KeralaLatest

‘വേഗ’ എസി ബോട്ട് വൈക്കത്തു നിന്നും എറണാകുളത്തേക്കു മാറ്റി

“Manju”

വൈക്കം ; ജലഗതാഗത വകുപ്പിന്റെ വേഗഎസി ബോട്ട് വൈക്കത്തു നിന്നും എറണാകുളത്തേക്കു മാറ്റി. വൈക്കത്തു നിന്നും കായല്‍ മാര്‍ഗം എറണാകുളത്തേക്ക് സര്‍വീസ് നടത്തിയിരുന്ന ബോട്ട് കോവിഡ് എത്തിയതോടെ സര്‍വീസ് താത്കാലികമായി നിര്‍ത്തിയിരുന്നു.

എല്ലാ മേഖലയിലും ഇളവുകള്‍ അനുവദിച്ചിട്ടും വേഗയ്ക്കു മാത്രം ഇവിടെ ഇളവ് ലഭിച്ചില്ല. എത്രയും പെട്ടെന്നു സര്‍വീസ് പുനരാരംഭിക്കുമെന്നു പ്രതീക്ഷയോടെ കാത്തിരുന്നു യാത്രക്കാരും മടുത്തു. ഇതിനിടെയാണ് കഴിഞ്ഞ ദിവസം വേഗ ബോട്ട് വൈക്കത്തു നിന്നും എറണാകുളത്ത് സര്‍വീസ് നടത്തുന്നതിനായി അധികൃതര്‍ കൊണ്ടുപോയത്. 2018 നവംബര്‍ നാലിനാണ് വൈക്കത്തു നിന്നും എറണാകുളത്തേക്ക് സര്‍വീസ് ആരംഭിച്ചത്.

വൈക്കത്തു നിന്ന് രാവിലെ 7.30ന് എറണാകുളത്തേക്ക് പുറപ്പെട്ടിരുന്ന വേഗ, 1.45മണിക്കൂര്‍ കൊണ്ടാണ് എറണാകുളം എത്തിയിരുന്നത്. പിന്നീട് കൊച്ചി കമാല്‍ കടവില്‍ 20 മിനിട്ട് ഇടവേളയില്‍ സര്‍വീസ് നടത്തിയ ശേഷം വൈകിട്ട് 5.30ന് തിരിച്ച്‌ വൈക്കത്തേക്ക് എത്തുമായിരുന്നു. എറണാകുളത്ത് ജോലി ചെയ്യുന്നവര്‍ക്കും, സാധനങ്ങള്‍ വാങ്ങാനായി പോകുന്ന ചെറുകിട വ്യാപാരികള്‍ക്കും ഈ ബോട്ട് സര്‍വീസ് വളരെയധികം പ്രയോജനകരമായിരുന്നു. ഗതാഗത തിരക്കോ, കുലുക്കമോ ഇല്ലാതെ യാത്ര ചെയ്യാമായിരുന്നു. കോവിഡ് രൂക്ഷമായപ്പോള്‍ വൈക്കം –തവണക്കടവ് ബോട്ട് സര്‍വീസ് നിലച്ചതോടെയാണ് വേഗയും സര്‍വീസ് നിര്‍ത്തി വച്ചത്.

വേഗയുടെ സര്‍വീസ് പുനരാരംഭിക്കണമെന്ന ആവശ്യം ഉയരുന്നതിനിടെയാണ് കഴിഞ്ഞ ദിവസം ബോട്ട് എറണാകുളത്തേക്ക് ലോക്കല്‍ സര്‍വീസിനായി കൊണ്ടുപോയത്. വേഗ വൈക്കത്തേക്ക് തിരികെ കൊണ്ടുവരണമെന്നും, വൈക്കം – എറണാകുളം ബോട്ട് സര്‍വീസ് പുനരാരംഭിക്കണമെന്നും വൈക്കം നഗരസഭയും, യാത്രക്കാരും ഒരുപോലെ ആവശ്യപ്പെട്ടു. കെഎസ്‌ആര്‍ടിസി ബസുകള്‍ നഷ്ടമായപോലെ വേഗയും വൈക്കത്തിനു നഷ്ടമാകുമോ എന്ന ആശങ്കയിലാണ് പ്രദേശത്തെ നാട്ടുകാര്‍.

Related Articles

Back to top button