Kerala

ലോകായുക്ത ഭേദഗതി;ഗവർണ്ണർ വിശദീകരണം തേടി

“Manju”

തിരുവനന്തപുരം: ലോകായുക്ത ഭേദഗതി വിഷയത്തിൽ സർക്കാരിനോട് ഗവർണർ വിശദീകരണം തേടി. പ്രതിപക്ഷത്തിന്റെയും വിവിധ ജനപ്രതിനിധികളുടേയും പരാതിയുടെ അടിസ്ഥാനത്തിലാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സർക്കാറിന്റെ വിശദീകരണം തേടിയത്.

നിയമ ഭേദഗതിയിൽ ഒപ്പിടരുതെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം ഗവർണറെ സമീപിച്ചിരുന്നു.ഓർഡിനൻസ് ഭരണഘടന വിരുദ്ധമാണെന്ന പരാതിയിലും രാഷ്‌ട്രപതിയുടെ അനുമതി വേണമെന്നതിലും തുടങ്ങിയ രണ്ട് കാര്യങ്ങളിലാവും പ്രധാനമായും സർക്കാർ വിശദീകരണം നൽകേണ്ടി വരിക.
ഓർഡിനൻസ് വിവാദമായ സാഹചര്യത്തിൽ സർക്കാരിന്റെ വിശദീകരണം പ്രധാനമാവും.

2020 ഡിസംബറിൽ ആണ് ലോകായുക്ത ഭേദഗതി ചർച്ചകൾ ആരംഭിച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നാണ് ഭേദഗതി ആഭ്യന്തര വകുപ്പിനോട് നിർദ്ദേശിച്ചത്. ആഭ്യന്തര വകുപ്പ് ഈ ഫയൽ നിയമ വകുപ്പിന് കൈമാറുകയായിരുന്നു. മുഖ്യമന്ത്രിക്കും മന്ത്രി ആർ ബിന്ദുവിനും എതിരായ പരാതി ലോകായുക്തയിൽ നിലനിൽക്കേയാണ് സർക്കാരിന്റെ ഈ നീക്കം.

ലോകയുക്ത വിധി സർക്കാരിന് തള്ളാൻ അധികാരം നൽകുന്നതാണ് പുതിയ ഭേദഗതി. ലോകായുക്ത ജഡ്ജിയുടെ യോഗ്യതയും ഇളവ് ചെയ്യാനാണ് നീക്കം. സുപ്രീം കോടതിയിൽ ജഡ്ജി ആയിരുന്ന വ്യക്തിയോ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന വ്യക്തിയോ ആണ് ലോകായുക്ത ആയിരുന്നത്

ഈ പദവി ഇളവ് ചെയ്തു. പുതിയ ഭേദഗതി പ്രകാരം ഹൈക്കോടതി ജഡ്ജിയായിരുന്ന വ്യക്തിക്ക് ലോകായുക്തയാകാം. ഹൈക്കോടതിയിലെ നിലവിലുള്ള ജഡ്ജിക്ക് ഉപലോകായുക്തയാകാമെന്ന വ്യവസ്ഥയും മാറ്റി. ഭേദഗതി അംഗീകരിച്ചാൽ വിരമിച്ച ഹൈക്കോടതി ജഡ്ജിമാർക്ക് മാത്രമാകും ഇനി ഉപലോകായുക്ത ആകാൻ കഴിയുക. ഓർഡിനൻസ് ഇപ്പോൾ ഗവർണറുടെ പരിഗണനയിലാണ്. ഓർഡിനൻസ് ഗവർണർ അംഗീകരിച്ചാൽ ലോകായുക്ത പിന്നെ പേരിന് വേണ്ടി മാത്രമാകും.

Related Articles

Back to top button