ArticleKeralaLatest

പ്രവാസിയുടെ പച്ചയായ ജീവിതത്തിന്റെ നൊമ്പരപ്പെടുത്തുന്ന നേർചിത്രം

“Manju”

കഴിഞ്ഞ ദിവസങ്ങളിലെ പത്രങ്ങളിൽ നമ്മളൊരു വാർത്ത കണ്ടിരുന്നു, മലയാളി എയർപോർട്ടിൽ കുഴഞ്ഞു വീണ് മരിച്ചെന്ന്.അയാൾക്ക് കോവിഡ് സ്ഥിരീകരിച്ചതിനാൽ അറേബ്യൻ മണ്ണിൽ തന്നെ ശവസംസംസ്കാരം നടത്തിയെന്ന്.വായിച്ചു ശേഷം നമ്മളത് മറന്നു. എന്നാൽ ആ മനുഷ്യനെ കുറിച്ച്.. അദ്ദേഹം കടന്നു പോയ മാനസിക പിരിമുറുക്കങ്ങളെ കുറിച്ച്, യാതനകളെ കുറിച്ചൊക്കെ ഹൃദയം തൊടുന്നൊരു കുറിപ്പ് സോഷ്യൽ മീഡിയയിൽ പങ്ക് വച്ചിരിക്കുകയാണ് ബൈജുരാജ് ചേകവർ.

പ്രിയപ്പെട്ടവരെ,

റാസൽഖൈമ ഇന്റർനാഷണൽ എയർപോർട്ടിലെ പാസ്സഞ്ചേഴ്‌സ് ട്രോളിയിൽ ഒരു കവിൾ കുടിച്ച് ബാക്കി സൂക്ഷിച്ച വെള്ളക്കുപ്പിയും, യാത്രക്കാരന്റെ പേരെഴുതിയ ഒരു കുഞ്ഞൻ കാർഡ് ബോർഡ് ബോക്‌സും, വിലകുറഞ്ഞൊരു ചുവപ്പ് ബേഗും, ഒരു ബിഗ് ഷോപ്പറും ഉടമസ്ഥനില്ലാതെ ഒരേ നിപ്പ് തുടങ്ങിയിട്ട് നേരമേറെയായി.

അയാളുടെ ഫോണിലേക്ക് നിരന്തരം വിളിച്ചുകൊണ്ട് നാട്ടുകാരനായ പരപ്പുമ്മൽ ഷാജി ആ എയർപോർട്ടിൽ റോന്ത് ചുറ്റുകയാണ് .
അപ്പുറത്ത് ഫോൺ റിങ്ങ് ചെയ്യുന്നുണ്ട് പക്ഷെ പവിത്രൻ മഞ്ചക്കൽ എടുക്കുന്നില്ല.

പരസ്പരം അറിയാമെങ്കിലും അവർ ഇതുവരെ നേരിട്ട് കണ്ടിട്ടില്ല.

കോഴിക്കോട് ജില്ലയിലെ കുറ്റ്യാടിക്കടുത്ത കായക്കൊടിയെന്ന ഉൾനാടൻ കർഷക ഗ്രാമത്തിൽ നടന്നു പോകാനുള്ള ദൂരത്തിലാണ് രണ്ടുപേരുടെയും വീട് . ഗൾഫ് അങ്ങിനെയാണ് , ദീർഘകാല ഗൾഫുകാർ അപ്രതീക്ഷിതമായി മറ്റ് ദേശക്കാരുടെ മുറിയിൽ നിന്നൊക്കെയാവും ബന്ധുക്കളേയും നാട്ടുകാരേയും കൈകൊടുത്ത് പരിചയപ്പെടുന്നത്.

ഇരുപതാം വയസ്സിന്റെ കളിചിരികളോടെ ഭാഗ്യാന്വേഷിയായി മണലാരണ്യത്തിൽ എത്തിയ ആളാണ് ഷാജി . ഒറ്റ ആഴ്ച്ച കൊണ്ട് ജീവിതം കരുവാളിച്ചു . നരക തുല്യമായ ഒട്ടേറെ അനുഭവങ്ങൾ പിന്നിട്ട് ഇപ്പോൾ ഗൾഫ് വിട്ടാലും നാട്ടിൽ അല്ലലില്ലാത്ത ജീവിക്കാനാവുന്ന വിധം വാടകയ്ക്ക് കൊടുക്കാനുള്ള വീടും ബഹുനില കെട്ടിടങ്ങളും ഉറുമ്പിനെപ്പോലെ സ്വരുക്കൂട്ടിയവൻ . ലോക്ക്‌ ഡൗൺ കാലത്ത് കച്ചവടത്തിന് ഷട്ടറിട്ട വാടകക്കാരോട് പൈസ വേണ്ടെന്ന് പറഞ്ഞും, ആരോഗ്യ പ്രവർത്തകർക്ക് നാട്ടിലെ വീട് മലക്കെ തുറന്നു കൊടുത്തും മനുഷ്യപ്പറ്റ് കാണിച്ചവൻ .

വർഷങ്ങളായി പ്രവാസ ജീവിതം നയിക്കുന്ന പവിത്രൻ അജ്മാനിൽ സ്വർണ്ണ പണിക്കാരനാണ്. പൊന്നിൽ കൈവെച്ചുള്ള പണിയാണെങ്കിലും ജീവിതത്തിലെ അടിസ്ഥാന ദാരിദ്ര്യത്തിന്റെ കട്ടിത്തുരുമ്പ് ഉരച്ചു മാറ്റാൻ ഇതുവരേയും പറ്റിയിട്ടില്ല . മൂത്ത മകൾ പ്ലസ് ടുവിന് പഠിക്കുന്നു . അതിന് താഴെ ആണും പെണ്ണുമായി രണ്ടുപേർ കൂടിയുണ്ട് . വീട് പണി പാതി വഴി മുടങ്ങി കടത്തിൽ വീണുകിടക്കുന്നു . ബാങ്കിൽ ഹൗസിങ്ങ് ലോൺ, കോപ്പറേറ്റിവ് ബാങ്കിലെ ആൾ ജാമ്യ കടങ്ങൾ , ഗ്രാമീൺ ബാങ്കിലെ ഗോൾഡ് ലോൺ , ഭാര്യയെടുത്ത കുടുംബശ്രീ വായ്പ്പ , നഷ്ടത്തിൽ വിളിച്ചെടുത്ത നാടൻ ചിട്ടികൾ , ബന്ധുക്കളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും വാങ്ങിയ കൈവായ്പ്പകൾ.. എന്നിട്ടും പുരപ്പണി പൂർത്തിയാക്കാൻ അയാൾക്ക് പറ്റിയില്ല.

ചിരിച്ച മുഖവും കനം പിടിച്ച മനസ്സുമായി ഏതൊരു സാധാരണ പ്രവാസിയേയും പോലെ പവിത്രൻ അവധി കഴിഞ്ഞ് നാട്ടിൽ നിന്നും ഗൾഫിൽ തിരികെയെത്തിയിട്ട് ഇപ്പോൾ മാസങ്ങളെ ആയുള്ളൂ. അപ്പോഴാണ് ലോകത്തെ ഒന്നടങ്കം പൂട്ടിക്കെട്ടി മഹാമാരി വന്നത് . പണിക്ക് പോകാനാവാതെ, മുമ്പോട്ട് ചിന്തിക്കാനാവാതെ അയാൾ തളർന്നു . ആ ചുറ്റുവട്ടത്ത് നിന്നും കേൾക്കുന്നതത്രയും മരണ വാർത്തകളാണ് . തീപ്പെട്ടി പോലുള്ള മുറിയിൽ പണിയുടെ ഷിഫ്റ്റനുസരിച്ച് പലനേരം വന്നുപോയവർ ഇപ്പോൾ എങ്ങും പോകാനാവാതെ മുഷിഞ്ഞതുണി കൂട്ടിയിട്ടത് പോലെ ഒന്നിച്ചു കഴിയുകയാണ് . മുറിയിൽ നിന്ന് ശ്വാസമെടുക്കാൻ പോലും ഭയന്ന്, സോപ്പുകൊണ്ട് കൈ കഴുകിയും, തോർത്തു കൊണ്ട് മുഖം മറച്ചും, മരിച്ചാൽ പോലും നാട്ടിലെത്തില്ലല്ലോ എന്ന നടുക്കത്തോടെ രാത്രിയും പകലും തള്ളിനീക്കുന്നവർ.

കേരളത്തിലേക്കുള്ള വിമാനങ്ങൾ പൊങ്ങാൻ തുടങ്ങിയതോടെ പവിത്രനും എത്രയും വേഗം നാടുപിടിക്കാൻ ആഗ്രഹിച്ചു.

പക്ഷെ ടിക്കറ്റിനുള്ള പണമില്ല.

അവിടെ സഹായവുമായി കേട്ടുപരിചയം മാത്രമുള്ള ഷാജി എത്തി . പക്ഷെ ടിക്കറ്റെല്ലാം നേരത്തെ തീർന്നിരിക്കുന്നു . അവിടെയും ഭാഗ്യം തുണച്ചു . ടിക്കെറ്റെടുത്ത ഒരാൾ പെട്ടന്ന് യാത്ര കേൻസൽ ചെയ്തു.

യാത്രക്ക് മുമ്പ് ഇരട്ടി മധുരം പോലെ പവിത്രനെത്തേടി എസ് എസ് എൽ സി പരീക്ഷയിൽ മകന്റെ മിന്നുന്ന വിജയ വാർത്ത എത്തി . അച്ഛനെന്ന നിലയിൽ ഏറെ ആവേശപ്പെട്ട നിമിഷം . നാട്ടുകാരുടെ ചെറിയ വിജയങ്ങൾ മതി കായക്കൊടിയിലെ എല്ലാ പാർട്ടിക്കാർക്കും കൊടിമറന്ന് ആഘോഷിക്കാൻ. പിന്നെയത് ക്ലബ്ബുകളും കുടുംബ ശ്രീ യൂണിറ്റുകളും സ്വയം സഹായ സംഘങ്ങളും ഏറ്റെടുക്കും . നാട്ടിൽ എല്ലാവരും ഫോട്ടോ സഹിതം മകൻ ധനൂപ് പവിത്രന് അഭിനന്ദനങ്ങൾ നേരുന്നത് അയാൾ അഭിമാനത്തോടെ മനസ്സിൽ കണ്ടു കാണും. ഓരോ പത്താം തരം റിസൾട്ട് കാലത്തും വീട്ടിൽ വിദ്യാർഥികളുള്ള മാതാപിതാക്കൾ രഹസ്യമായി താലോലിക്കുന്ന സ്വപ്നമാണത്. മഹാസങ്കടങ്ങൾക്കിടയിലും പുതിയ പ്രതീക്ഷകൾ നൽകി ജീവിതം പവിത്രനെ കൊതിപ്പിച്ചു കൊണ്ടിരുന്നു.

ഇത്തരം സന്ദർഭങ്ങളിൽ ഏത് അച്ഛനും ചോദിച്ചു പോകുന്ന ചോദ്യം പവിത്രനും മോനോട് ചോദിച്ചു . ” അച്ഛനെന്താ മോന് സമ്മാനമായി കൊണ്ടുവരേണ്ടത് ..? മൊബൈൽ ഫോണെന്ന മകന്റെ ഉത്തരത്തിൽ പവിത്രന്റെ ഉള്ളകം പിന്നെയും പൊള്ളി. യാതൊരു നീക്കിയിരിപ്പും കയ്യിലില്ലല്ലോ. ഭർത്താവിനെ എയർപോർട്ടിൽ നിന്ന് വീട്ടിലെത്തിക്കാനുള്ള വണ്ടിക്കൂലിക്ക് ഓടുകയാണ് നാട്ടിൽ ഭാര്യയെന്ന് അയാൾക്കറിയാം . ഭർത്താവ് വീട്ടിൽ കൊറന്റൈനിൽ ഇരിക്കുമ്പോൾ തറവാട്ട് വീട്ടിലേക്ക് മക്കളെ അയക്കാൻ ബേഗൊക്കെ അവർ തയ്യാറാക്കി കാത്തിരിക്കുകയാണ്.

വീണ്ടും ഷാജിയെ വിളിച്ചു മകന്റെ ആഗ്രഹം വിഷമത്തോടെ അറിയിച്ചു . മാതാപിതാക്കൾ കുട്ടികൾക്ക് മൊബൈൽ ഫോൺ സമ്മാനമായി കൊടുത്തതിന്റെ തിക്ത അനുഭവങ്ങൾ ഓർമ്മിച്ച് മകന്റെ തുടർ പഠനങ്ങളെ സപ്പോർട്ട് ചെയ്യാമെന്ന് ഷാജി പറഞ്ഞു . ഒരർത്ഥത്തിൽ ആ ഫോൺ കോൾ നന്നായെന്ന് പവിത്രനും തോന്നി. ഫോണിനേക്കാൾ എന്തുകൊണ്ടും ആവശ്യം മകന്റെ തുടർ പഠനമാണല്ലോ.

പക്ഷെ അച്ഛനല്ലേ , ജയിച്ചു നിൽക്കുന്ന മോന്റെ മുമ്പിലേക്ക് തോറ്റ അച്ഛനായി ചെന്നു കയറാൻ ആ പാവം മനുഷ്യന് മനസ്സ് വന്നില്ല.
കേരളത്തിൽ ഓൺലൈൻ പഠനമൊക്കെ തുടങ്ങിയത് വാർത്തയിൽ കണ്ടിരുന്നു.
അച്ഛൻ പുതിയ മൊബൈൽ ഫോണുമായി വരുന്ന കാര്യം മകൻ കൂട്ടുകാരോട് ഗമയിൽ പറഞ്ഞു കാണും.

കേരളത്തെ ഇന്ന് കാണുന്ന കേരളമാക്കിയത് പ്രവാസികളാണ് . പക്ഷെ ഇപ്പോൾ ജീവനും ഉള്ളങ്കയ്യിൽ പിടിച്ച് അടുത്ത അത്താഴം ആരുടെ കാരുണ്യമെന്നറിയാതെ ഉഴലുന്നവരാണ് പ്രവാസ ലോകത്ത് അയാൾക്ക് പരിചയമുള്ളവരെല്ലാം . നേരിട്ട് ചോദിക്കാനുള്ള മടി കൊണ്ട് മകന്റെ ആഗ്രഹം ചിലർക്കെല്ലാം വോയ്‌സ് മെസേജിട്ടു. പക്ഷെ കാര്യങ്ങൾ അനുകൂലമായില്ല.

അച്ഛനല്ലേ , സന്തോഷത്തോടെ കാത്തിരിക്കുന്ന മകന്റെ മുഖം പെട്ടി തുറക്കുമ്പോൾ വാടുന്നത് അയാൾക്ക്‌ സഹിക്കാനാവില്ല.

വീണ്ടും ശ്രമങ്ങൾ തുടർന്നു . ഫോണിലൂടെ വിവരമറിഞ്ഞപ്പോൾ ഒരു നാട്ടുകാരൻ ചങ്ങാതി പറഞ്ഞു , മോന് കൊടുക്കാനുള്ള മൊബൈൽ നമുക്ക് റെഡിയാക്കാം, നീ ധൈര്യായിട്ട് കേറി വാടോ പവിത്രാ.

നിമിഷ നേരം കൊണ്ടയാൾ കോവിഡ് കൊണ്ട് വെന്തു നിൽക്കുന്ന ലോകത്തെ ഏറ്റവും സന്തോഷവാനായ അച്ഛനായി, കുടുംബനാഥനായി . കയ്യിലുള്ള സാധനങ്ങളെല്ലാം പേക്കാക്കി വർദ്ധിത വീര്യത്തോടെ പവിത്രൻ എയർപോർട്ടിലേക്ക്‌ പുറപ്പെട്ടു.

കുടുംബത്തിന്റെ കുഞ്ഞു കുഞ്ഞു സന്തോഷങ്ങൾ കൊണ്ട് ജീവിതത്തിന് നിറം പിടിപ്പിക്കുന്നവരാണ് പ്രവാസികളെന്ന ഓർമ്മയിൽ അപ്പോഴേക്ക് ഷാജിയും തന്റെ തീരുമാനം മാറ്റിയിരുന്നു. പവിത്രൻ നാട്ടിൽ എത്തുമ്പോഴേക്കും മൊബൈൽ ഫോൺ കയ്യിൽ കിട്ടാൻ ഏർപ്പാടുണ്ടാക്കാമെന്ന് നേരിൽ കണ്ട് പറയാനാണ് ഷാജി എയർപോർട്ടിലേക്ക് എത്തിയത്. പവിത്രനെ വിളിച്ചിട്ട് ഫോൺ എടുക്കാത്തതിനാൽ ഷാജി എയർപോർട്ടിന് ചുറ്റും കറങ്ങുകയാണ്.

ആ കൂടിക്കാഴ്ച്ച നടന്നില്ല.

എയർപോർട്ടിലെത്തി കുഴഞ്ഞു വീണു മരിച്ച പവിത്രൻ ഹോസ്പിറ്റലിലെ മോർച്ചറി ബോക്സിൽ അപ്പോൾ തണുത്തുറഞ്ഞ് കിടക്കുകയാണ്, ആളെ തിരിച്ചറിയാനാവാതെ. കുടുംബത്തിലേക്കെത്തിക്കാൻ ആ മനുഷ്യൻ സ്വരുക്കൂട്ടി വെച്ച സ്നേഹ സമ്മാനങ്ങൾ
എയർപോർട്ടിലെ യാത്രക്കാരുടെ കാത്തിരിപ്പ് ഹാളിൽ ഉടമസ്ഥനില്ലാതെ..

ഭാര്യക്കും മക്കൾക്കും അവസാന കാഴ്ച്ചക്ക് മുഖം നൽകാതെ , ഒന്ന് തൊടാൻ പോലും അവസരം നൽകാതെ അറേബ്യൻ മണലാരണ്യത്തിൽ കോവിഡ് രോഗ ബാധിതനായിരുന്ന പവിത്രന് അന്ത്യ വിശ്രമം.

പവിത്രന്റെ ജീവിതത്തിലൂടെ നിങ്ങൾക്ക് മനുഷ്യ ജീവിതത്തിന്റെ നിസ്സഹായത ഒരു കണ്ണാടിയിലെന്നപോലെ കാണാനാവുന്നുണ്ടോ ..?!!

പ്രിയ സുഹൃത്തേ ,
പവിത്രന്റെ കുടുംബത്തെ ചേർത്തു നിർത്താൻ കായക്കൊടി പഞ്ചായത്ത് പ്രസിഡന്റ് കുമാരി കെ ടി അശ്വതി ചെയർപേഴ്സൺ ആയിക്കൊണ്ട് ഒരു സർവ്വകക്ഷി സാമ്പത്തിക സമാഹരണ കൂട്ടായ്‌മ രൂപം കൊണ്ടിരിക്കുന്നു. നിബന്ധനകളോ നിർബന്ധങ്ങളൊ ഇല്ല . സ്വന്തം മനസാക്ഷിയുടെ പ്രചോദനത്തിൽ മാത്രം നിങ്ങൾക്കിതിൽ പങ്കാളികളാവാം.

Bank details:
പവിത്രൻ കുടുംബ സഹായ നിധി.
V P Surendran OR KKC Kunhabdulla
KERALA GRAMIN BANK KAYAKKODI BRANCH
A/c No:40164101057625
IFSC Code :KLGB0040164

Related Articles

Back to top button