KeralaLatest

പരവൂരിലെ വിസ്മയയുടെ മരണം, സഹോദരി പിടിയില്‍

“Manju”

പറവൂരില്‍ വിസ്മയ എന്ന യുവതിയെ തീകൊളുത്തി കൊലപ്പെടുത്തിയ സഹോദരി ജിത്തുവിനെ അഭയകേന്ദ്രത്തിലാക്കിയത് പൊലീസ്.
ബുധനാഴ്ച അര്‍ധരാത്രി എറണാകുളം മേനകയ്ക്ക് സമീപം അലഞ്ഞുനടന്നിരുന്ന ജിത്തു താന്‍ ലക്ഷദ്വീപ് സ്വദേശിനിയാണെന്ന് പിങ്ക് പൊലീസിനോട് പറഞ്ഞു. ഇതേതുടര്‍ന്നാണ് ജിത്തുവിനെ പൊലീസ് അഭയകേന്ദ്രത്തിലാക്കിയത്.
തെരുവോരം മുരുകന്‍ നടത്തുന്ന കാക്കനാട്ടെ ‘തെരുവു വെളിച്ചം’ അഭയകേന്ദ്രത്തില്‍ പുലര്‍ച്ചെ ഒന്നരയോടെ പൊലീസ് ജിത്തുവിനെ എത്തിച്ചു. പരസ്പരവിരുദ്ധമായി സംസാരിച്ച ഇവര്‍ വീടുവിട്ടിറങ്ങിയ ഏതോ പെണ്‍കുട്ടിയാണെന്ന് പൊലീസ് കരുതി. രാവിലെ ലക്ഷദ്വീപ് പൊലീസ് അഭയകേന്ദ്രത്തിലെത്തിയെങ്കിലും ഇവര്‍ക്ക് ആളെ തിരിച്ചറിയാനായില്ല. മണിക്കൂറുകള്‍ക്ക് ശേഷം അഭയകേന്ദ്രത്തിലുള്ളത് കൊലപാതകക്കേസില്‍ തങ്ങള്‍ അന്വേഷിക്കുന്നയാളാണെന്ന് പൊലീസിനു മനസ്സിലായി. പിന്നീട് പറവൂര്‍ പൊലീസ് തെരുവോരം മുരുകനെ ഫോണില്‍ വിളിച്ച്‌ കാര്യങ്ങള്‍ അന്വേഷിച്ചു. ജിത്തുവിനെ പുറത്തുവിടരുതെന്നും സുരക്ഷിതയായിരിക്കണമെന്നും മുരുകനെ ചട്ടം കെട്ടിയ പൊലീസ് കാക്കനാട്ടേക്ക് തിരിച്ചു. തന്നെ ആണ്‍സുഹൃത്തിനൊപ്പം വിട്ടയക്കണമെന്ന് ജിത്തു പലതവണ ആവശ്യപ്പെട്ടെങ്കിലും മുരുകനും സഹപ്രവര്‍ത്തകരും തന്ത്രപരമായി ജിത്തുവിനെ അഭയകേന്ദ്രത്തില്‍ തന്നെ നിര്‍ത്തി. ഇതിനിടെ സമീപത്തെ ഫ്ലാറ്റിലുള്ള വീട്ടമ്മ അന്തേവാസികള്‍ക്കായി പായസം കൊണ്ടുവന്നു. ഇത് കുടിച്ചുകൊണ്ടിരിക്കെ പൊലീസ് എത്തുകയായിരുന്നു.
വിസ്മയയെ താന്‍ കൊലപ്പെടുത്തിയതാണെന്ന് ജിത്തു മൊഴി നല്‍കിയിരുന്നു. വഴക്കില്‍ നിന്നുണ്ടായ പ്രകോപനമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. കുത്തിക്കൊലപ്പെടുത്തിയ ശേഷം മണ്ണെണ്ണയൊഴിച്ച്‌ കത്തിച്ചു. കൊലപാതകവുമായി ബന്ധപ്പെട്ട് തനിക്ക് മറ്റാരുടെയും സഹായം ലഭിച്ചിട്ടില്ല എന്നും പ്രാഥമിക ചോദ്യം ചെയ്യലില്‍ ജിത്തു വെളിപ്പെടുത്തിയതായി പൊലീസ് പറഞ്ഞു.
ഈ മാസം 28നായിരുന്നു സംഭവം. പറവൂര്‍ പെരുവാരം സ്വദേശി ശിവാനന്ദന്റെ വീട്ടില്‍ നിന്ന് തീയും പുകയും ഉയരുന്ന കണ്ട അയല്‍വാസികളാണ് പൊലീസിനെയും ഫയര്‍ഫോഴ്‌സിനെയും അറിയിച്ചത്. സംഭവം നടക്കുമ്ബോള്‍ വിസ്മയയും സഹോദരി ജിത്തുവും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. പൊലീസെത്തുന്നതിന് മുന്‍പേ ജിത്തുവിനെ കാണാതാവുകയും ചെയ്തിരുന്നു.
പെട്ടെന്ന് പ്രകോപിതയാവുന്ന പ്രകൃതമാണ് ജിത്തുവിനുള്ളത്. അതുകൊണ്ട് തന്നെ ഇവരുടെ കൈകള്‍ ബന്ധിച്ച ശേഷമാണ് മാതാപിതാക്കള്‍ പുറത്തുപോയത്. വിസ്മയയാണ് കെട്ടഴിച്ച്‌ ജിത്തുവിനെ സ്വതന്ത്രയാക്കിയത്. തുടര്‍ന്ന് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായപ്പോള്‍ ജിത്തു കത്തിയെടുത്ത് വിസ്മയയെ കുത്തി. കുഴഞ്ഞ് നിലത്തുവീണ വിസ്മയ മരിച്ചെന്ന് കരുതിയ ജിത്തു മണ്ണെണ്ണയൊഴിച്ച്‌ വിസ്മയയെ തീകൊളുത്തിയ ശേഷം പിന്‍വാതില്‍ വഴി പുറത്തേക്ക് പോവുകയായിരുന്നു.

Related Articles

Back to top button