KeralaLatest

പാർശ്വവല്‍ക്കരിക്കപ്പെട്ടവരുടെ ഉന്നമനം സര്‍ക്കാര്‍ ലക്ഷ്യം: മന്ത്രി കെ. രാധാകൃഷ്ണന്‍

അപ്പോളോ കോളനി നവീകരണത്തിന് രണ്ടുകോടി രൂപയുടെ അധികസഹായം കൂടി മന്ത്രി പ്രഖ്യാപിച്ചു

“Manju”

തിരുവനന്തപുരം :സംസ്ഥാനത്തെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട പിന്നോക്ക അധ:സ്ഥിത ജനവിഭാഗങ്ങളുടെ ക്ഷേമത്തിനാണ് ഇടതുപക്ഷ ജനാധിപത്യമുന്നണി ഗവണ്‍മെന്റ് മുന്തിയ പരിഗണന നല്കുന്നതെന്ന് പട്ടികജാതി-പട്ടികവര്‍ഗ്ഗ-ദേവസ്വം വകുപ്പുമന്ത്രി കെ.രാധാകൃഷ്ണന്‍. സാമ്പത്തിക പ്രയാസം വികസനത്തിന് തടസ്സമാകില്ല എന്നും കോളനികളുടെ വികസനത്തിന് പരമാവധി ഫണ്ട് ലഭ്യമാക്കുമെന്നും മന്ത്രി അറിയിച്ചു. ഇതിന്റെ ഭാഗമായി അപ്പോളോ, അഞ്ചേക്കര്‍ കോളനികളുടെ സമഗ്ര വികസനത്തിന് രണ്ടു കോടി രൂപയുടെ അധിക സഹായവും മന്ത്രി ചടങ്ങില്‍ പ്രഖ്യാപിച്ചു. തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് നിയോജ കമണ്ഡലത്തില്‍ അണ്ടൂര്‍ക്കോണം ഗ്രാമപഞ്ചായത്തിലെ കരിച്ചാറ, ശ്രീപാദം വാര്‍ഡുകളിൽ ഉള്‍പ്പെടുന്ന അപ്പോളോ, അഞ്ചേക്കര്‍ കോളനികളില്‍ നടപ്പിലാക്കുന്ന എട്ടരക്കോടി രൂപയുടെ വന്‍ വികസന പദ്ധതികളുടെ ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
തൊഴിലുറപ്പുപദ്ധതിയിലെ വിവിധങ്ങളായ പദ്ധതികളും PWD, LSGD, എഞ്ചിനീയറിംഗ് വിഭാഗം, പട്ടികജാതി വികസന വകുപ്പ്, ശുചിത്വ മിഷന്‍, ലൈഫ് മിഷന്‍, കേരള വാട്ടര്‍ അതോറിറ്റി, ഇറിഗേഷന്‍ തുടങ്ങി വിവിധ വകുപ്പുകളുടെ പദ്ധതികളും ചേര്‍ത്തുകൊണ്ട് വന്‍വികസന പദ്ധതികളാണ് ഇതിലൂടെ നടപ്പിലാകുന്നതെന്ന് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ച ഭക്ഷ്യ-പൊതുവിതരണ വകുപ്പുമന്ത്രി ജി.ആര്‍.അനില്‍ അറിയിച്ചു. ഇതുവഴി കോളനികളുടെ മുഖഛായ മാറ്റി സമഗ്രവികസനമാണ് ലക്ഷ്യമിട്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഭൗതിക സൗകര്യങ്ങളുടെ അപര്യാപ്തതയും ശുചിത്വപ്രശ്നങ്ങളും ഗാർഹിക മാലിന്യ സംസ്കരണവും കുടിവെള്ള ലഭ്യതയും കോളനികളിൽ നേരിടുന്ന പ്രധാന പ്രശ്നങ്ങളാണ്. ഇക്കാരണങ്ങൾ കൊണ്ടാണ് ജില്ലയിൽ ഏറ്റവും കൂടുതൽ പിന്നോക്ക വിഭാഗക്കാർ താമസിക്കുന്ന ഈ പ്രദേശങ്ങളെ കോളനി നവീകരണത്തിനായി പ്രഥമ പരിഗണന നൽകിയത്.
അപ്പോളോ കോളനിയിൽ 181 കുടുബങ്ങളിലായി 821 പേരും അഞ്ചേക്കർ തോപ്പിനകം കോളനികളിൽ 137 കുടുബങ്ങളിലായി 635 പേരും ഉൾപ്പടെ 318 കുടുംബങ്ങളിലായി 1456 പേര്‍ ഇവിടെ അധിവസിക്കുന്നു. ഒരു വീട്ടിൽ ഒന്നിലധികം കുടുംബങ്ങൾ താമസിക്കുന്ന വീടുകളുമുണ്ട്. കോളനിയിലെ ജനങ്ങള്‍ നേരിടുന്ന വിവിധങ്ങളായ പ്രശ്നങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടയുടനെ ‍സെക്രട്ടേറിയറ്റിലും പഞ്ചായത്തിലും നിരവധി യോഗങ്ങള്‍ ചേര്‍ന്ന് വിദഗ്ധ സമിതി രൂപീകരിച്ച് വിവിധ സര്‍ക്കാര്‍ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ട് പരിഹാരമാര്‍ഗങ്ങള്‍ കണ്ടെത്തി DPR തയ്യാറാക്കിയിട്ടുള്ളതാണ്.
കോളനിയിലെ ബഹു ഭൂരിപക്ഷം കുടുംബങ്ങളും സമീപ പ്രദേശത്തെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട് ഉപജീവനം നടത്തിവരുന്നവരും ഭൂരിഭാഗം സ്ത്രീകളും മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പു പദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നവരുമാണ്. തൊഴിലുറപ്പ് പദ്ധതിയിലൂടെ കോളനിയില്‍ നിലവിലുള്ള കിണറുകള്‍ നവീകരിച്ച് ഉപയോഗപ്രദമാക്കുകയും കൂടാതെ പുതിയതായി ഒരു പൊതുകിണര്‍ നിര്‍മ്മിച്ചുകൊണ്ട്, അതില്‍ നിന്നും ഓവര്‍ ഹെഡ് ടാങ്കിലൂടെ പൈപ്പ് കണക്ഷന്‍ വഴി വീടുകളില്‍ സമ്പൂര്‍ണ്ണമായ ജലലഭ്യത ഉറപ്പുവരുത്തുകയും ചെയ്യും.
ഗാര്‍ഹികമായ ജൈവ മാലിന്യങ്ങള്‍ കമ്പോസ്റ്റ് ആക്കി മാറ്റുന്നതിനുള്ള 3 കമ്പോസ്റ്റ് യൂണിറ്റുകള്‍ നിര്‍മ്മിക്കുന്നുണ്ട്. മഴക്കാലത്ത് വെള്ളത്തെ അടുത്തുള്ള നീര്‍ച്ചാലുകളിലേയ്ക്ക് എത്തിക്കുന്നതിന് ഓടനിര്‍മ്മിക്കുകയും തൊഴിലുറപ്പു പദ്ധതിയിലൂടെ ഡ്രൈനേജ് സംവിധാനം രൂപപ്പെടുത്തി മെച്ചപ്പെട്ട റോഡുകളുടെ നിര്‍മ്മാണവും പദ്ധതിയിലുണ്ട്. ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ 80ലക്ഷം രൂപ ചിലവാക്കി കമ്മ്യൂണിറ്റി സെപ്റ്റിക്ക് ടാങ്ക് വിത്ത് സോക്പിറ്റ് സംവിധാനം ഏര്‍പ്പെടുത്തുന്നതിലൂടെ മാലിന്യ പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ സാധിക്കും. കൂടാതെ നിലവില്‍ ശൗചാലയങ്ങള്‍ ഇല്ലാത്ത വീടുകളിലായി 90 ശൗചാലയങ്ങള്‍ ശുചിത്വമിഷന്‍ വഴി നിര്‍മ്മിക്കും. നിലവില്‍ കോളനി അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നമാണ് മഴ പെയ്യുമ്പോള്‍ ഉണ്ടാകുന്ന വെള്ളക്കെട്ട്. ഇതിന് പരിഹാരമായി കോളനിക്കുള്ളില്‍ കോണ്‍ക്രീറ്റ് റോഡുകളും അവയോട് ചേർന്ന് കവചിതമായ ഓടകളും നിര്‍മ്മിക്കും.
137വീടുകളുടെ നവീകരണവും 62 വീടുകളുടെ നിര്‍മ്മാണവും ലൈഫ് മിഷന്റെ ഭാഗമായി ഏറ്റെടുക്കുന്നതോടൊപ്പം വീടുകളില്‍ സോളാര്‍ സംവിധാനം ഏര്‍പ്പെടുത്തുക വഴി കോളനികളില്‍ വൈദ്യുതി ചാര്‍ജ്ജ് മൂലമുണ്ടാകുന്ന സാമ്പത്തിക ബുദ്ധിമുട്ട് ഒഴിവാക്കാന്‍ കഴിയും. വിദ്യാര്‍ത്ഥികള്‍ക്ക് പഠനമുറികള്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഒരുക്കും. പട്ടയം ലഭ്യമാകാനുള്ള അര്‍ഹരായ കുടുംബങ്ങള്‍ക്ക് പട്ടയം ലഭ്യമാക്കും. പി.എസ്.സി. ഉള്‍പ്പെടെയുള്ള പൊതുപരീക്ഷകള്‍ക്കുള്ള മികച്ച പരിശീലനം ലഭ്യമാക്കുവാനും വേണ്ട സംവിധാനം ഈ പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നുള്ള ചികിത്സാ ധനസഹായവും മറ്റ് വിദ്യാഭ്യാസ സഹായവും ലഭ്യമാക്കും എന്നിവ ഉള്‍പ്പെടുന്ന വിശദമായ വികസനരേഖ മന്ത്രി ജി.ആര്‍.അനില്‍ പുറത്തിറക്കി.
ചടങ്ങില്‍ അണ്ടൂര്‍ക്കോണം പഞ്ചായത്ത് പ്രസിഡന്റ് ഹരികുമാര്‍, തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി കണ്‍വീനര്‍ ജലീല്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഉനൈസാ അന്‍സാരി, ബ്ലോക്ക് മെമ്പർ ഷിബില ഷക്കീർ വൈസ് പ്രസിഡന്റ് മാജിതാ ബീവി, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ മണി ,റഫീക്ക്, സോമന്‍ ,സിതാര, ഹസീന, എന്നിവരും വിവിധ രാഷ്ട്രീയ പാര്‍ട്ടിനേതാക്കളും യോഗത്തില്‍ സന്നിഹിതരായിരുന്നു.

Related Articles

Back to top button