IndiaInternationalLatest

ശാസ്ത്രജ്ഞന്റെ കൊലപാതകം, നിര്‍മ്മിത ബുദ്ധി ഉപയോഗിച്ച് നടത്തിയത്- ഇറാന്‍

“Manju”

ടെഹ്റാന്‍: ഇറാന്‍ ആണവ ശാസ്ത്രജ്ഞനായ മൊഹ്സിന്‍ ഫഖ്‌രിസാദെയുടെ കൊലപാതകത്തിന്റെ‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. നിര്‍മിത ബുദ്ധി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന സാറ്റലൈറ്റ് കണ്‍ട്രോള്‍ മെഷീന്‍ ഗണ്‍ ഉപയോഗിച്ചാണ് ഇറാന്റെ ആണവ പദ്ധതികളുടെ പിതാവെന്ന് അറിയപ്പെടുന്ന ഫഖ്‌രിസാദെയെ കൊലപ്പെടുത്തിയതെന്ന് റെവല്യൂഷിനറി ഗാര്‍ഡ് ഡെപ്യൂട്ടി കമാന്‍ഡര്‍ പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു.

നവംബര്‍ 27 ന് ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാന് പുറത്ത് ദേശീയപാതയില്‍ കാവല്‍ക്കാരുടെ സുരക്ഷയില്‍ സഞ്ചരിക്കവേയാണ് മൊഹ്സിന്‍ ഫഖ്‌രിസാദെ ആക്രമിക്കപ്പെട്ടത്. ഫഖ്‌രിസാദെയുടെ മുഖത്തേക്ക് മെഷീന്‍ഗണ്‍ സൂം ചെയ്ത് 13 റൗണ്ട് വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് റിയര്‍ അഡ്മിറല്‍ അലി ഫഡവി പറഞ്ഞു. ഒരു നിസ്സാന്‍ പിക്കപ്പ് വാനില്‍ മെഷീന്‍ ഗണ്‍ സ്ഥാപിക്കുകയും ഫഖ്‌രിസാദെയുടെ മുഖം മാത്രം ഫോക്കസ് ചെയ്യുകയുമായിരുന്നുവെന്ന് അലി ഫഡവി വാര്‍ത്താ ഏജന്‍സിയോടുപറഞ്ഞു. 25 സെന്റിമീറ്റര്‍ മാത്രം അകലെയായി അദ്ദേഹത്തിന്റെ ഭാര്യയുണ്ടായിരുന്നെങ്കിലും അവര്‍ക്ക് നേരെ വെടിയുതിര്‍ത്തില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉപഗ്രഹം വഴി ഓണ്‍ലൈനായാണ് മെഷീന്‍ ഗണ്‍ നിയന്ത്രിച്ചതെന്നും നൂതന ക്യാമറയും നിര്‍മിത ബുദ്ധിയും ഉപയോഗിച്ചുവെന്നും അദ്ദേഹം വെളിപ്പെടുത്തി. രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ഫഖ്രിസാദെയുടെ സുരക്ഷാ ഉദ്യോഗസ്ഥന് നാലു വട്ടം വെടിയേറ്റതായും അലി ഫഡവി പറഞ്ഞു.

Related Articles

Back to top button