Auto

ഇലക്ട്രിക് വാഹന ലോകത്ത് ആധിപത്യമുറപ്പിക്കാൻ ടാറ്റ

“Manju”

നെക്‌സോൺ ഇവി, ടിഗോർ ഇവി എന്നിവയിലൂടെ ഇലക്ട്രിക് വാഹന വിപണിയിൽ രംഗപ്രവേശനം നടത്തിയ ടാറ്റ, അടുത്തതായി ഒരു ഇലക്ട്രിക് എസ് യുവിയിലൂടെ ഈ മേഖലയിലെ മേധാവിത്വം വീണ്ടും ഉറപ്പിക്കാൻ ഒരുങ്ങുകയാണ്. കർവ്വ്(Curvv) എന്ന് പേരിട്ടിരിക്കുന്ന പുതിയ ഇലക്ട്രിക് എസ് യുവി കോൺസെപ്റ്റ് അവതരിപ്പിച്ചിരിക്കുകയാണ് ടാറ്റ മോട്ടോഴ്‌സ്.

എസ് യുവിയുടെ വരവ് രണ്ട് വർഷത്തിനുള്ളിൽ പ്രതീക്ഷിക്കാം എന്നാണ് ടാറ്റ പറയുന്നത്. കർവ്വ് എത്തുന്നതോടെ ഇലക്ട്രിക് വാഹന വിപണിയിൽ പകരം വെയ്‌ക്കാനില്ലാത്ത നേട്ടം കൊയ്യാനാണ് ടാറ്റയുടെ ലക്ഷ്യം. വാഹനത്തിന്റെ കോൺസെപ്റ്റ് അവതരിപ്പിക്കുന്നതിനൊപ്പം അതിന്റെ പല വിശദാംശങ്ങളും അടിവരയിട്ട് വെളിപ്പെടുത്തിയിരിക്കുകയാണ് ടാറ്റ.

മുഴുനീള എൽഇഡി ലൈറ്റ് ബാർ ചേർന്ന ബോണറ്റ്, ഹെഡ്ലൈറ്റുകൾക്കായി ത്രികോണാകൃതിയിലുള്ള ഭംഗിയായി ഡിസൈൻ ചെയ്തിരിക്കുന്ന ബമ്പർ എന്നിവയാണ് മുൻകാഴ്ചയിലെ ആകർഷണം. മുകളിൽ ഒരു ഫാബ്രിക് മെറ്റീരിയലും, ക്യാബിന്റെ വീതിയിൽ പ്രവർത്തിക്കുന്ന ഒരു കോപ്പർ ഫിനിഷ്ഡ് സ്ട്രിപ്പും, ചുവടെ കറുപ്പ് നിറത്തിൽ പ്രത്യേക ഡിസൈനുമായി ത്രീ ലെയർ ഡാഷ്ബോർഡുമാണ് കർവ്വിന്റെ ഇന്റീരിയറിൽ ക്രമീകരിച്ചിരുക്കുന്നത്.

രണ്ട് ഫ്രീ-സ്റ്റാൻഡിംഗ് ഡിജിറ്റൽ സ്‌ക്രീനുകളാണ് വാഹനത്തിൽ ക്രമീകരിച്ചിരിക്കുന്നത്. അതിൽ ഒന്ന് ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിനും മറ്റൊന്ന് ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിനുമാണ്. ഇവ ഡാഷ്‌ബോർഡിന്റെ ഭംഗി വർദ്ധിപ്പിക്കുന്നു. പുതിയ ടു-സ്പോക്ക് ഫ്‌ളാറ്റ് ബോട്ടം സ്റ്റിയറിംഗ് വീൽ ഡിസൈനും വാഹനത്തിന്റെ അഴകിന് മുതൽ കൂട്ടാണ്.

ടാറ്റയുടെ ജനറേഷൻ 2 ഇവി ആർക്കിടെക്ചറിലാണ് കർവ്വ് തയ്യാറാക്കുക. ഒന്നിലധികം ബോഡിസ്‌റ്റൈലുകളും പവർട്രെയിൻ ഓപ്ഷനുകളും ഉൾക്കൊള്ളുന്നതിനായി രൂപകൽപ്പന ചെയ്തിരിക്കുന്ന ആർക്കിടെക്ചറാണിത്. വലിയ ബാറ്ററികൾക്കും മികച്ച പവർട്രെയിൻ ഓപ്ഷനുകൾക്കും അനുയോജ്യമായ രീതിയിൽ പരിഷ്‌കരിച്ച ഈ പ്ലാറ്റ്ഫോമിന് ഓൾ-വീൽ ഡ്രൈവ് ലേഔട്ട് നൽകുന്ന ഡ്യുവൽ മോട്ടോർ സെറ്റപ്പ് ഘടിപ്പിക്കാൻ സാധിക്കും.

ഇലക്ട്രിക് എസ് യുവിയായി ആദ്യം എത്തുന്ന കർവ്വ്, പിന്നീട് പെട്രോൾ അല്ലെങ്കിൽ ഡീസൽ എഞ്ചിനിലും ടാറ്റ മോട്ടോഴ്സ് അവതരിപ്പിക്കും. 400-500 കിലോമീറ്റർ സർട്ടിഫൈഡ് റേഞ്ച് ഇലക്ട്രിക് പതിപ്പിനുണ്ടാവും എന്നാണ് റിപോർട്ടുകൾ.

Related Articles

Back to top button