മുംബൈ: സെര്‍ച്ച് എന്ജിന് ഭീമന്മാരായ ‘ജസ്റ്റ് ഡയലി’നെ ഏറ്റെടുക്കാനൊരുങ്ങി പ്രമുഖ വ്യവസായി മുകേഷ് അംബാനിയുടെ റിലയന്‍സ് റീട്ടെയില്‍. ജസ്റ്റ് ഡയലിന്റെ 40.95 ശതമാനം ഓഹരികള്‍ 3,497 കോടിരൂപക്ക് റിലയന്‍സ് സ്വന്തമാക്കി. സെബിയുടെ ഏറ്റെടുക്കല്‍ ചട്ടങ്ങള്‍ പ്രകാരം 26 ശതമാനം ഓഹരികള്‍ ജസ്റ്റ് ഡയല് ഓപ്പണ്‍ ഓഫറായി നല്‍കും. ഇവ കൂടി റിലയന്‍സ് ഏറ്റെടുക്കുമെന്നാണ് വിവരം.
ഇതോടെ ജസ്റ്റ് ഡയലിലെ റിലയന്‍സിന്റെ ഓഹരി പങ്കാളിത്തം 66.95 ശതമാനമായി ഉയരും . റിലയന്‍സ് ഭൂരിഭാഗം ഓഹരികളും ഏറ്റെടുക്കുമെങ്കിലും കമ്പനിയുടെ സ്ഥാപകന്‍ വി.എസ്.എസ്. മണി തന്നെ എം .ഡി -ചീഫ് എക്സിക്യൂട്ടീവ് ഓഫിസര്‍ സ്ഥാനത്ത് തുടരും.
റിലയന്‍സ് നിക്ഷേപത്തിലൂടെ ജസ്റ്റ് ഡയലിന് പ്രാദേശിക തലത്തില്‍ കൂടുതല്‍ വികസനം സാധ്യമാകും. ഇത് കമ്പനിക്ക് നേട്ടമാകുമെന്നാണ് വിലയിരുത്തല്‍. 1994ല്‍ മുംബൈ ആസ്ഥാനമായി പ്രവര്‍ത്തനം ആരംഭിച്ച സെര്‍ച്ച് എന്ജിന് കമ്പനിയാണ്’ ജസ്റ്റ് ഡയല്’