌ഫോടനമെന്ന് പോലീസ്. പാകിസ്താൻ ആസ്ഥാനമായ ലഷ്‌കർ ഇ ത്വായ്ബയാണ് ഡ്രോൺ ഉപയോഗിച്ച് ആക്രമണത്തിന് ശ്രമിച്ചത്. ഡ്രോൺ ഉപയോഗിച്ചുള്ള സ്‌ഫോടനം ഇന്ത്യയിൽ ആദ്യമാണെന്നാണ് റിപ്പോർട്ടുകൾ. താഴ്ന്ന് പറക്കുന്ന ഡ്രോണുകളാണ് ഭീകരർ ഉപയോഗിച്ചത്.

സംഭവത്തിൽ ഒരു ലഷ്‌കർ ഇ ത്വായ്ബ ഭീകരനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. ഇതിന് പിന്നാലെ ആറ് കിലോയോളം ഭാരം വരുന്ന സ്‌ഫോടക വസ്തുക്കളും അന്വേഷണ സംഘം കണ്ടെടുത്തു. നഗരത്തിലെ തിരക്കേറിയ മേഖലയിൽ സ്ഥാപിക്കാനിരുന്ന സ്‌ഫോടക വസ്തുവാണ് പോലീസ് കണ്ടെടുത്തത്. ഇതിലൂടെ വലിയ സ്‌ഫോടന പദ്ധതിയാണ് ജമ്മു പോലീസ് നിർവീര്യമാക്കിയത്.

വിമാനത്താവളത്തിലെ രണ്ട് സ്‌ഫോടനങ്ങൾക്കും ഉപയോഗിച്ചത് സ്‌ഫോടക വസ്തുക്കൾ കടത്തുന്ന ഡ്രോണുകളാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ആയുധക്കടത്തിന് ഭീകരർ ഡ്രോണുകൾ ഉപയോഗിക്കുന്നതായി മുൻപും കണ്ടെത്തിയിരുന്നു. പഞ്ചാബ് അതിർത്തിയിലടക്കം ഭീകരർ അയച്ച ഡ്രോണുകൾ സൈന്യം വെടിവെച്ചിട്ടിട്ടുണ്ട്. ചൈനയിൽ നിർമ്മിച്ച ഡ്രോണുകൾ പാകിസ്താൻ ഉപയോഗിച്ചേക്കാമെന്ന് നേരത്തെ രഹസ്യന്വേഷണ വിഭാഗം മുന്നറിയിപ്പ് നൽകിയിരുന്നു.

പാക് അതിർത്തിയിൽ നിന്നും 14 കിലോമീറ്റർ അകലെയാണ് ജമ്മു വിമാനത്താവളം. അഞ്ച് മിനിറ്റ് വ്യത്യാസത്തിലാണ് രണ്ട് സ്‌ഫോടനങ്ങൾ നടന്നത്. ഡ്രോണുകൾ വിമാനത്താവളത്തിലേക്ക് ഇടിച്ചിറക്കിയുള്ള ആക്രമണരീതിയാണ് ഭീകരർ പരീക്ഷിച്ചത്. എന്നാൽ വ്യോമസേനയുടെ അറ്റകുറ്റപ്പണി നടക്കുന്ന കെട്ടിടത്തിൽ വന്നുവീണ് ഡ്രോണുകൾ സ്വയം പൊട്ടിച്ചിതറുകയായിരുന്നു.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അതിർത്തി മേഖലയിൽ ഒറ്റപ്പെട്ട ആക്രമണങ്ങൾ വർദ്ധിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സുരക്ഷാ ഭീഷണിയുള്ള പ്രദേശത്ത് പോലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു. സർവകക്ഷിയോഗം നടക്കുന്ന സമയത്ത് ശ്രീനഗറിലും ജമ്മുവിലും സ്‌ഫോടനമുണ്ടാകുമെന്ന് ഇന്റലിജൻസ് വിവരമുണ്ടായിരുന്നു. ഇതിന് പിന്നാലെ അതിശക്തമായ സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കിയിരുന്നത്. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ജമ്മു കശ്മീരിൽ സുരക്ഷ വർദ്ധിപ്പിച്ചു.

Related Articles

Back to top button