IndiaLatest

സമൂഹവിരുദ്ധ വീഡിയോ ;യുട്യൂബിന് നിരോധനം ഏര്‍പ്പെടുത്തരുതോയെന്ന് ഹൈക്കോടതി

“Manju”

ചെന്നൈ: സമൂഹവിരുദ്ധ വീഡിയോകളുടെ പേരില്‍ യുട്യൂബിന് നിരോധനം ഏര്‍പ്പെടുത്തരുതോയെന്ന് മദ്രാസ് ഹൈക്കോടതി. നാടന്‍തോക്ക് നിര്‍മ്മിക്കുന്നത്, കൊള്ള നടത്തുന്നത് തുടങ്ങി ഒട്ടേറെ കുറ്റകൃത്യങ്ങള്‍ക്ക് സഹായിക്കുന്ന വീഡിയോകള്‍ യുട്യൂബില്‍ ലഭ്യമാണെന്നും ഇവ കണ്ട് കുറ്റംചെയ്യുമ്പോള്‍ യുട്യൂബും പ്രതിസ്ഥാനത്താകുമെന്നും ജസ്റ്റിസ് ബി. പുകഴേന്തി അഭിപ്രായപ്പെടുകയും ചെയ്തു.

യുട്യൂബില്‍ ഇത്തരം വീഡിയോകള്‍ പ്രത്യക്ഷപ്പെടുന്നത് തടയുന്നതിന് സ്വീകരിച്ച നടപടികളും ഇനി ചെയ്യാന്‍സാധിക്കുന്ന കാര്യങ്ങളും വിശദീകരിച്ച്‌ മറുപടി നല്‍കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടു. മുഖ്യമന്ത്രി സ്റ്റാലിനെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള വീഡിയോ പോസ്റ്റുചെയ്ത യുട്യൂബറായ സട്ടൈ ദുരൈമുരുകന് അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുമ്പോഴാണ് യുട്യൂബിലെ സമൂഹവിരുദ്ധ വീഡിയോകള്‍ സംബന്ധിച്ച്‌ കോടതിയുടെ പരാമര്‍ശങ്ങള്‍.

വിദേശ കമ്പനിയായ യുട്യൂബിനെതിരേ നടപടിയെടുക്കാന്‍ നിയമമില്ലേയെന്ന് ചോദിച്ച കോടതി കുറ്റകൃത്യങ്ങള്‍ക്ക് സഹായമാകുന്ന വീഡിയോകള്‍ തുടര്‍ന്നാല്‍ നിരോധനം ഏര്‍പ്പെടുത്തരുതോയെന്നും ആരായുകയായിരുന്നു. ചാരായം വാറ്റുന്നതടക്കമുള്ള വീഡിയോകള്‍ എങ്ങനെയാണ് തടയാന്‍ സാധിക്കുകയെന്നും എല്ലാത്തരം വീഡിയോകളും യുട്യൂബ് അനുവദിക്കുമോയെന്നും കോടതി ചോദിക്കുകയും ചെയ്തു.

Related Articles

Back to top button