Thiruvananthapuram

നെയ്യാര്‍ ഷട്ടില്‍ സര്‍വ്വീസുകള്‍ വരുന്നു

“Manju”

നെയ്യാറ്റിന്‍കര: ദേശീയപാതയിലെ യാത്രാക്ലേശം പൂര്‍ണ്ണമായി പരിഹരിക്കാനും യാത്രക്കാര്‍ക്ക് കുറഞ്ഞ ചെലവില്‍ സുഖയാത്ര നല്കാനുമായി പുത്തന്‍ മാറ്റങ്ങള്‍ക്കായി കെ.എസ്.ആര്‍.ടി.സി പദ്ധതി വരുന്നു. നെയ്യാറ്റിന്‍കര ഡിപ്പോയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് 5 നെയ്യാര്‍ ഷട്ടില്‍ സര്‍വ്വീസുകളാണ് ആരംഭിക്കുന്നത്. സര്‍വ്വീസുകളുടെ യാത്ര ഫെബ്രുവരി 2ന് രാവിലെ എട്ട് മണിക്ക് കെ.ആന്‍സലന്‍ എം.എല്‍.എ ഫ്‌ലാഗ് ഓഫ് നിര്‍വ്വഹിക്കും. നെയ്യാറ്റിന്‍കര മുതല്‍ പള്ളിച്ചല്‍ വരെയുള്ള യാത്രക്കാരെയാണ് നെയ്യാര്‍ സര്‍വ്വീസുകള്‍ പ്രധാനമായും ലക്ഷ്യമിടുന്നത്. പളളിച്ചലില്‍ നിന്ന് യഥേഷ്ടം സിറ്റി സര്‍ക്കുലറുകള്‍ നഗരത്തിലേക്ക് ക്രമീകരിച്ചിട്ടുണ്ട്.

വരും നാളുകളില്‍ രാവിലെയും വൈകിട്ടും ആവശ്യമനുസരിച്ച്‌ നോണ്‍ സ്റ്റോപ്പ് സര്‍വീസുകളും ക്രമീകരിക്കാനും നെയ്യാര്‍ ഷട്ടില്‍ സര്‍വ്വീസുകളില്‍ ടിക്കറ്റ് എടുക്കുന്ന ഘട്ടത്തില്‍ തന്നെ മടക്കയാത്രാ ടിക്കറ്റുകളും വിതരണം ചെയ്യാനും കെ.എസ്.ആര്‍.ടി.സി ആലോചിക്കുന്നു. ഇതില്‍ കണ്‍സഷന്‍ ടിക്കറ്റുകളും സ്റ്റാഫ് പാസുകളും അനുവദനീയമല്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. ഭാവിയില്‍ യാത്രക്കാരുടെ ആവശ്യാനുസരണം നെയ്യാര്‍ ഷട്ടിലുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാനും പദ്ധതിയിലുണ്ട്.

നീല പെയിന്റ് ചെയ്ത് പ്രത്യേകം ക്രമീകരിച്ച നോണ്‍ എ.സി ലോ ഫ്ലോര്‍ ബസുകളിലെ യാത്രയ്ക്ക് സാധാരണ നിരക്ക് മാത്രമാണ് കെ.എസ്.ആര്‍.ടി.സി ഈടാക്കുന്നത്. രാവിലെ 6 മുതല്‍ വൈകിട്ട് 7 വരെ തുടര്‍ച്ചയായി നെയ്യാറ്റിന്‍കരയില്‍ നിന്ന് കിഴക്കേകോട്ട വഴി തമ്പാനൂരിലേക്കും, തിരിച്ച്‌ കരമന വഴി നെയ്യാറ്റിന്‍കരയിലേക്കും സര്‍വ്വീസുകള്‍ ഉണ്ടായിരിക്കുന്നതാണ്. വയോജനങ്ങള്‍, ഗര്‍ഭിണികള്‍ എന്നിവര്‍ക്ക് ബസിലേക്ക് കയറാനും ഇറങ്ങാനും കഴിയുംവിധം ബസിലേക്കുള്ള പ്രവേശന കവാടങ്ങളും ക്രമീകരിച്ചിട്ടുണ്ട്.

യാത്രക്കാര്‍ക്കായി ബസില്‍ കാര്‍ഡുകളും ഏര്‍പ്പെടുത്തും. കാര്‍ഡ് യാത്രയിലൂടെ ഉപഭോക്താവിന് പണം ലാഭിക്കാനും പണരഹിത ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കാനുമാണ് ഇപ്രകാരം കെ.എസ്.ആര്‍.ടി.സി ലക്ഷ്യമിടുന്നത്. നെയ്യാര്‍ ഷട്ടില്‍ ബസുകളിലെ യാത്രക്കാര്‍ക്ക് സ്റ്റാച്യു, പാളയം, പി.എം.ജി, പട്ടം, മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളിലേക്ക് പോകാനായി ബസില്‍ നിന്ന് തന്നെ ടിക്കറ്റ് എടുക്കാനാകും. ഈ ടിക്കറ്റ് ഉപയോഗിച്ച്‌ തമ്പാനൂരില്‍ നിന്നോ, കിഴക്കേകോട്ടയില്‍ നിന്നോ സിറ്റി സര്‍ക്കുലറിലോ മറ്റ് ബസുകളിലോ തുടര്‍ യാത്ര ചെയ്യാനും സാധിക്കും.

സംസ്ഥാനത്ത് ആദ്യമായാണ് ബോണ്ട് സര്‍വ്വീസും ജില്ലയില്‍ ആദ്യമായി ടൂറിസം പാക്കേജ് സ്‌പെഷ്യല്‍ സര്‍വ്വീസും ആരംഭിച്ച നെയ്യാറ്റിന്‍കര ഡിപ്പോയിലെ യാത്രക്കാരുടെ മികച്ച പ്രതികരണവും സര്‍വ്വീസുകളുടെ വിജയവുമാണ് നഗരപരിധിയില്‍ നിന്ന് മാറി ഷട്ടില്‍ സര്‍വ്വീസുകള്‍ നെയ്യാറ്റിന്‍കരയില്‍ നിന്ന് ആരംഭിക്കാന്‍ കെ.എസ്.ആര്‍.ടി.സിക്ക് പ്രചോദനമേകിയത്.

Related Articles

Back to top button