LatestThiruvananthapuram

ഡിഎന്‍എ പരിശോധനയെ കുറിച്ച്‌ അറിയേണ്ട കാര്യങ്ങള്‍

“Manju”

തിരുവനന്തപുരം: വിവാദമായ പിതൃത്വ കേസുകളിലാണ് ഡിഎന്‍എ പരിശോധനയിലേക്ക് പലപ്പോഴും കാര്യങ്ങള്‍ കടക്കാറ്.
അമ്മയറിയാതെ കുഞ്ഞിനെ ദത്തു നല്‍കിയെന്ന വിവാദത്തിലാണ് യഥാര്‍ഥ മാതാപിതാക്കളെ കണ്ടെത്താന്‍ കോടതി നിര്‍ദേശ പ്രകാരം ഡിഎന്‍എ പരിശോധന നടത്തുന്നത്. രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയിലെ വിദഗ്ദ്ധര്‍ കുഞ്ഞിന്റെയും അവകാശവാദമുന്നയിച്ച അനുപമ എസ്.ചന്ദ്രന്‍, അജിത്കുമാര്‍ എന്നിവരുടെയും സാംപിളുകള്‍ ശേഖരിച്ചു. ഇതിലെ കോശങ്ങളില്‍നിന്നു ഡിഎന്‍എ വേര്‍തിരിച്ചെടുത്താണു പരിശോധന. അതേസമയം ഡിഎന്‍എ സാമ്ബിള്‍ ശേഖരിച്ചതില്‍ അടക്കം സംശയങ്ങള്‍ അനുപമ ഉന്നയിക്കുന്നുണ്ട് താനും. എന്നാല്‍, ഇതിന് അടിസ്ഥാനമില്ലെന്ന് വിദഗ്ധരും പറയുന്നത്.
എങ്ങനെയാണ് ഡിഎന്‍എ പരിശോധനാ രീതി?
ജീന്‍ പരിശോധനയിലൂടെയാണ് ഡിഎന്‍എ പരിശോധന നടക്കുന്നത്. മുടിയുടെയും കണ്ണിന്റെയും തൊലിയുടെയും നിറം മുതല്‍ സ്വഭാവ സവിശേഷതകള്‍ വരെ നിര്‍ണയിക്കുന്നതു ജീനുകളാണ്. ഈ ജീനുകള്‍ ഉള്ളത് ഓരോ കോശത്തിലെയും കോശമര്‍മത്തിലെ ക്രോമസോമുകളിലാണ്. ഇതില്‍ ലിംഗ നിര്‍ണയത്തിനുള്ള എക്‌സ്, വൈ ക്രോമസോമുകള്‍ ഉണ്ടായിരിക്കുന്നത് ഡിഎന്‍എ എന്ന ജനിതകവസ്തു കൊണ്ടാണ്. ഡിഎന്‍എയുടെ അടിസ്ഥാനശിലകള്‍ നാലുതരത്തിലുള്ള ന്യൂക്ലിയോടൈഡുകളാണ്. ഈ ന്യൂക്ലിയോടൈഡുകള്‍ രണ്ടു നിരകളായി ഇഴചേര്‍ന്ന് പിരിയന്‍ ഗോവണി ആകൃതിയിലാണു ഡിഎന്‍എ ഉള്ളത്.
ഡിഎന്‍എയിലെ പ്രോട്ടീനുകള്‍ ഉണ്ടാക്കാന്‍ സഹായിക്കുന്ന ഭാഗത്തെയാണ് ജീനുകള്‍ അല്ലെങ്കില്‍ ‘കോഡിങ് ഏരിയ’ എന്നു വിളിക്കുന്നത്. അങ്ങനെയല്ലാത്ത ഭാഗം ‘നോണ്‍ കോഡിങ് ഏരിയ’. നോണ്‍ കോഡിങ് ഏരിയയില്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഷോര്‍ട്ട് ടാന്‍ഡം റിപീറ്റ്‌സ് അല്ലെങ്കില്‍ മൈക്രോ സാറ്റലൈറ്റുകള്‍ എന്നു വിളിക്കുന്ന ശ്രേണികളുണ്ടാകും. ഒരു ചെറിയ ശ്രേണിയില്‍ രണ്ടു മുതല്‍ ഏഴു ന്യൂക്ലിയോടൈഡുകള്‍ ഉണ്ടാവാം. ഇവയാണു ഡിഎന്‍എ പരിശോധനയ്ക്കായി ഉപയോഗിക്കുന്നത്.
പ്രോട്ടീന്‍ ഉണ്ടാകാത്തതിനാല്‍ ഇവിടെ വരുന്ന ജനിതക വ്യതിയാനം ശരീരത്തെ ബാധിക്കില്ല. ശരീരത്തെ ബാധിക്കാത്തതിനാല്‍ വലിയ വ്യതിയാനങ്ങള്‍ ഉണ്ടാകുകയും തലമുറകളിലൂടെ നിലനില്‍ക്കുകയും ചെയ്യുന്ന ഭാഗമാണ് ഷോര്‍ട്ട് ടാന്‍ഡം റിപീറ്റ്‌സ്. ഓരോരുത്തരിലും ഇതു വ്യത്യസ്തം.
ഡിഎന്‍എ പരിശോധനയ്ക്കു നാല് കാര്യങ്ങള്‍
ഡിഎന്‍എ പരിശോധനയുടെ ആദ്യ ഘട്ടത്തില്‍ സാംപിളായി ശേഖരിച്ച കോശങ്ങളില്‍നിന്നു ഡിഎന്‍എ വേര്‍തിരിച്ചെടുക്കുന്നു എന്നതാണ് ആദ്യത്തെ രീതി. ഇത് ഷോര്‍ട്ട് ടാന്‍ഡം റിപീറ്റ്‌സിന്റെ ആയിരക്കണക്കിനു പകര്‍പ്പുകള്‍ പിസിആര്‍ എന്ന സാങ്കേതിക വിദ്യ ഉപയോഗിച്ച്‌ എടുക്കുന്നു എന്നതാണ് രണ്ടാമത്തെ ഘട്ടം. ഈ പകര്‍പ്പുകള്‍ ഉപയോഗിച്ച്‌ ഇലക്‌ട്രോ ഫോറിസിസ് ചെയ്യുന്നു. ഇലക്‌ട്രോ ഫോറിസിസ് ചെയ്യുമ്ബോള്‍ വരകള്‍പോലെ കുറേ ബാന്‍ഡുകള്‍ കിട്ടും. ഇതാണ് മൂന്നാമത്തെ ഘട്ടം. ഈ വരകള്‍ അകലം അനുസരിച്ചു നമ്ബര്‍ ഇട്ടാണു താരതമ്യപ്പെടുത്തുന്നത്.
ബാന്‍ഡുകളുടെ പകുതി അമ്മയില്‍ നിന്നും പകുതി അച്ഛനില്‍ നിന്നുമായിരിക്കും. കുട്ടിയുടെ ഡിഎന്‍എ പരിശോധനയില്‍ കിട്ടുന്ന ബാന്‍ഡുകള്‍ പകുതി അച്ഛനോടും പകുതി അമ്മയോടും യോജിച്ചാല്‍ കുട്ടി ഇരുവരുടേതുമാണെന്ന് ഉറപ്പിക്കാം.

Related Articles

Back to top button