International

കൊറോണ ഇതര രോഗങ്ങൾക്ക് ചികിത്സയില്ല; ; ചൈനയിൽ സ്ഥിതി ഗുരുതരം

“Manju”

ബീജിങ്: ചൈനയിൽ കൊറോണ പ്രതിസന്ധി രൂക്ഷമാകുന്നു. കൊറോണയുടെ പേരിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിന്റെയും മറ്റ് മാനുഷിക അവകാശങ്ങളും സംരക്ഷിക്കാനുള്ള കടമ ചൈനീസ് സർക്കാരിനുണ്ടെന്ന് മനുഷ്യാവകാശ സംഘടനകൾ വ്യക്തമാക്കി. കൊറോണ രോഗികളുടെ എണ്ണം കൂടിയതിനെ തുടർന്ന് മാർച്ചിലാണ് ചൈനയിൽ പലയിടങ്ങളിലും കൊറോണ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി തുടങ്ങിയത്. എന്നാൽ നിയന്ത്രണങ്ങൾ കടുപ്പിച്ചതോടെ ജനങ്ങളുടെ ആരോഗ്യ അവകാശം, ഭക്ഷണം, മറ്റ് ആവശ്യങ്ങൾ തുടങ്ങിയവ നടപ്പാക്കാനാകുന്നില്ലെന്നാണ് ന്യൂയോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന മനുഷ്യാവകാശ സംഘടന പറയുന്നത്.

കൊറോണ ഇതര രോഗങ്ങൾക്ക് ചൈനയിൽ ചികിത്സ കിട്ടുന്നില്ലെന്നുള്ള റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്. കൊറോണ ഇതര രോഗങ്ങൾക്ക് ചികിത്സ നിഷേധിച്ചതിന്റെ പേരിൽ നിരവധി പേർക്ക് ജീവൻ നഷ്ടമായെന്നും റിപ്പോർട്ടുകൾ പറയുന്നു. സീറോ കോവിഡ് പോളിസി എന്ന ലക്ഷ്യമിട്ടാണ് ചൈന പല പ്രധാന നഗരങ്ങളിലും ലോക്ഡൗൺ ഏർപ്പെടുത്തിയിരിക്കുന്നത്. രോഗബാധ സ്ഥിരീകരിച്ചാൽ കൊച്ചു കുട്ടികളെ പോലും അവരുടെ രക്ഷിതാക്കളിൽ നിന്ന് അകറ്റുന്ന സ്ഥിതിയാണുള്ളത്. പോസിറ്റീവ് ആകുന്നവരെ ആശുപത്രികളിലോ പ്രത്യേക കേന്ദ്രങ്ങളിലോ പൂർണമായും ഐസൊലേഷനിലാക്കും. എന്നാൽ ഇത്തരം നിയന്ത്രണങ്ങൾ മൂലം കൊറോണ ഇതര രോഗങ്ങൾക്കുള്ള ചികിത്സ ഒരു ആശുപത്രികളിലും ലഭ്യമാകുന്നില്ലെന്നും ഹ്യൂമൻ റൈറ്റ്‌സ് വാച്ചിലെ റിസർച്ചർ ആയ യാഖ്യു വാങ് പറയുന്നു.

ഷാങ്ഹായ് നഗരം പൂർണമായും അടച്ചിരിക്കുകയാണ്. ഇവിടെ എല്ലാവർക്കും കൊറോണ പരിശോധന നിർബന്ധമാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ആയിരക്കണക്കിന് സൈനിക ഉദ്യോഗസ്ഥരേയും നഗരത്തിലുടനീളം വിന്യസിച്ചിട്ടുണ്ട്. നഗരത്തിലെ രണ്ടരക്കോടിയിലധികം ആളുകൾക്കാണ് കൊറോണ പരിശോധന നിർബന്ധമാക്കിയിരിക്കുന്നത്. നിലവിൽ ഒരാൾക്ക് പോലും ഇവിടെ വീട് വിട്ട് പുറത്തിറങ്ങാനുള്ള അവകാശമില്ല. കൊറോണ നെഗറ്റീവ് ആണെങ്കിൽ പോലും ആശുപത്രികളിൽ ചികിത്സ നിഷേധിക്കപ്പെടുന്ന സാഹചര്യമാണെന്നും യാഖ്യു ആരോപിച്ചു.

Related Articles

Back to top button