KozhikodeLatest

അസിസ്റ്റന്റ് പ്രൊഫസർ നിയമനം; വിശദീകരണം തേടി ഹൈക്കോടതി

“Manju”

കോഴിക്കോട്: അസിസ്റ്റന്റ് പ്രൊഫസർ നിയമനത്തിൽ കാലിക്കറ്റ് സർവ്വകലാശാലയോട് വിശദീകരണം തേടി ഹൈക്കോടതി. അധ്യാപക നിയമനത്തിൽ ക്രമക്കേടാരോപിച്ച് സിൻഡിക്കേറ്റംഗം സമർപ്പിച്ച ഹർജിയിലാണ് തീരുമാനം. അടുത്ത മാസം നാലാം തീയതി നിലപാട് അറിയിക്കണമെന്നാണ് സർവകലാശാലയോട് കോടതി നിർദ്ദേശിച്ചിരിക്കുന്നത്.

യു.ജി.സി മാർഗ നിർദ്ദേശങ്ങളും സംവരണ ചട്ടങ്ങളും അട്ടിമറിച്ച് നിയമനം നടത്തുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് സിൻഡിക്കേറ്റംഗം ഡോ.റഷീദ് അഹമ്മദ് ഹൈക്കോടതിയെ സമീപിച്ചത്. സർവ്വകലാശാലയിലെ വിവിധ ഡിപ്പാർട്ട്‌മെന്റുകളിലെ അധ്യാപക നിയമനത്തിനെതിരെ നിരവധി പരാതികൾ ഉയർന്നിരുന്നു.

ജനുവരി 30 ന് നടന്ന സിൻഡിക്കേറ്റ് യോഗത്തിലാണ് കാലിക്കറ്റ് സർവ്വകലാശാലയിലെ 16 പഠന വകുപ്പുകളിൽ 43 ഉദ്യോഗാർത്ഥികളുടെ നിയമനം അംഗീകരിച്ചത്. ഇതിന് പിന്നാലെ നിയമനത്തിൽ അപാകത ഉണ്ടെന്നാരോപിച്ച് സിൻഡിക്കേറ്റ് അംഗം ഗവർണറെ സമീപിച്ചു. നിയമന വിജ്ഞാപനം ഇറങ്ങുന്നതിന് മുൻപ് തന്നെ ഭിന്നശേഷി, ജാതി എന്നിവ അടക്കമുള്ള സംവരണ സീറ്റുകൾ ഏതെന്ന് നിർണയിക്കണമെന്ന യുജിസി ചട്ടം കാലിക്കറ്റ് സർവ്വകലാശാലയിൽ പാലിച്ചിട്ടില്ലെന്നാണ് പരാതിയിൽ ആരോപിക്കുന്നത്.

നിയമനം നടന്നിട്ടും റാങ്ക് ലിസ്റ്റ് പരിശോധിക്കാത്തതിലെ ദുരൂഹതയെ കുറിച്ചും പരാതിയിൽ വ്യക്തമാക്കുന്നു. ഇഷ്ടക്കാരെ തിരുകി കേറ്റാനുള്ള ശ്രമത്തിന്റെ ഭാഗമായാണിതെന്നും ഹർജിയിൽ പറയുന്നു.

Related Articles

Back to top button