LatestThiruvananthapuram

റേഷന്‍ കടയില്‍ സാധനങ്ങള്‍ വാങ്ങാന്‍ അരലക്ഷം പേര്‍

“Manju”

തിരുവനന്തപുരം ; പൊതു പണിമുടക്കിന് സര്‍ക്കാര്‍ അനുകൂല സാഹചര്യം ഒരുക്കിയിട്ടും ആദ്യദിനമായ തിങ്കളാഴ്ച അര ലക്ഷത്തിലേറെ പേര്‍ റേഷന്‍കടകളില്‍ സാധനങ്ങള്‍ വാങ്ങാന്‍ എത്തി. ഏഴായിരത്തോളം റേഷന്‍ കടകള്‍ പ്രവര്‍ത്തിച്ചതായാണ് അനൗദ്യോഗിക കണക്ക്.

പണിമുടക്കില്‍ പങ്കെടുക്കാത്ത റേഷന്‍ വ്യാപാരികളുടെ പ്രധാന സംഘടനകളിലെ അംഗങ്ങള്‍ കടകള്‍ തുറന്നതോടെയാണു സംസ്ഥാനത്തെ പകുതിയോളം കടകള്‍ പ്രവര്‍ത്തിച്ചത്. ഇവയില്‍ നിന്നായി 59,691 കാര്‍ഡ് ഉടമകളാണു റേഷന്‍ വാങ്ങിയത്. ഇതോടെ 92.19 ലക്ഷം കാര്‍ഡ് ഉടമകളില്‍ 60.28 ലക്ഷം പേര്‍ (65.38%) ഈ മാസം ഇതുവരെ റേഷന്‍ വിഹിതം കൈപ്പറ്റി.

പണിമുടക്കു മൂലം കടകള്‍ തുറക്കാന്‍ കഴിയാത്ത സാഹചര്യം ഉണ്ടാകുമെന്നതു പരിഗണിച്ച്‌ ഞായറാഴ്ച പ്രവൃത്തിദിനമാക്കിയപ്പോള്‍ 2.47 ലക്ഷം പേര്‍ റേഷന്‍ വാങ്ങിയിരുന്നു. പതിനാലായിരത്തോളം കടകളില്‍ രണ്ടായിരത്തില്‍പ്പരം കടകള്‍ റേഷന്‍ വ്യാപാരികളുടെ രണ്ടു സംഘടനകള്‍ പ്രഖ്യാപിച്ച സമരം കാരണം തുറന്നില്ല. പ്രവര്‍ത്തിക്കാത്ത കടകളുടെ വിവരം ശേഖരിക്കുന്നതായി മന്ത്രി ജി.ആര്‍.അനില്‍ അറിയിച്ചിരുന്നു.

ജില്ലാ സപ്ലൈ ഓഫിസര്‍മാര്‍ വഴി ബുധനാഴ്ചയോടെ കണക്കു ലഭിക്കും. തുടര്‍ന്ന് ഇവയ്ക്കു കാരണം കാണിക്കല്‍ നോട്ടിസ് നല്‍കുമെന്നാണു സൂചന. ഞായറാഴ്ച റേഷന്‍ വിതരണത്തിന്റെ കണക്കും തുറന്ന കടകളുടെ എണ്ണവും മറ്റും പത്രക്കുറിപ്പായി നല്‍കിയ പൊതുവിതരണ വകുപ്പ്, പണിമുടക്കിന്റെ ആദ്യദിനമായ തിങ്കളാഴ്ച എത്ര കടകള്‍ തുറന്നുവെന്ന വിവരം വെളിപ്പെടുത്തിയില്ല. ഔദ്യോഗിക വെബ്സൈറ്റ് സംവിധാനത്തിലെ കണക്കുകള്‍ പരിശോധിച്ചാണ് വിവരങ്ങള്‍ ലഭ്യമായത്.

പണിമുടക്കിനു മുന്നോടിയായി കടകള്‍ ഞായറാഴ്ച തുറക്കുമെന്നു മന്ത്രി പ്രഖ്യാപിച്ചതിനു പിന്നാലെയാണു ഓള്‍ കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷനും കേരള സ്റ്റേറ്റ് റീട്ടെയില്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷനും എതിര്‍പ്പുമായി രംഗത്തുവന്നത്. പണിമുടക്ക് ദിവസങ്ങളില്‍ കട തുറക്കാന്‍ സര്‍ക്കാര്‍ സഹായിക്കണമെന്നും ഞായറാഴ്ച പ്രവൃത്തിദിനമാക്കുന്നത് അംഗീകരിക്കാനാവില്ല എന്നുമായിരുന്നു സംഘടനകളുടെ നിലപാട്.

പണിമുടക്കു കാരണം കടകള്‍ അടച്ചിടേണ്ട സാഹചര്യം ഉണ്ടാകുന്നതു പരിഗണിച്ച്‌ ഞായറാഴ്ച റേഷന്‍ കടകള്‍ തുറക്കാന്‍ പൊതുവിതരണ വകുപ്പ് ഉത്തരവിറക്കിയതു വിവാദമായി. പണിമുടക്കിന് അനുകൂല സാഹചര്യം സര്‍ക്കാര്‍തന്നെ സൃഷ്ടിച്ചുവെന്ന വിമര്‍ശനങ്ങളാണ് ഉയരുന്നത്. മാസത്തിന്റെ അവസാന ആഴ്ചയിലാണു പൊതുവെ റേഷന്‍ സാധനങ്ങള്‍ വാങ്ങാന്‍ കടകളില്‍ തിരക്ക് വര്‍ധിക്കുക. മാസാദ്യംതന്നെ കടകളില്‍ സാധനങ്ങള്‍ എത്തിക്കാന്‍ വൈകുന്നതാണ് ഇതിനു കാരണം. ഈ മാസവും ഇതാണു സ്ഥിതി.

Related Articles

Back to top button