IndiaLatestNature

പഫര്‍ മീനുകളെ അറിയാം.

“Manju”

ഭക്ഷണ വിഭവങ്ങളില്‍ ഭൂരിഭാഗം ആളുകള്‍ക്കും ഒഴിവാക്കാനാകാത്ത ഒന്നാണ് മത്സ്യം. പെട്ടെന്ന് ലഭിക്കുമെന്നതും പോഷകസമൃദ്ധമാണെന്നതും മീനുകളുടെ ജനപ്രീതി കൂട്ടുന്നു.
ഭക്ഷ്യയോഗ്യമായതു മുതല്‍ അലങ്കാര മത്സ്യങ്ങള്‍ വരെ ഇന്ന് വിപണിയിലുണ്ട്. എന്നാല്‍ ഒരു നിമിഷം കൊണ്ട് മുപ്പത് പേരുടെ ജീവനെടുക്കാന്‍ സാധിക്കുന്ന മീനിനെ കുറിച്ച്‌ കേട്ടിട്ടുണ്ടോ? നിങ്ങള്‍ ഒരു സീ ഫുഡ് പ്രിയക്കാരാണെങ്കിലും തീര്‍ച്ചയായും ഈ മീനിനെ കുറിച്ച്‌ അറിയണം. പഫര്‍ ഫിഷ് എന്നാണ് ഈ മീന്‍ അറിയപ്പെടുന്നത്. ഒരു പഫര്‍ ഫിഷിന്റെ ശരീരത്തില്‍ 30 മനുഷ്യരെ കൊല്ലാന്‍ പോന്നത്രയും വിഷമുണ്ട്. നോക്കാം ഈ ആളെക്കൊല്ലി മത്സ്യത്തിന്റെ പ്രത്യേകതകള്‍.
കണ്ടാലൊരു കുഞ്ഞന്‍ മീനാണെന്ന് തോന്നുമെങ്കിലും അത്ര നിസാരക്കാരനല്ല പഫര്‍ ഫിഷ്. ഭീമന്‍ സ്രാവുകളൊഴിച്ച്‌ എല്ലാ ജീവജാലങ്ങളേയും വകവരുത്താനുള്ള ശേഷി പഫര്‍ ഫിഷിനുണ്ട്. ആളെക്കൊല്ലിയാണെങ്കിലും ഇവയെ ഭക്ഷിക്കുന്നവരുമുണ്ട്. ജപ്പാന്‍, കൊറിയ, ചൈന പോലുള്ള രാജ്യങ്ങളില്‍ ചിലയിനം പഫര്‍ഫിഷുകള്‍ മനുഷ്യരുടെ ഇഷ്ടവിഭവമാണ്. പാചകം പിഴച്ചാല്‍ മരണം ഉറപ്പ്. അതുകൊണ്ട് തന്നെ പ്രത്യേക പരിശീലനം ലഭിച്ച ഷെഫുമാരാണ് പഫര്‍ മീനെ പാചകം ചെയ്യുന്നത്.
ഫുഗു എന്നാണ് പഫര്‍ ഫിഷിനെ ഉപയോഗിച്ച്‌ ഉണ്ടാക്കുന്ന വിഭവത്തിന്റെ പേര്. വിഷമുള്ള പഫര്‍ ഫിഷ് ഒരു പ്ലേറ്റിന് ജപ്പാനില്‍ 20,000 രൂപയാണ് വില. ലൈസന്‍സുള്ളവര്‍ക്കെ പഫര്‍ ഫിഷിനെ പാചകം ചെയ്യാന്‍ സാധിക്കുകയുള്ളൂ. മൂന്ന് വര്‍ഷത്തെ പ്രാക്ടിക്കല്‍ പരീക്ഷയും എഴുത്ത് പരീക്ഷയും പാസാകുന്നവര്‍ക്ക് മാത്രമെ ലൈസന്‍സ് കൊടുക്കുകയുള്ളൂ. പ്രാക്ടിക്കല്‍ പരീക്ഷ വളരെ സാഹസിക നിറഞ്ഞതാണ്. സ്വന്തമായി പഫര്‍ ഫിഷ് കൊണ്ടുള്ള ഭക്ഷണമുണ്ടാക്കി അത് കഴിച്ച്‌ കാണിക്കണം. പാചകം ചെയ്യുന്നയാള്‍ ജീവനോടെയുണ്ടെങ്കില്‍ അയാള്‍ക്ക് ലൈസന്‍സ് ലഭിക്കും.
ഈ മീനിന്റെ ശരീരത്തിലെ വിഷമയമായ അവയവങ്ങള്‍ പ്രത്യേക തരം കത്തികൊണ്ട് മുറിച്ചു മാറ്റിയതിന് ശേഷം മാത്രമേ പാചകം ചെയ്യാന്‍ പാടുള്ളൂ. എന്നാല്‍ ഈ വിഭവത്തിന് രുചി ലഭിക്കുന്നത് ഈ വിഷത്തിന്റെ ഒരു ചെറിയ അംശം മാംസത്തില്‍ ബാക്കി ഇരിക്കുമ്ബോഴാണ് എന്നതാണ് മറ്റൊരു വസ്തുത. അതുകൊണ്ട് ഷെഫ് അതിവിദ്ഗധമായി കൈകാര്യം ചെയ്തില്ലെങ്കില്‍ മരണമുറപ്പ്. വിഷംകൂടി ഭക്ഷണം കഴിക്കുന്ന ആള്‍ മരിക്കാതെയും വിഷം കുറച്ച്‌ എടുത്തുകളഞ്ഞ് ഭക്ഷണം രുചികരമാക്കുകയും ചെയ്യണം.
ആല്‍ഗകളും കക്കകള്‍പോലുള്ള നട്ടെല്ലില്ലാജീവികളും ചെറുമത്സ്യങ്ങളുമൊക്കെയാണ് പഫര്‍ഫിഷുകളുടെ ഇഷ്ടഭക്ഷണം. ഈ ജീവികളുടെ ശരീരത്തിലടങ്ങിയ ബാക്ടീരിയകളില്‍ നിന്നാണ് പഫര്‍ഫിഷുകള്‍ വിഷം ഉല്‍പാദിപ്പിക്കുന്നത്. ഇത് മാത്രമല്ല പഫര്‍ ഫിഷിന്റെ പ്രത്യേകത. പയ്യെ നീങ്ങുന്ന ഈ പാവത്താനെ കണ്ടാല്‍ വായില്‍ വെള്ളമൂറുന്ന ശത്രുക്കള്‍ കടലില്‍ ധാരാളമുണ്ട്. ഇവരില്‍ നിന്നും രക്ഷനേടാനുള്ള വിദ്യയും പഫര്‍ ഫിഷിനറിയാം.
പേരു പോലെ തന്നെ ചെറിയ ശരീരം വീര്‍പ്പിച്ചെടുക്കാനുള്ള കഴിവുണ്ട് പഫര്‍ ഫിഷിന്. മാക്‌സിമം എയറു പിടിച്ചങ്ങ് വീര്‍ക്കുക. വീര്‍ത്തുവീര്‍ത്ത് വലിയൊരു പന്തുപോലാവുക വായിലൊതുങ്ങുന്നൊരു കുഞ്ഞുമീന്‍ പെട്ടന്ന് പതിന്‍മടങ്ങ് വലിപ്പമുള്ളതായാണ് ആരായാലും ഒന്ന് പേടിച്ച്‌ പോകും. ഇലാസ്റ്റിക് പോലെ വലിയുന്ന വയറും പരമാവധി വെള്ളവും ആവശ്യമെങ്കില്‍ വായുവും വലിച്ചെടുക്കാനുള്ള കഴിവുമാണ് പഫര്‍ഫിഷിനെ വീര്‍ക്കാന്‍ സഹായിക്കുന്നത്.
ചിലയിനങ്ങള്‍ക്ക് ശരീരത്തിനുചുറ്റും മുള്ളുകളുമുണ്ട്. മത്സ്യത്തിനുള്ളിലെ ടെട്രാഡോടോക്‌സിന്‍ എന്ന വിഷമാണ് ആളുകളുടെ ജീവനെടുക്കാന്‍ കാരണമാകുന്നത്. സയനഡിനെക്കാള്‍ 1200 മടങ്ങ് വീര്യമുള്ളതാണ് ഈ വിഷം. 30 മനുഷ്യജീവനുകളെ ഒറ്റയടിക്ക് കൊല്ലാനിതിന് സാധിക്കും. കൂടാതെ ഈ വിഷത്തിന് പ്രതിവിധി ഒന്നും തന്നെ കണ്ടെത്തിയിട്ടുമില്ല.
ഭൂമധ്യരേഖയ്‌ക്കു സമീപമുള്ള ലോകത്തിലെ എല്ലാ സമുദ്രഭാഗങ്ങളിലും പഫര്‍ ഫിഷുകളുണ്ട്. 120 ലധികം വ്യത്യസ്ത വിഭാഗങ്ങളുണ്ട് ഇവയുടെ കൂട്ടത്തില്‍. ഇവയില്‍ ചിലരെ ശുദ്ധജലത്തിലും കണ്ടുവരുന്നു. വെറും ഒരിഞ്ചു നീളമുള്ള പിഗ്മി പഫര്‍ മുതല്‍ രണ്ടടിവരെ നീളം വയ്‌ക്കുന്ന ജയന്റ് പഫര്‍ വരെ പഫര്‍ ഫിഷുകളുടെ കൂട്ടത്തിലുണ്ട്.

Related Articles

Back to top button