KeralaLatest

കാര്‍ഷിക മേഖലയില്‍ സമഗ്ര മുന്നേറ്റമുണ്ടാകും: കെ.സുരേന്ദ്രന്‍

“Manju”

 

എസ് സേതുനാഥ് മലയാലപ്പുഴ

തിരുവനന്തപുരം: നരേന്ദ്രമോദി സര്‍ക്കാര്‍ കര്‍ഷകര്‍ക്കും സാധാരണ ജനവിഭാഗങ്ങള്‍ക്കുമൊപ്പമാണെന്ന് വ്യക്തമാക്കുന്ന പദ്ധതികളാണ് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. രണ്ടാം സാമ്പത്തിക പാക്കേജിന്റെ മൂന്നാംഘട്ട പ്രഖ്യാപനങ്ങളില്‍ കൃഷി അനുബന്ധമേഖലകളില്‍ വന്‍മുന്നേറ്റമുണ്ടാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും സുരേന്ദ്രന്‍ പ്രസ്താവനയില്‍ പറഞ്ഞു.
കാര്‍ഷികോത്പന്നങ്ങള്‍ക്ക് മെച്ചപ്പെട്ട വില ലഭിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ നിയമം കൊണ്ടുവരികയാണ്. പുതിയ നിയമം നിലവില്‍ വന്നതോടെ സംസ്ഥാനാന്തര കച്ചവടം കര്‍ഷകര്‍ക്ക് സാധ്യമാകും. ഔഷധ കൃഷിക്ക് 4000 കോടി രൂപ നീക്കിവച്ചിരിക്കുന്നത് കേരളത്തിന് പ്രയോജനപ്പെടുത്താനാകും. മൃഗസംരക്ഷണ മേഖലയില്‍ ശക്തമായ ഇടപെടലാണ് കേന്ദ്രസര്‍ക്കാര്‍ നടത്തിയിരിക്കുന്നത്. 13,343 കോടി രൂപയാണ് മൃഗസംരക്ഷണ മേഖലയില്‍ രോഗനിയന്ത്രണത്തിനുമാത്രമായി നീക്കിവച്ചിരിക്കുന്നത്. ക്ഷീരമേഖലയിലെ ഇടപെടല്‍ കേരളത്തിലും വലിതോതില്‍ പ്രയോജനകരമാകും. ക്ഷീരോത്പാദന അടിസ്ഥാന വികസനത്തിന് 15000 കോടിയാണ് നല്‍കുന്നത്. ക്ഷീര സഹകരണ സംഘങ്ങള്‍ക്ക് 5000 കോടി നല്‍കുന്നത് രണ്ട് കോടി കര്‍ഷകര്‍ക്ക് പ്രയോജനം ലഭിക്കും. രണ്ടു ശതമാനം പലിശയ്ക്കാണ് വായ്പ നല്‍കുന്നത്. മത്സ്യകൃഷി മേഖലയില്‍ 55 ലക്ഷം പേര്‍ക്ക് തൊഴില്‍ ലഭിക്കുന്ന പദ്ധതിക്കാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിട്ടിരിക്കുന്നത്. പ്രധാനമന്ത്രി മത്സ്യബന്ധന യോജന പദ്ധതിക്കായി 20,000 കോടിരൂപ വകയിരുത്തിയിട്ടുണ്ട്. മത്സ്യോത്പാദനം 70 ലക്ഷം ടണ്‍ ആയാണ് ഉയര്‍ത്തുന്നത്.
ഭക്ഷ്യ സംസ്‌കരണം നടത്തുന്ന മൈക്രോ യൂണിറ്റുകള്‍ക്ക് സഹായം നല്‍കാനുള്ള പദ്ധതിയും കേരളത്തിന് വളരെയധികം പ്രയോജനപ്പെടുത്താനാവുന്നതാണ്. ഇന്ത്യയിലെ കര്‍ഷകര്‍ക്കായി പതിനൊന്ന് ഉത്തോജന പദ്ധതികളാണ് കേന്ദ്ര ധനമന്ത്രി ഇന്ന് പ്രഖ്യാപിച്ചത്. കോറോണ പ്രതിസന്ധിക്കാലത്ത് മാന്ദ്യത്തിലായ കാര്‍ഷിക മേഖലയ്ക്ക് ഉത്തേജനം നല്‍കുന്ന സമഗ്രപാക്കേജാണ് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്. മത്സ്യകര്‍ഷകര്‍, ക്ഷീര കര്‍ഷകര്‍, ധാന്യവിള കര്‍ഷകര്‍, ഔഷധസസ്യ കര്‍ഷകര്‍ തുടങ്ങി എല്ലാതരം കര്‍ഷകവിഭാഗങ്ങള്‍ക്കും സഹായം പ്രപഖ്യാപിച്ചുകൊണ്ടുള്ള പദ്ധതികളാണ് നടപ്പിലാക്കുന്നത്. രാജ്യത്തെ പാവപ്പെട്ടവര്‍ക്ക് ജീവിത സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുതകുന്നതരത്തിലാണ് പദ്ധതികളുടെ ആവിഷ്‌കരണം. ഈ മേഖലകളിലെല്ലാം കേരളത്തിന് നേട്ടമുണ്ടാക്കാന്‍ കഴിയും. കേരളത്തിന് വേണ്ടവിധത്തില്‍ ഈ പദ്ധതികളെ പ്രയോജനപ്പെടുത്താന്‍ കഴിയണമെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.

Related Articles

Back to top button