Uncategorized

വിദ്യാഭ്യാസമേഖലയിലെ സമൂലമാറ്റത്തിനായി മൂന്ന് കമ്മീഷനുകള്‍

“Manju”

കോഴിക്കോട്: വിദ്യാഭ്യാസമേഖലയിലെ സമൂലമാറ്റത്തിനായി മൂന്നു കമ്മീഷനുകളെ സര്‍ക്കാര്‍ നിയമിച്ചു കഴിഞ്ഞതായി ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ.ആര്‍. ബിന്ദു പറഞ്ഞു. റൂസ പദ്ധതിയുടെ ഭാഗമായി കോഴിക്കോട് ഫാറൂഖ് കോളേജില്‍ നിര്‍മിച്ച അഡ്വാന്‍സ്ഡ് സയന്‍സ് റിസര്‍ച്ച്‌ ലബോറട്ടറി കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

എല്ലാ തലങ്ങളിലുമുള്ള മാറ്റങ്ങള്‍ നിര്‍ദേശിക്കുന്നതിനു വേണ്ടിയുള്ള ജനറല്‍ കമ്മിറ്റി, പരീക്ഷാ സന്ദര്‍ഭത്തില്‍ കുട്ടികള്‍ അനുഭവിക്കുന്ന മാനസിക സംഘര്‍ഷങ്ങള്‍ ലഘൂകരിക്കുന്നതിന് പരീക്ഷാപരിഷ്‌കരണ കമ്മിറ്റി, കാലഹരണപ്പെട്ട നിയമങ്ങള്‍ പരിഷ്‌കരിക്കുന്നതിന് നിയമ പരിഷ്‌കരണ കമ്മിറ്റി എന്നീ കമ്മീഷനുകളെയാണ് നിലവില്‍ നിയോഗിച്ചിട്ടുള്ളത്. ഇവയൊക്കെയും ഇടക്കാല റിപ്പോര്‍ട്ട് തയ്യാറാക്കി സമര്‍പ്പിച്ചു കഴിഞ്ഞു. പൊതുവിദ്യാഭ്യാസ മേഖലയില്‍ ആര്‍ജ്ജിച്ച പുരോഗതിയുടെ തുടര്‍ച്ചയാണ് ഉന്നതവിദ്യാഭ്യാസ മേഖലയില്‍ ഇനിയുണ്ടാകേണ്ടത് എന്ന ചിന്തയോടെ പ്രവര്‍ത്തിക്കുന്ന സര്‍ക്കാരാണ് ഇവിടെയുള്ളത്. നവവൈജ്ഞാനികസമൂഹം സാക്ഷാത്കരിക്കുക എന്ന വലിയ ഉത്തരവാദിത്വം നവകേരളനിര്‍മിതിയുടെ ഏറ്റവും പ്രധാനപ്പെട്ട ചുവടുകളിലൊന്നാണ്. മനുഷ്യമസ്തിഷ്‌കത്തേക്കാള്‍ പ്രധാന്യം മനുഷ്യനിര്‍മിത മസ്തിഷ്‌കത്തിനുള്ള കാലത്താണ് നാം ജീവിക്കുന്നത്.ഡിജിറ്റല്‍ ലോകം അത്രമേല്‍ നമ്മെ കീഴ്‌പ്പെടുത്തിയിരിക്കുന്നു. അതു കൊണ്ടു തന്നെ നമ്മുടെ വിദ്യാഭ്യാസ രീതികളിലും മാറ്റം വരുത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ഇതിന്റെ ഭാഗമായാണ് കിഫ്ബി, റൂസ (രാഷ്ട്രീയ ഉച്ചതാര്‍ ശിക്ഷ അഭിയാന്‍), സംസ്ഥാന സര്‍ക്കാറിന്റെ പ്ലാന്‍ ഫണ്ട് എന്നിവ ഉപയോഗിച്ച്‌ വലിയ രീതിയിലുള്ള അടിസ്ഥാനസൗകര്യ വിപുലീകരണങ്ങള്‍ നടന്നു കൊണ്ടിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

റൂസയുടെ ഭാഗമായി രണ്ടു ഘട്ടങ്ങളിലായി 568 കോടി രൂപ ചെലവഴിച്ച്‌ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നു കൊണ്ടിരിക്കുകയാണ്. ഇതില്‍ 227.2 കോടി രൂപ സംസ്ഥാന സര്‍ക്കാരിന്റെ വിഹിതമാണ്. നിലവില്‍ പല പ്രവര്‍ത്തനങ്ങളും പൂര്‍ത്തീകരിക്കുകയും ചെയ്തു. മൊത്തം 158 പ്രൊജക്ടുകള്‍ ഇതിന്റെ ഭാഗമായി അംഗീകരിക്കപ്പെട്ടു കഴിഞ്ഞു. ഇതില്‍ ഇന്നത്തേതുള്‍പ്പെടെ 29 പ്രോജക്ടുകള്‍ നിര്‍മാണം പൂര്‍ത്തീകരിച്ച്‌ ഉദ്ഘാടനം ചെയ്യപ്പെട്ടു കഴിഞ്ഞു.പുതിയ ലബോറട്ടറി മാറ്റങ്ങള്‍ക്ക് വിത്ത് വിതയ്ക്കുന്ന ഒന്നായിത്തീരേണ്ടതുണ്ട്. സര്‍ക്കാര്‍ ആദ്യമായാണ് ഗവണ്‍മെന്റ് സ്ഥാപനങ്ങള്‍ക്കല്ലാതെ എയ്ഡഡ് സ്ഥാപനങ്ങള്‍ക്ക് ഇത്രയും വലിയ ധനസഹായങ്ങള്‍ നല്‍കുന്നത് എന്നതും ഈ പദ്ധതിയുടെ പ്രത്യേകതയാണ്. പ്രശസ്തമായ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെ സവിശേഷ പരിഗണനയോടെ സര്‍ക്കാര്‍ കണക്കിലെടുക്കുക തന്നെ ചെയ്യും.

കലാലയങ്ങളിലെ ഏറ്റവും വലിയ ഗുണഭോക്താക്കള്‍ വിദ്യാര്‍ഥികളാണെന്ന് നാം മനസ്സിലാക്കണം. സാമ്പ്രദായിക പഠനരീതികളില്‍ നിന്നും അവരെ മാറിച്ചിന്തിപ്പിക്കാന്‍ നമുക്കു കഴിയണം. അഭിരുചിക്കനുസരിച്ച്‌ ജോലി സാധ്യതയുള്ള വിഷയങ്ങള്‍ മനസ്സിലാക്കി പഠിച്ച്‌ തൊഴില്‍ കണ്ടെത്തുന്നവരായി നമ്മുടെ കുട്ടികളെ നാം മാറ്റിയെടുക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. മികച്ച സംരംഭകരും നമ്മുടെ വിദ്യാര്‍ത്ഥികള്‍ക്കിടയിലുണ്ട്. അതിനായി കുട്ടികളെ തയ്യാറാക്കേണ്ടതും നമ്മുടെ ഉത്തരവാദിത്വമാണ്.ഗവേഷണമേഖലയിലേക്ക് പോകാന്‍ ആഗ്രഹമുള്ള കുട്ടികള്‍ക്ക് മാനസികമായും സാമ്പത്തികമായും പിന്തുണ നല്‍കാനും സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി നവകേരള പോസ്റ്റ് ഡോക്ടറല്‍ ഫെല്ലോഷിപ്പുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. 500 പ്രതിഭാശാലികളായ കുട്ടികള്‍ക്ക് പ്രതിമാസം ഒരു ലക്ഷം വീതം ലഭിക്കുന്ന ഫെല്ലോഷിപ്പുകള്‍ ലഭ്യമാക്കുന്നതിന്റെ പ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തിലാണ്. മുഖ്യമന്ത്രിയുടെ പ്രതിഭാ പുരസ്‌കാരവും ഇത്തരം കുട്ടികള്‍ക്ക് പ്രോത്സാഹനമാകുന്ന ഒന്നാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

ഫാറൂഖ് കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പൊതുമരാമത്ത് ടൂറിസം വകുപ്പു മന്ത്രി അഡ്വ. പി.എ. മുഹമ്മദ് റിയാസ് അധ്യക്ഷത വഹിച്ചു. കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി കൂടിയായ അദ്ദേഹം വിദ്യാര്‍ത്ഥികള്‍ക്ക് ആശംസകള്‍ നേര്‍ന്നു. ഉന്നതവിദ്യാഭ്യാസ മേഖലയിലെ പുരോഗതിക്ക് ഊര്‍ജം നല്‍കി വൈവിധ്യമാര്‍ന്ന പദ്ധതികളാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഗവേഷണപദ്ധതികള്‍ക്ക് വേഗത കൂട്ടാന്‍ പുതിയ ലബോറട്ടറി ഉപകരിക്കും. ഫാറൂഖ് കോളേജിന് ചുറ്റുമുള്ള സ്ഥാപനങ്ങള്‍ക്ക് ഉപകരിക്കുന്ന രീതിയില്‍ ലബോറട്ടറിയെ മാറ്റാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

എം.കെ. രാഘവന്‍ എം.പി. മുഖ്യാതിഥിയായിരുന്നു. രാമനാട്ടുകര മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സുരേഷ്, റൂസയുടെ സംസ്ഥാന നോഡല്‍ ഓഫീസര്‍ ജഗന്‍ സെബാസ്റ്റ്യന്‍ ജോര്‍ജ്, ഫാറൂഖ് കോളേജ് മാനേജര്‍ സി.പി. കുഞ്ഞുമുഹുമ്മദ്, ഫാറൂഖ് കോളേജ് മാനേജിംഗ് കമ്മിറ്റി പ്രസിഡന്റ് പി.കെ. അഹമ്മദ്, സെക്രട്ടറി കെ.വി. മുഹമ്മദ് കോയ, വൈസ് പ്രസിഡന്റ് കെ. കുഞ്ഞലവി, ട്രഷറര്‍ എന്‍.കെ. മുഹമ്മദ് അലി, ജോയിന്റ് സെക്രട്ടറി ഡോ. അലി ഫൈസര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഫാറൂഖ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. കെ.എം. നസീര്‍ സ്വാഗതവും ഡയറക്ടര്‍ ഡോ. എസ്.വി അബ്ദുല്‍ ഹമീദ് നന്ദിയും പറഞ്ഞു.

Related Articles

Back to top button