നാവിക ഗതാഗതം സംരക്ഷിക്കണം -കിരീടാവകാശി
മനാമ: കിരീടാവകാശിയും ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്മാന് ബിന്‍ ഹമദ് ആല് ഖലീഫയും മേജര്‍ ഷെയ്ഖ് ഈസ ബിന്‍ സല്മാന് ബിന്‍ ഹമദ് അല്‍ ഖലീഫയും അമേരിക്കയുടെ അഞ്ചാം കപ്പല്‍ ആസ്ഥാനം സന്ദര്‍ശിച്ചു.
ബഹ്റൈനും അമേരിക്കയും തമ്മിലുള്ള തന്ത്രപരമായ ബന്ധത്തിന്റെ ശക്തി സന്ദര്‍ശനത്തില്‍ എടുത്തുപറഞ്ഞു. സൈനിക, പ്രതിരോധ ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുള്ള ബഹ്റൈന്റെ പ്രതിബദ്ധത ചൂണ്ടിക്കാട്ടി. ആഗോള വ്യാപാരത്തെ പ്രതികൂലമായി ബാധിക്കുന്ന ഭീഷണികളില്‍നിന്ന് അന്താരാഷ്ട്ര നാവിക ഗതാഗതത്തെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം കിരീടാവകാശി ഊന്നിപ്പറഞ്ഞു. ഇക്കാര്യത്തില്‍ യു.എസിന്റെ പങ്കിന് അദ്ദേഹം നന്ദി പറഞ്ഞു. വിവിധ വെല്ലുവിളികളെ അഭിമുഖീകരിക്കാനുള്ള സന്നദ്ധത ഉറപ്പുവരുത്തുന്നതിനും പ്രാദേശികവും അന്തര്‍ദേശീയവുമായ നാവിഗേഷനും സമുദ്ര വ്യാപാരവും സംരക്ഷിക്കുന്നതിനും സംയുക്ത അഭ്യാസങ്ങള്‍ നിര്‍ണായകമാണെന്ന് അദ്ദേഹം പറഞ്ഞു.