InternationalLatest

എം എ യൂസഫലി അതിസമ്പന്നനായ മലയാളി

“Manju”

ദുബായ് :  ഫോബ്സ് പുറത്തിറക്കിയ ഈവര്‍ഷത്തെ പട്ടികയില്‍ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി മലയാളികളിലെ അതിസമ്പന്നന്‍.  540 കോടി ഡോളറിന്റെ ആസ്തിയാണ് എം എ യൂസഫലിയ്ക്ക്. ഇന്ത്യയിലെ മുകേഷ് അംബാനിയും, ഗൗതം അദാനിയും ലോകത്തിലെ സമ്ബന്നരുടെ പട്ടികയില്‍ 10, 11 സ്ഥാനങ്ങളിലാണ്. 9000 കോടി ഡോളര്‍ വീതമാണ് ഇവരുടെ ആസ്തി.
ഇന്ത്യയില്‍ 26 ശതകോടീശ്വരന്മാരുടെ വര്‍ദ്ധനവാണ് ഇത്തവണ രേഖപ്പെടുത്തിയിട്ടുള്ളത്. കഴിഞ്ഞവര്‍ഷം 140 പേരായിരുന്നു എങ്കില്‍ ഇത്തവണ അത് 166 പേരായി. ഇത് റെക്കോര്‍ഡ് വര്‍ധനവാണ്.

21,900 കോടി ഡോളര്‍ ആസ്തിയുള്ള ടെസ്ലാ കമ്ബനി മേധാവി എലോണ്‍ മുസ്കാണ് ലോകത്തിലെ ഏറ്റവും വലിയ സമ്ബന്നന്‍. 17,100 കോടി ഡോളര്‍ ആസ്തിയുള്ള ആമസോണ്‍ സിഇഒ ജെഫ് ബെസോസാണ് രണ്ടാമന്‍. 12,900 കോടി ആസ്തിയുള്ള ബില്‍ഗേറ്റ്സ് നാലാം സ്ഥാനത്താണ്.

മലയാളികളുടെ പട്ടികയില്‍ 410 കോടി ഡോളര്‍ ആസ്തിയുള്ള ഇന്‍ഫോസിസ് ഗോപാലകൃഷ്ണനാണ് രണ്ടാം സ്ഥാനത്ത്. ബൈജു ആപ്പ് ഉടമ ബൈജു രവീന്ദ്രന്‍ (360 കോടി ഡോളര്‍), രവി പിള്ള (260 കോടി ഡോളര്‍), എസ് സി ഷിബുലാല്‍ (220 കോടി ഡോളര്‍), സണ്ണി വര്‍ക്കി (210 കോടി ഡോളര്‍), ജോയ് ആലുക്കാസ് (190 കോടി ഡോളര്‍), മുത്തൂറ്റ് കുടുംബം (140 കോടി ഡോളര്‍) എന്നിവരാണ് അതിസമ്ബന്നരുടെ പട്ടികയില്‍ ഇടം പിടിച്ച മറ്റ് മലയാളികള്‍.

2,668 ശതകോടീശ്വരന്മാരാണ് ഇപ്പോള്‍ ഭൂമിയിലുള്ളത്. യുദ്ധവും, പകര്‍ച്ചവ്യാധിയും മൂലം അതിസമ്ബന്നരുടെ എണ്ണത്തില്‍ ഇത്തവണ കുറവ് വന്നിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച്‌ 87 പേര്‍ ഇത്തവണ കുറവായിരുന്നു. കൂടുതല്‍ കുറവ് സംഭവിച്ചത് റഷ്യയില്‍ നിന്നാണ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച്‌ 34 ശതകോടീശ്വരന്‍മാരുടെ കുറവാണ് റഷ്യയില്‍ നിന്നും ഉണ്ടായിട്ടുള്ളത്. ചൈനയില്‍ നിന്നും 87 ശതകോടീശ്വരന്മാരുടെ കുറവും രേഖപ്പെടുത്തി.

Related Articles

Back to top button