LatestThiruvananthapuram

ഇന്‍ഡെക്സ്പോ 2022 വിപണന മേളയ്ക്കു തുടക്കമായി

“Manju”

തിരുവനന്തപുരം ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഇന്‍ഡെക്സ്പോ 2022 പ്രദര്‍ശന വിപണന മേളയ്ക്കു തുടക്കമായി. സൂക്ഷ്മ – ചെറുകിട – വ്യവസായ മേഖലയിലെ സംരംഭങ്ങളുടെ വിപണന ശൃംഘല മെച്ചപ്പെടുത്തുന്നതിനു സര്‍ക്കാര്‍ ശ്രമം നടത്തുകയാണെന്നും ഇതിന്റെ ഭാഗമായാണു വ്യവസായ മേളകള്‍ സംഘടിപ്പിക്കുന്നതെന്നും ഉദ്ഘാടന പ്രസംഗത്തില്‍ മന്ത്രി പറഞ്ഞു.

സാധാരണ രീതിയിലുള്ള വിപണന സംവിധാനങ്ങള്‍ക്കൊപ്പം ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളും ഉപയോഗിക്കും. വരുന്ന സാമ്പത്തിക വര്‍ഷം സംസ്ഥാനത്ത് ഒരു ലക്ഷം സംരഭങ്ങള്‍ ആരംഭിക്കുകയാണു സര്‍ക്കാരിന്റെ ലക്ഷ്യം. 2022 – 23 വര്‍ഷം സംരംഭക വര്‍ഷമായി ആഘോഷിക്കുന്നതിനു ബജറ്റില്‍ പണം വകയിരുത്തിയിട്ടുണ്ട്. കുറഞ്ഞ പലിശ നിരക്കില്‍ വായ്പ ലഭ്യമാക്കുക, ചെറിയ ക്ലസ്റ്റര്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുക, വിപണന സംവിധാനങ്ങള്‍ കാര്യക്ഷമമായി ഒരുക്കിയെടുക്കുക തുടങ്ങി ബഹുമുഖ പരിപാടികളാണ് ഇതിലൂടെ വിഭാവനം ചെയ്യുന്നത്.പദ്ധതി നടത്തിപ്പിനായി വ്യവസായ വകുപ്പിനെ പുനഃക്രമീകരിക്കുമെന്നു മന്ത്രി പറഞ്ഞു.

വകുപ്പിന്റെ താലൂക്ക് ഓഫിസുകള്‍ ഫെസിലിറ്റേഷന്‍ സെന്ററുകളായി മാറും. ഒരു പഞ്ചായത്തില്‍ ഒരു ഇന്റേണ്‍ എന്ന നിലയില്‍ 1150 ചെറുപ്പക്കാരെ തെരഞ്ഞെടുക്കുന്ന പ്രക്രിയ ആരംഭിച്ചുകഴിഞ്ഞു. എല്ലാ വകുപ്പുകളേയും പദ്ധതിയുമായി സഹകരിപ്പിക്കും. തദ്ദേശ സ്വയംഭരണം, സഹകരണം, കൃഷി, മൃഗസംരക്ഷണം, ടൂറിസം വകുപ്പുകള്‍ക്ക് ഇക്കാര്യത്തില്‍ വലിയ പിന്തുണ നല്‍കാന്‍ കഴിയും. ഓരോ വീട്ടിലും ഒരു സംരംഭമെന്ന പ്രോത്സാഹന പദ്ധതിയും വിഭാവനം ചെയ്തിട്ടുണ്ടെന്നു മന്ത്രി പറഞ്ഞു.

മാര്‍ച്ച്‌ 19 വരെ മഹാത്മാ അയ്യങ്കാളി ഹാളിലാണു വിപണന മേള നടക്കുന്നത്. രാവിലെ 11 മുതല്‍ രാത്രി എട്ടു വരെ മേള സന്ദര്‍ശിച്ച്‌ ഉത്പന്നങ്ങള്‍ വാങ്ങാം. ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ എസ്. അജിത്, അഡിഷണല്‍ ഡയറക്ടര്‍ കെ. സുധീര്‍, ഉപജില്ലാ വ്യവസായ ഓഫിസര്‍ എം. ചന്ദ്രബാബു തുടങ്ങിയവരും ഉദ്ഘാട ചടങ്ങില്‍ പങ്കെടുത്തു.

Related Articles

Back to top button