IndiaLatest

ഇന്ത്യന്‍ വ്യോമസേന വിമാനത്തിന്റെ ടയര്‍ മോഷണം പോയി

“Manju”

ലക്നൗ : വിമാനത്തിന്റെ ടയര്‍ മോഷണം പോയി. ഇന്ത്യന്‍ വ്യോമസേനയുടെ മിറാഷ് യുദ്ധവിമാനത്തിന്റെ ടയറാണ് മോഷണം പോയത്. ഉത്തര്‍പ്രദേശിലെ ലക്നൗ എയര്‍ബേസിന് സമീപത്തായിട്ടാണ് മോഷണം നടന്നത്. നവംബര്‍ 27 ന് ലക്നൗവിലെ ബക്ഷികതാലാബ് എയര്‍ബേസില്‍ നിന്ന് ജോധ്പൂര്‍ എയര്‍ബേസിലേക്ക് വ്യോമസേനയുടെ സാധനങ്ങളുമായി പോയ ട്രക്കില്‍ നിന്നുമാണ് മിറാഷിന്റെ ടയര്‍ മോഷണം പോയത്. എന്നാല്‍ ഈ മാസം ഒന്നാം തീയതിയാണ് സംഭവത്തില്‍ എഫ് ഐ ആര്‍ ഇട്ട് പൊലീസ് അന്വേഷണം ആരംഭിച്ചത്.

സംഭവവുമായി ബന്ധപ്പെട്ട് ട്രക്ക് ഡ്രൈവര്‍ ഹേം സിംഗ് റാവത്തിനെ അന്വേഷണ സംഘം ചോദ്യം ചെയ്തു. ട്രക്കുമായി പോയപ്പോള്‍ ഷഹീദ് പഥില്‍ വച്ച്‌ ഗതാഗത കുരുക്കുണ്ടായെന്നും ഈ സാഹചര്യം മുതലെടുത്ത് സ്‌കോര്‍പിയോ വാഹനത്തില്‍ എത്തിയ അക്രമികള്‍ ടയര്‍ കെട്ടാന്‍ ഉപയോഗിച്ച ചരട് ഊരിമാറ്റി മോഷണം നടത്തുകയായിരുന്നു എന്നുമാണ് ട്രക്ക് ഉടമ നല്‍കുന്ന മൊഴി.

വിവരമറിഞ്ഞ് ട്രക്ക് ഡ്രൈവര്‍ ഇറങ്ങിയപ്പോഴേക്കും മോഷ്ടാക്കള്‍ രക്ഷപ്പെട്ടിരുന്നു. പുലര്‍ച്ചെ 12:30 നും 1 മണിക്കും ഇടയിലായിരുന്നു സംഭവം. തുടര്‍ന്ന് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. മിറാഷ് 2000 യുദ്ധവിമാനത്തിന്റെ അഞ്ച് ചക്രങ്ങളായിരുന്നു ട്രക്കിലുണ്ടായിരുന്നത്. കുറ്റക്കാരെ ഉടന്‍ പിടികൂടുമെന്ന് ഡിസിപി അമിത് കുമാര്‍ പറഞ്ഞു.

Related Articles

Back to top button