KasaragodKeralaLatest

ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി ഇറക്കിയ അരിയും കടലയും ഏറ്റെടുക്കാന്‍ ആരുമില്ല; ജില്ലാ ഗോഡൗണുകളില്‍ കെട്ടികിടക്കുന്നു

“Manju”

സിന്ധുമോള്‍ ആര്‍

കാസര്‍കോട്: സംസ്ഥാന തൊഴില്‍ വകുപ്പും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും ഇതര സംസ്ഥാന തൊഴിലാളികളുടെ കൃത്യമായ പട്ടികയില്ലാത്തതിനാല്‍ തന്നെ അവര്‍ക്കായി അനുവദിച്ച ഭക്ഷ്യധാന്യങ്ങള്‍ അര്‍ഹരുടെ കൈയ്യിലെത്താതെ പാഴാകുന്നു. ലോക് ഡൗണിനെ തുടര്‍ന്ന് ബുദ്ധിമുട്ടിലായ ഇതര സംസ്ഥാനത്തൊഴിലാളികള്‍ക്കായി ഇറക്കിയ 60 ലോഡ് (602 ടണ്‍) അരിയും ഏഴ് ലോഡ് (70 ടണ്‍) കടലയും കാസര്‍കോട് ജില്ലയിലെ ഗോഡൗണുകളില്‍ കെട്ടിക്കിടക്കുന്നു.

കോവിഡിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ ആത്മനിര്‍ഭര്‍ഭാരത് പദ്ധതിയുടെ ഭാഗമായി ജൂണ്‍ ആദ്യം ഇറക്കിയ ലോഡാണ് ഏറ്റെടുക്കാനാരുമില്ലാതെ കിടക്കുന്നത്. ജോലി ഇല്ലാതായതിനാല്‍ ജില്ലയില്‍ നിന്ന് 11,437 ഇതര സംസ്ഥാനത്തൊഴിലാളികളാണ് മേയ്, ജൂണ്‍ മാസങ്ങളില്‍ പ്രത്യേക തീവണ്ടിയില്‍ നാടുപിടിച്ചത്.

കണക്കില്‍പെടാത്ത കുറേ പേര്‍ റോഡുവഴി വാഹനങ്ങളിലും നടന്നും നാട്ടിലെത്തിയിട്ടുണ്ട്. നൂറുകണക്കിന് ഇതര സംസ്ഥാനത്തൊഴിലാളികള്‍ ഇപ്പോഴും ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഉണ്ടെങ്കിലും അവരൊന്നും ഒരു വകുപ്പിനു കീഴിലും രജിസ്റ്റര്‍ ചെയ്തിട്ടില്ല. ഇത്തരക്കാരെ കണ്ടെത്തി അരിയും കടലയും നല്‍കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സിവില്‍ സപ്ലൈസ് വകുപ്പ് കത്തയച്ചിട്ട് ആഴ്ചകളായി.

അതിഥിത്തൊഴിലാളികളുടെ പട്ടിക തയ്യാറാക്കാനാകാതെ തദ്ദേശസ്വയംഭരണ വകുപ്പും തൊഴില്‍ വകുപ്പും വിയര്‍ക്കുമ്ബോള്‍ ഗോഡൗണില്‍ പഴകല്‍ ഭീഷണിയിലാണ് അവര്‍ക്കുള്ള അന്നം. ഒരാള്‍ക്ക് 10 കിലോഗ്രാം അരിയും ഒരു കിലോഗ്രാം കടലയും നല്‍കാനാണ് ലക്ഷ്യമിട്ടിരുന്നത്. ഇതര സംസ്ഥാനത്തൊഴിലാളികളെ കണ്ടെത്താന്‍ കഴിയാത്തതിനാല്‍ അരിയും കടലയും വകമാറ്റി ചെലവഴിക്കണമെങ്കില്‍ സര്‍ക്കാര്‍ തലത്തില്‍ തീരുമാനമുണ്ടാകണമെന്നാണ് അധികൃതര്‍ പറയുന്നത്.

Related Articles

Back to top button