India

ഡിജിറ്റൽ പണമിടപാടിൽ പുതുചരിത്രം രചിച്ച് രാജ്യം

“Manju”

ന്യൂഡൽഹി: വർഷാവസാനം യുപിഐ ഇടപാടിൽ റെക്കോർഡ് വർധന. നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ(എൻപിസിഐ) കണക്ക് അനുസരിച്ച് ഈ മാസത്തിൽ 456 കോടി ഇടപാടുകളിൽ നിന്നായി എട്ട് ലക്ഷം കോടിയിലധികം രൂപയുടെ യുപിഐ ഇടപാട് നടന്നു. ഈ വർഷം ആകെ യുപിഐ ഇടപാടുകൾ 3,874 കോടിയിലെത്തി. 2020ലെ 1,887 കോടിയുമായി താരതമ്യപ്പെടുത്തുബോൾ ഇടപാടുകൾ 105 ശതമാനം വർധിച്ചു. ഈ വർഷം ആകെ ഇടപാടുകളുടെ മൂല്യം 71.46 ലക്ഷം കോടി രൂപയാണ്. മുൻ വർഷത്തെ 31 ലക്ഷം കോടിയെ അപേക്ഷിച്ച് 130 ശതമാനത്തിലധികം വർധനവുണ്ടായി.

2021ൽ കൊറോണ വൈറസിന്റെ രണ്ടാം തരംഗത്തിൽ ഉപഭോക്താക്കൾ കൂടുതൽ ഡിജിറ്റൽ ഇടപാടുകളെ ആശ്രയിച്ചു. ഇത് യുപിഐ ഉപയോഗത്തിൽ അസാധാരണമായ വർദ്ധനവിന് കാരണമായതായി കണക്ക്കൂട്ടുന്നു. 2016ൽ യുപിഐ ആരംഭിച്ചത് മുതൽ പ്രതിമാസ ഇടപാടുകളുടെ മൂല്യം മൂന്ന് ലക്ഷം കോടി രൂപ മറികടക്കാൻ നാല് വർഷമെടുത്തു.

ഡിജിറ്റൽ ഇടപാടുകളുടെ എണ്ണം വർദ്ധിക്കുന്നതിനാൽ യുപിഐയുടെ വളർച്ച തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഗവേഷണ സ്ഥാപനമായ ജെഫരീസിന്റെ കണക്കുകൾ പ്രകാരം 2022 സാമ്പത്തിക വർഷത്തിൽ ഇന്ത്യയിൽ 2.16 ട്രില്യൺ ഡോളർ മൂല്യമുള്ള ഡിജിറ്റൽ പേയ്മെന്റുകൾ നടക്കും. അതിന്റെ 50 ശതമാനത്തോളം യുപിഐ ഇടപാടായിരിക്കും. ഇമ്മീഡിയറ്റ് പേയ്മെന്റ് സേവനം (ഐഎംപിഎസ്) 25 ശതമാനവും പ്രതീക്ഷിക്കുന്നു.

യുപിഐ, റുപേ, ഭാരത് ബിൽ പേ തുടങ്ങിയവ കൈകാര്യം ചെയ്യുന്ന എൻപിസിഐ, അടുത്ത രണ്ടോ മൂന്നോ വർഷത്തിനുള്ളിൽ പ്രതിദിനം 1 ബില്യൺ യുപിഐ ഇടപാടുകളാണ് ലക്ഷ്യമിടുന്നത്. ക്രെഡിറ്റ്, ബൈ നൗ പേ ലേറ്റർ (ബിഎൻപിഎൽ) ഇടപാടുകൾക്കായി യുപിഐ ഉപയോഗിക്കുന്നതിലും ഇത് പ്രവർത്തിക്കുന്നതായി പറയപ്പെടുന്നു. ബിഎൻപിഎൽ മോഡലിലൂടെ ചെറിയ ടിക്കറ്റ് ക്രെഡിറ്റ് ആക്സസ് ചെയ്യുന്ന ഉപഭോക്താക്കളുടെ വൻ വർധനയോടെ, യുപിഐ ഉപയോഗം കൂടുതൽ വർധിപ്പിക്കാൻ ഇതിന് കഴിയും. 2022 യുപിഐക്ക് പ്രധാനമാണ്. 2021 നവംബർ വരെ എൻപിസിഐയുടെ വെബ്സൈറ്റിൽ ലഭ്യമായ ഏറ്റവും പുതിയ ആപ്പ് അടിസ്ഥാനത്തിലുള്ള ഡാറ്റ പ്രകാരം ഫോൺേപ ആകെ ഇടപാടുകളിൽ 45 ശതമാനം വിപണി സ്വന്തമാക്കി. ഗൂഗിൾപേ 35 ശതമാനവും പേടിയെം പേയ്മെന്റ് ബാങ്ക് 15 ശതമാനവും നേടി.

വാട്ട്സ്ആപ്പ് അതിന്റെ ഉപഭോക്തൃ അടിത്തറ വിപുലീകരിക്കുകയും ഉപഭോക്തൃ ഏറ്റെടുക്കൽ വർദ്ധിപ്പിക്കുകയും ചെയ്യുന്നതോടെ വിപണി വിഹിതത്തിൽ മാറ്റമുണ്ടായേക്കാം. നിലവിൽ മെറ്റയുടെ ഉടമസ്ഥതയിലുള്ള വാട്ട്സ്ആപ്പിന് ഡിജിറ്റൽ ഇടപാടിൽ വലിയ സ്വാധീനം നേടാനായില്ല. എൻപിസിഐ അതിന്റെ ഉപയോക്തൃ പരിധി 40 ദശലക്ഷമായി ഉയർത്തിയിട്ടുണ്ട്. ഘട്ടം ഘട്ടമായി പരിധിയിൽ ഇളവ് വരുത്തിയേക്കാം.

Related Articles

Back to top button