KeralaLatest

ഡ്രൈവര്‍ സീറ്റിലിരുന്ന് യാത്രചെയ്യുന്നയാള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കില്ല

“Manju”

കൊച്ചി: ഓട്ടോറിക്ഷയില്‍ ഡ്രൈവറോടൊപ്പം ഡ്രൈവര്‍ സീറ്റിലിരുന്ന് യാത്രചെയ്യുന്നയാള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കില്ലെന്ന് ഹൈക്കോടതി. സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനി നല്‍കിയ ഹര്‍ജിയില്‍ ജസ്റ്റിസ് എ. ബദറുദീന്റെതാണ് ഉത്തരവ്.

ഡ്രൈവറോടൊപ്പം ഗുഡ്സ് ഓട്ടോയില്‍ ഡ്രൈവറുടെ സീറ്റില്‍ യാത്ര ചെയ്ത കാസര്‍കോട് സ്വദേശി ബീമയ്ക്ക് മോട്ടോര്‍ ആക്സിഡന്റ് ക്ലെയിംസ് ട്രിബ്യൂണല്‍ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ടതിനെതിരേ സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനി നല്‍കിയ ഹര്‍ജി അനുവദിച്ചാണ് ഉത്തരവ്.

ട്രിബ്യൂണല്‍ വിധിച്ച നഷ്ടപരിഹാരം നല്‍കാന്‍ വാഹനത്തിന്റെ ഉടമയ്ക്ക് ബാധ്യതയുണ്ടെന്നും ഉത്തരവില്‍ പറയുന്നു. ഡ്രൈവറുടെ സീറ്റില്‍ ഇരുന്ന് യാത്ര ചെയ്യുന്നയാള്‍ ഇന്‍ഷുറന്‍സ് പരിരക്ഷയ്ക്ക് അര്‍ഹനല്ലെന്ന് വിലയിരുത്തിയാണ് ട്രിബ്യൂണലിന്റെ ഉത്തരവ് റദ്ദാക്കിയത്.

ഗുഡ്സ് ഓട്ടോറിക്ഷയില്‍ സാധനങ്ങളുമായി പോകുമ്പോള്‍ ഡ്രൈവര്‍ വാഹനം പെട്ടെന്ന് തിരിച്ചതിനാലുണ്ടായ അപകടത്തിലാണ് ബീമയ്ക്ക് പരിക്കേറ്റത്. തുടര്‍ന്ന് ട്രിബ്യൂണല്‍ ഒന്നരലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവായി. ഇതിനെതിരേയായിരുന്നു ഇന്‍ഷുറന്‍സ് കമ്പനിയുടെ ഹര്‍ജി.

Related Articles

Back to top button