International

പുതിയ ലേഡി ഡെത്ത്? യുക്രെയനിൽ ചെറുനിൽപ്പിന്റെ ചിഹ്നമായി വനിതാ സ്‌നൈപ്പർ

“Manju”

റഷ്യൻ അധിനിവേശത്തിൽ ഉഴലുന്ന യുക്രെയ്‌ന്റെ ദയനീയാവസ്ഥയോടൊപ്പം തന്നെ ചർച്ചയാവുന്നതാണ് അവരുടെ പോരാട്ടവും. ലോക സൈനിക ശക്തികളിലൊരാളായ റഷ്യയെ അപേക്ഷിച്ച് ആൾ ബലവും ആയുധ ബലവും കുറവാണെങ്കിലും പോരാട്ട വീര്യത്തിലും രാജ്യസ്‌നേഹത്തിലും യുക്രെയ്ൻ ജനത ലോകത്തിന് മുന്നിൽ വലിയ മാതൃകയാവുകയാണ്. കറിക്കത്തിയും പെട്രോൾ ബോംബും ഉപയോഗിച്ച് ചെറുത്തു നിൽക്കുന്ന സാധാരണക്കാർ, താരതമ്യേനെ കുറഞ്ഞ പ്രഹര ശേഷിയുള്ള ആയുധങ്ങളുമായി യുദ്ധമുഖത്ത് നിൽക്കുന്ന യുക്രെയ്ൻ സൈനികർ. പോരാട്ടത്തിന്റെ വേറിട്ട മുഖമാണ് യുക്രെയ്ൻ ജനത ലോകത്തിന് മുന്നിൽ തുറന്നു കാണിക്കുന്നത്.

ചെറുത്തു നിൽപ്പിന്റെ ഒന്നരമാസം പിന്നിടുമ്പോൾ യുക്രെയ്ൻ സൈന്യത്തിന്റെ ഭാഗമായുള്ള ചാർക്കോൾ എന്നറിയപ്പെടുന്ന ഒരു വനിതാ സ്‌നൈപ്പറാണ് ഇപ്പോൾ ചർച്ചാ വിഷയം. റഷ്യക്കാരെ ഏത് വിധേനയും തോൽപ്പിച്ച് കീഴ്‌പ്പെടുത്തണമെന്നുള്ള ഈ സ്‌നൈപ്പറുടെ ആഹ്വാനം യുക്രെയ്ൻ ജനത ഇരു കൈകളും നീട്ടിയാണ് സ്വീകരിച്ചത്.

യഥാർത്ഥ പേരോ മറ്റ് വിവരങ്ങളോ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും വളരെ വേഗത്തിലാണ് ചാർക്കോൾ യുക്രെയ്ൻ ജനതയുടെ മനസിൽ പോരാട്ട നായികയായി തീർന്നത്. 2017 ൽ യുക്രെയ്ൻ മറീൻസ് സേനയുടെ ഭാഗമായി സേവനം ആരംഭിച്ച ചാർക്കോൾ കഴിഞ്ഞ ജനുവരിയിൽ സൈനിക സേവനം നിർത്തി സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിയതായിരുന്നു. എന്നാൽ സ്വന്തം രാജ്യത്തിന് തന്റെ ആവശ്യമുണ്ടെന്ന് മനസിലാക്കിയ ചാർക്കോൾ റൈഫിളുമെടുത്ത് യുദ്ധ മുഖത്തേയ്‌ക്ക് പ്രവേശിക്കുകയായിരുന്നു.

ദിനം പ്രതി ചുരുങ്ങിയത് ആറ് റഷ്യൻ പടയാളികളെയെങ്കിിലും കാലപുരിയ്‌ക്കയക്കുന്ന ചാർക്കോളിന്റെ മുഖം ഇതു വരെ വെളിപ്പെടുത്തിയിട്ടില്ല. തീക്ഷ്ണമായ നീണ്ട കണ്ണുകൾ മാത്രം കാണിച്ച് അവൾ തന്റെ മുഖം മാസ്‌ക് കൊണ്ട് മറച്ചാണ് പോരാട്ടത്തിനിറങ്ങാറുള്ളത്. വിഖ്യത വനിതാ സ്‌നൈപ്പറായ ല്യുദ്മില പ്ലാവിചെങ്കോയുമായാണ് ചാർക്കോളിനെ പലരും താരതമ്യപ്പെടുത്തുന്നത് യുക്രെയ്ൻകാരിയായ ല്യുദ്മില അറിയപ്പെടുന്നത് പോലെ ലേഡി ഡെത്തെന്നാണ് ഇപ്പോൾ ചാർക്കോളും അറിയപ്പെടുന്നത്. എന്തായാലും യുക്രെയ്ൻ ജനതയുടെ ചെറുത്തുനിൽപ്പിന്റെ ചിഹ്നമായി ഒരു വനിതാ സ്‌നൈപ്പർ യുദ്ധമുഖത്ത് പോരാടുന്നുണ്ടെന്നത് അഭിമാനം തന്നെ.

Related Articles

Back to top button