KeralaLatestPathanamthitta

കുംഭമാസ പൂജകൾക്കായി ശബരിമല നട തുറന്നു

“Manju”

സന്നിധാനം: കുംഭമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു. വൈകുന്നേരം 5 മണിക്കാണ് നട തുറന്നത്. ക്ഷേത്രതന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യകാർമ്മികത്വത്തിൽ ക്ഷേത്ര മേൽശാന്തി വി.കെ.ജയരാജ് പോറ്റി ക്ഷേത്ര ശ്രീകോവിൽ നട തുറന്ന് വിളക്കുകൾ തെളിയിച്ചു. തുടർന്ന് ഉപദേവതാ ക്ഷേത്ര നടകളും തുറന്നു. ശേഷം പതിനെട്ടാംപടിക്ക് മുന്നിലായുള്ള ആഴിയിൽ മേൽശാന്തി അഗ്നി പകർന്നു.

ഇന്ന് പൂജകൾ ഒന്നും തന്നെ ഉണ്ടാവില്ല. കുംഭ മാസം ഒന്നായ നാളെ പുലർച്ചെ 5 മണിക്ക് ക്ഷേത്ര നട തുറക്കും. തുടർന്ന് നിർമ്മാല്യ ദർശനവും അഭിഷേകവും നടക്കും. വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്ത് ടിക്കറ്റ് ലഭിച്ച അയ്യപ്പഭക്തർക്ക് മാത്രമെ കുംഭമാസ പൂജാദിനങ്ങളിൽ ശബരിമലയിലേക്ക് പ്രവേശനം അനുവദിക്കുകയുള്ളൂ. ദിവസവും 5000 ഭക്തർക്ക് വീതമാണ് പ്രവേശനാനുമതി.

48 മണിക്കൂറിനുള്ളിൽ നടത്തിയ കൊറോണ ആർടിപിസിആർ/ ആർടി ലാമ്പ് /എക്സ്പേർട്സ് നാറ്റ് പരിശോധനാ നെഗറ്റീവ് സർട്ടിഫിക്കറ്റ് ദർശനത്തിനെത്തുന്ന അയ്യപ്പഭക്തർ നിർബന്ധമായും കയ്യിൽ കരുതണം. വെർച്വൽ ക്യൂ വഴി പാസ് ലഭിക്കാത്ത ആരെയും ദർശനത്തിനായി കടത്തിവിടില്ല. പമ്പ, നിലയ്ക്കൽ, സന്നിധാനം എന്നിവിടങ്ങളിൽ ഭക്തർക്ക് താമസ സൗകര്യം ഉണ്ടാവില്ല. കുംഭമാസ പൂജകൾ പൂർത്തിയാക്കി ശബരിമല നട ഫെബ്രുവരി 17ന് രാത്രി ഹരിവരാസനം പാടി അടയ്ക്കും.

Related Articles

Back to top button