KeralaLatest

ഗുരുവിന്റെ ജന്മഗൃഹം ലോകതീർത്ഥാടന കേന്ദ്രമാകും – സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി

“Manju”

ചന്ദിരൂർ : നവജ്യോതി ശ്രീകരുണാകരഗുരുവിന്റെ ജന്മം കൊണ്ട് പവിത്രമായ ചന്ദിരൂരിൽ ഉയരാൻ പോകുന്ന ജന്മഗൃഹ സമുച്ചയം ലോകത്തിന്റെ തീർത്ഥാടന കേന്ദ്രമാകുമെന്ന് ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി പറഞ്ഞു. ശാന്തിഗിരി ആശ്രമത്തിലെ ഇരുപത്തിമൂന്നാമത് നവഒലി ജ്യോതിർദിനത്തിന്റെ ആഘോഷപരിപാടികളോടനുബന്ധിച്ച് ജന്മഗൃഹത്തിൽ നടന്ന ഏകദിന സത്സംഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സ്വാമി. തൊട്ടടുത്ത് ജീവിച്ചിട്ടും ലോകത്തെ നന്മയിലേക്ക് നയിക്കാൻ വന്ന ഗുരുക്കൻമാരെ മനസിലാക്കുവാന്‍ സാധിക്കാതെ പോയ സമകാലികരുടെ ചരിത്രമാണ് നമുക്ക് മുൻപിലുള്ളത്. ചന്ദിരൂരിലെ ഒരു സാധാരണ കുടുംബത്തില്‍ ജനിച്ച് മനുഷ്യന്റെ ആത്മശാന്തിക്ക് ഉതകുന്നത് എന്തെന്ന് കണ്ടെത്തി സ്വജീവിതം കൊണ്ട് നിവർത്തിച്ച് ലോകത്തിന് ധർമ്മം പകർന്ന തപോധനനാണ്  നവജ്യോതി ശ്രീകരുണാകരഗുരു. ലോകത്തിന് ആത്മീയ വെളിച്ചം പകരുന്നതാണ് ശാന്തിഗിരിയുടെ സന്ദേശം. ഗുരുവിന്റെ ജീവിതവും ഗുരുശിഷ്യ പാരസ്പര്യത്തിന്റെ തുടർച്ചയുമെല്ലാം തേടി ഗവേഷണ കുതുകികളായ ആളുകൾ ഇവിടെ എത്തുമെന്നും സ്വാമി അഭിപ്രായപ്പെട്ടു. ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാന തപസ്വി അധ്യക്ഷത വഹിച്ച സത്സംഗത്തിൽ ഓർഗനൈസിംഗ് സെക്രട്ടറി സ്വാമി ഗുരുമിത്രൻ ജ്ഞാനതപസ്വി സത്സംഗ സന്ദേശം നൽകി. സ്വാമി ജനനന്മ ജ്ഞാനതപസ്വി, സ്വാമി ജ്യോതിചന്ദ്രൻ ജ്ഞാനതപസ്വി, സ്വാമി തനിമോഹനൻ ജ്ഞാനതപസ്വി, സ്വാമി ജനസമ്മതൻ ജ്ഞാനതപസ്വി, ജനനി പൂജ ജ്ഞാനതപസ്വിനി, ജനനി വിജയ ജ്ഞാനതപസ്വിനി, ജനനി നിത്യരൂപ ജ്ഞാനതപസ്വിനി, ജനനി അനുകമ്പ ജ്ഞാനതപസ്വിനി, ജനനി തേജസ്വി ജ്ഞാനതപസ്വിനി, ജനനി പൗർണമി ജ്ഞാനതപസ്വിനി, ചേര്‍ത്തല ഏരിയ ഓഫീസ് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ അബൂബക്കര്‍ എ, രവിരമണന്‍, റെജി പുരോഗതി, അജയകുമാര്‍, നിമിഷ ബൈജു, മിത്രാത്മജന്‍, മംഗളവല്ലി എന്നിവർ പ്രസംഗിച്ചു. സ്വാമി സ്നേഹാത്മ ജ്ഞാന തപസ്വിയുടെ നേതൃത്വത്തില്‍ നടന്ന ഭക്തിഗാനസുധയില്‍ രവീന്ദ്രൻ പി.ജി, രമണൻ, ഗായത്രി രാജഗോപാല്‍ അജ്ഞന, ഗുരുചന്ദ്രിക, സുനില്‍ കുമാര്‍ വി, പ്രിയംവദ, ജനവത്സ എന്നിവർ ഭക്തിഗാനങ്ങൾ അവതരിപ്പിച്ചു. ചേര്‍ത്തല മൂവറ്റുപുഴ ശാന്തിഗിരി ആശ്രമം ഏരിയ ഓഫീസ് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ രമണന്‍ പി ജി സ്വഗതവും ആലപ്പുഴ ശാന്തിഗിരി ആശ്രമം ഏരിയ ഓഫീസ് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ അജിത് കുമാര്‍ വി കൃതജ്ഞതയും രേഖപ്പെടുത്തി.

 

ആശ്രമത്തിന്റെ സാംസ്കാരിക സംഘടനകളായ വിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രത്തിന്റെയും മാതൃമണ്ഡലത്തിന്റെയും മുതിർന്ന പ്രവർത്തകരെ വേദിയിൽ ആദരിച്ചു. പരീക്ഷകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികളെയും ശാന്തിഗിരി കോവിഡ് വിജിലൻസ് ടീമിനെയും വേദിയില്‍ അനുമോദിച്ചു. രാവിലെ 8 മണിക്ക് തുടങ്ങിയ സത്സംഗം വൈകിട്ട് 6 ന് സമാപിച്ചു. ഏകദിന സത്സംഗത്തിൽ ജില്ലയിലെ വിവിധ ഏരിയകളിൽ നിന്നായി നൂറുകണക്കിന് ഗുരുഭക്തർ കുടുംബസമേതം സംബന്ധിച്ചു.

മെയ് 6 ന് തിരുവനന്തപുരം ശാന്തിഗിരി ആശ്രമത്തിലും ലോകമൊട്ടാകെയുള്ള ആശ്രമ സ്ഥാപനങ്ങളിലും നടക്കുന്ന നവഒലി ജോതിർദിനം ആഘോഷങ്ങളുടെ ഭാഗമായാണ് ജില്ലാതല സത്സംഗങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ആശ്രമ സ്ഥാപകഗുരു നവജ്യോതി ശ്രീകരുണാകരഗുരു ആദിസങ്കൽപത്തിൽ ലയിച്ചതിന്റെ ( ദേഹവിയോഗം) വാർഷികമായാണ് ശാന്തിഗിരി പരമ്പര നവഒലി ജ്യോതിർദിനം ആചരിക്കുന്നത്. വരുംദിവസങ്ങളിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും, സംസ്ഥാനത്തെ മറ്റു ജില്ലകളിലും സത്സംഗങ്ങൾ നടക്കും.

 

Related Articles

Back to top button