IndiaLatest

കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കല്‍ ; നടപടി വേഗത്തിലാക്കി കേന്ദ്രം

“Manju”

ന്യൂഡല്‍ഹി: വിവാദ കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കാനുള്ള നടപടിക്രമങ്ങള്‍ കൂടുതല്‍ വേഗത്തിലാക്കി കേന്ദ്ര സര്‍ക്കാര്‍. നിയമങ്ങള്‍ റദ്ദാക്കാനുള്ള ബില്ലിന് ഈയാഴ്ച തന്നെ കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കും. മൂന്ന് നിയമങ്ങളും റദ്ദാക്കുന്നതിനുവേണ്ടി കൃഷി മന്ത്രാലയവും ഭക്ഷ്യ പൊതുവിതരണമന്ത്രാലയവും ബില്ലുകള്‍ അതിവേഗത്തില്‍ തയ്യാറാക്കി വരികയാണ്.

ബുധനാഴ്ച ചേരുന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തില്‍ ഈ ബില്ലുകള്‍ക്ക് അംഗീകാരം നല്‍കുമെന്നാണ് റിപ്പോര്‍ട്ട്. ഇതിന് ശേഷം ശൈത്യകാല സമ്മേളനത്തില്‍ ബില്ല് അവതരിപ്പിച്ച്‌ വിവാദ കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കാനാണ് കേന്ദ്ര സര്‍ക്കാറിന്റെ നീക്കം. എന്നാല്‍ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നത് വരെ കാത്തിരിക്കാനാണ് ഒരു കൊല്ലത്തിലേറെയായി സമരം ചെയ്യുന്ന കര്‍ഷകരുടെ തീരുമാനം.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതായി പ്രഖ്യാപിച്ചത്. കര്‍ഷകര്‍ സമരം ആരംഭിച്ച്‌ ഒരുവര്‍ഷത്തിന് ശേഷമാണ് പ്രധാനമന്ത്രിയുടെ അപ്രതീക്ഷിത പ്രഖ്യാപനം. കര്‍ഷകര്‍ രാജ്യത്തിന്റെ നട്ടെല്ലാണ്. കര്‍ഷകരെ സഹായിക്കാന്‍ ആത്മാര്‍ഥതയോടെയാണ് നിയമങ്ങള്‍ കൊണ്ടുവന്നത്. ചെയ്ത കാര്യങ്ങളെല്ലാം കര്‍ഷകരുടെ നന്‍മയ്ക്ക് വേണ്ടിയായിരുന്നു. എന്നാല്‍ ചില കര്‍ഷകര്‍ക്ക് അത് മനസിലാക്കാന്‍ സാധിച്ചില്ലെന്നും മോദി ചൂണ്ടിക്കാട്ടി . രാജ്യത്തോട് ക്ഷമ ചോദിച്ച പ്രധാനമന്ത്രി രാജ്യതലസ്ഥാനത്ത് സമരം ചെയ്യുന്ന കര്‍ഷകര്‍ മടങ്ങിപ്പോകണമെന്നും അഭ്യര്‍ഥിച്ചു. ഉത്തര്‍പ്രദേശ് , പഞ്ചാബ്, തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ നീക്കം .

Related Articles

Back to top button