IndiaInternationalLatest

ജമ്മുവില്‍ വീണ്ടും പാക്‌ ഭീകരരുടെ തുരങ്കം കണ്ടെത്തി

“Manju”

ജമ്മു: പാകിസ്‌താനില്‍നിന്നു ഭീകരരെ ജമ്മു കശ്‌മീരിലേക്കു കടത്താന്‍ നിര്‍മിച്ച 150 മീറ്റര്‍ നീളമുള്ള തുരങ്കം അതിര്‍ത്തിരക്ഷാസേന (ബി.എസ്‌.എഫ്‌) കണ്ടെത്തി. ജമ്മുവിലെ കത്വാ ജില്ലയില്‍ രാജ്യാന്തര അതിര്‍ത്തിയോടു ചേര്‍ന്ന്‌ ഹിരാനഗര്‍ മേഖലയിലാണു തുരങ്കം.
കത്വ, സാംബ ജില്ലകളിലായി കഴിഞ്ഞ ആറുമാസത്തിനിടെ ബി.എസ്‌.എഫ്‌. കണ്ടെത്തുന്ന മൂന്നാമത്തെ തുരങ്കമാണിത്‌. 10 വര്‍ഷത്തിനിടെ കണ്ടെത്തുന്ന ഒന്‍പതാമത്തെയും. തുരങ്കം അവസാനിക്കുന്നതു പാകിസ്‌താനിലെ ഷാക്കിര്‍ഗാഹിലാണെന്നു ബി.എസ്‌.എഫ്‌. വ്യക്‌തമാക്കി. പാക്‌ ഭീകരതാവളങ്ങള്‍ക്കു കുപ്രസിദ്ധമാണു ഷാക്കിര്‍ഗാഹ്‌.
തുരങ്കങ്ങളിലൂടെ ഭീകരരുടെ നുഴഞ്ഞുകയറ്റസാധ്യതയെപ്പറ്റി ഉപഗ്രഹചിത്രങ്ങളുടെ അടിസ്‌ഥാനത്തില്‍ അമേരിക്കയും ബി.എസ്‌.എഫിനു മുന്നറിയിപ്പ്‌ നല്‍കിയിരുന്നു. പാക്‌ മുദ്രയുള്ള മണല്‍ച്ചാക്കുകള്‍ തുരങ്കനിര്‍മാണത്തിന്‌ ഉപയോഗിച്ചിട്ടുണ്ട്‌. തുരങ്കത്തിന്റെ കാലപ്പഴക്കത്തെക്കുറിച്ച്‌ അന്വേഷണം നടന്നുവരുന്നു.
എന്നാല്‍, സമീപകാലത്തെങ്ങും ഈ തുരങ്കത്തിലൂടെ ഭീകരര്‍ എത്തിയിട്ടില്ലെന്നു ബി.എസ്‌.എഫ്‌. പറയുന്നു. അതേസമയം, ഹിരാനഗറിലെ ഗുര്‍നാമിനു സമീപം പാക്‌ സൈന്യം പ്രകോപനം കൂടാതെ ഇന്ത്യന്‍ ഗ്രാമങ്ങള്‍ക്കും സൈനിക പോസ്‌റ്റുകള്‍ക്കും നേരേ വെടിയുതിര്‍ത്തു. ഇന്ത്യന്‍ സൈന്യം തിരിച്ചടിച്ചതിനേത്തുടര്‍ന്ന്‌, കഴിഞ്ഞ ചൊവ്വാഴ്‌ച രാവിലെ 10-ന്‌ ആരംഭിച്ച ഏറ്റുമുട്ടല്‍ ഉച്ചകഴിഞ്ഞ്‌ 2.25 വരെ നീണ്ടുനിന്നു.

Related Articles

Back to top button