IndiaLatest

വിദേശത്ത് ഇന്റേണ്‍ഷിപ്പ് മുടങ്ങിയവര്‍ക്ക് ഇന്ത്യയില്‍ പരിശീലനം പൂര്‍ത്തിയാക്കാം

“Manju”

ഡല്‍ഹി: യുദ്ധം, കൊവിഡ് തുടങ്ങിയ സാഹചര്യങ്ങളാല്‍ ഇന്റേണ്‍ഷിപ്പ് പൂര്‍ത്തിയാക്കാന്‍ കഴിയാത്ത വിദേശ മെഡിക്കല്‍ ബിരുദധാരികള്‍ക്ക് ഇന്ത്യയില്‍ തന്നെ പരിശീലനം പൂര്‍ത്തിയാക്കാം. ഇതു സംബന്ധിച്ച സര്‍ക്കുലര്‍ ദേശീയ മെഡിക്കല്‍ കമ്മീഷന്‍ പുറപ്പെടുവിച്ചു. റഷ്യന്‍ ആക്രമണത്താല്‍ കോഴ്സുകള്‍ പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടിവന്ന യുക്രെയിനിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇത് വളരെയധികം ആശ്വാസകരമാണ്.

നാഷണല്‍ ബോര്‍ഡ് ഒഫ് എക്സാമിനേഷന്‍ നടത്തുന്ന ഫോറിന്‍ മെഡിക്കല്‍ ഗ്രാജ്വേറ്റ് എക്സാമിനേഷന്‍(എഫ്‌എംജിഇ) പാസായെങ്കില്‍ ഇന്റേണ്‍ഷിപ്പ് പൂര്‍ത്തിയാക്കുന്നതിനുള്ള അപേക്ഷ സംസ്ഥാന മെഡിക്കല്‍ കൗണ്‍സിലുകള്‍ക്ക് അയക്കാമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാഭ്യാസ റെഗുലേറ്ററി ബോഡി അറിയിച്ചു. യുദ്ധം, കൊവിഡ് തുടങ്ങിയ സാഹചര്യങ്ങളാല്‍ ഇന്റേണ്‍ഷിപ്പ് പൂര്‍ത്തിയാക്കാന്‍ കഴിയാത്ത വിദേശ മെഡിക്കല്‍ ബിരുദധാരികള്‍ക്ക് ഇത് പ്രയോജനപ്പെടുത്താമെന്നും എന്‍എംസി പറഞ്ഞു.

ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ എഫ്‌എംജിഇ പാസായിട്ടുണ്ടെന്ന് സംസ്ഥാന മെഡിക്കല്‍ കൗണ്‍സിലുകള്‍ ഉറപ്പാക്കണം. ശേഷം 12 മാസത്തെ ഇന്റേണ്‍ഷിപ്പ് അല്ലെങ്കില്‍ ബാക്കിയുള്ള കാലയളവ് അനുവദിക്കാം എന്നും സര്‍ക്കുലറില്‍ പറയുന്നുഇന്റേണ്‍ഷിപ്പ് പൂര്‍ത്തിയാക്കുന്നതിന് വിദ്യാര്‍ത്ഥികളില്‍ നിന്നും ഫീസ് ഈടാക്കുന്നില്ല എന്ന് ഉറപ്പു വരുത്തണമെന്നും എന്‍എംസി സംസ്ഥാന മെഡിക്കല്‍ കൗണ്‍സിലുകളോട് ആവശ്യപ്പെട്ടു. സ്റ്റൈപ്പന്റും മറ്റ് സൗകര്യങ്ങളും നിശ്ചയിച്ച പ്രകാരം ഇന്റേണ്‍ഷിപ്പ് ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കണമെന്നും സര്‍ക്കുലറില്‍ പറയുന്നു.

Related Articles

Back to top button