KeralaLatest

വൈദ്യുതക്കമ്പിയില്‍ തട്ടി കോണ്‍ഗ്രസ് നേതാവ് ഷോക്കേറ്റ് മരിച്ചു

ഒപ്പമുണ്ടായിരുന്ന ചെറുമകന്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

“Manju”

കാഞ്ഞങ്ങാട്  : വിറയല്‍ മാറാതെ ഒമ്പതുവയസ്സുകാരന്‍…  കൂടെയുണ്ടായിരുന്ന അച്ചാച്ചന്‍ എവിടെ.? അവന്‍ അമ്പരന്ന് നില്‍ക്കുകയാണ്. ചെറുമകനൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്നു കോണ്‍ഗ്രസ് നേതാവ് ഡി.വി. ബാലകൃഷ്ണന്‍. പൊട്ടിവീണ വൈദ്യുതക്കമ്പിയില്‍ തട്ടി ഷോക്കേറ്റ്  അദ്ദഹം മരിക്കുകയായിരുന്നു.  അപ്പോള്‍ കൂടെയുണ്ടായിരുന്ന ചെറുമകന്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത് .

കാഞ്ഞങ്ങാട് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് കൊവ്വല്‍പ്പള്ളി മന്ന്യോട്ട് ക്ഷേത്രത്തിനടുത്തെ ഡി.വി. ബാലകൃഷ്ണന്‍ (69) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് 5.30-നാണ് അപകടം നടന്നത്.  ട്യൂഷന്‍ സെന്ററില്‍ നിന്ന് ഒന്‍പതുവയസ്സുള്ള ചെറുമകന്‍ നിഹാറിനെയും കൂട്ടി വീട്ടിലേക്ക് വരികയായിരുന്നു. ആറങ്ങാടി പടിഞ്ഞാര്‍ കണിയാങ്കുളത്തുനിന്ന് മന്ന്യോട്ടേക്കുള്ള ഇടുങ്ങിയ റോഡിലെ വളവിലാണ് കമ്പി പൊട്ടിവീണു കിടന്നത്. തൂങ്ങിക്കിടക്കുന്ന വൈദ്യുതക്കമ്പിയില്‍ തട്ടിയ സ്‌കൂട്ടര്‍ ഇടറോഡിന്റെ മതിലിലേക്ക് ചെരിഞ്ഞു നിന്നു.

ഉടന്‍ തന്നെ പിറകിലുണ്ടായിരുന്ന നിഹാര്‍ പെട്ടെന്ന് താഴേക്ക് ചാടിയിറങ്ങി. തൊട്ടടുത്ത വീട്ടുകാര്‍ ഓടിയെത്തി നിഹാറിനെ മാറ്റി. ബാലകൃഷ്ണന് കൃത്രിമ ശ്വാസോച്ഛ്വാസം നല്‍കി ജില്ലാ ആസ്പത്രിയിലെത്തിച്ചെങ്കിലും അധികം വൈകാതെ ജീവന്‍ നഷ്ടമായി.

അതേസമയം സ്‌കൂട്ടര്‍ വീഴാറായപ്പോള്‍ പെട്ടെന്ന് ഇറങ്ങിയെന്നും അച്ഛാച്ഛന്‍ മതിലിലേക്കു ചെരിഞ്ഞുനിന്നെന്നും കാര്യമൊന്നും മനസ്സിലാകാതെ നിഹാര്‍ പറയുന്നു.അച്ഛാച്ഛന്റെയടുത്തേക്ക് പോകാന്‍ നോക്കിയപ്പോള്‍ എന്നെ ആരോ പിടിച്ച്‌ ഒരു വീട്ടിലാക്കി.’
ഡി.വി. ബാലകൃഷ്ണനൊപ്പം സ്‌കൂട്ടറിലുണ്ടായിരുന്ന കൊച്ചുമകന്‍ നിഹാറിന് ഇപ്പോഴും വിറയല്‍ മാറുന്നില്ല. പെട്ടെന്ന് സ്‌കൂട്ടറില്‍ നിന്നിറങ്ങിയതിനാലാണ് ഈ ഒന്‍പതു വയസ്സുകാരന് ഷോക്കേല്‍ക്കാതിരുന്നത്. സ്‌കൂട്ടര്‍ പുളഞ്ഞപ്പോള്‍തന്നെ കുട്ടി ചാടിയിറങ്ങി. അവസരോചിതമായ ഇടപെടലാണ് ആ കുഞ്ഞിന്റെ ജീവന് രക്ഷയായത്.

പത്തു വര്‍ഷത്തിലധികമായി ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്ത് തുടരുന്ന ബാലകൃഷ്ണന്‍ ലോക്‌സഭ, നിയമസഭ, തദ്ദേശസ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പുകളില്‍ രണ്ടുതവണ കാഞ്ഞങ്ങാട് ബ്ലോക്ക് തിരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനറായിരുന്നു.
ദിവസങ്ങളായി പാര്‍ട്ടി അംഗത്വവിതരണത്തിന്റെ തിരക്കിലായിരുന്നു. ബുധാനാഴ്ച രാവിലെയും ഒട്ടേറെപ്പേര്‍ക്ക് ഡിജിറ്റലായി അംഗത്വം നല്‍കി. ഹൊസ്ദുര്‍ഗ് സര്‍വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍ ഉള്‍പ്പെടെ നിരവധി സ്ഥാനങ്ങള്‍ വഹിച്ചിരുന്നു. മൃതദേഹം വ്യാഴാഴ്ച രാവിലെ ഹൊസ്ദുര്‍ഗ് സഹകരണ ബാങ്കിന് മുന്നില്‍ പൊതുദര്‍ശനത്തിന് വച്ചശേഷം സംസ്‌കാരം നടക്കും.

Related Articles

Back to top button