Kerala

തെക്കേ ഗോപുരനട തള്ളിതുറക്കാൻ ഇത്തവണ കൊമ്പൻ ശിവകുമാർ

“Manju”

തൃശൂർ; പൂരച്ചടങ്ങുകൾക്ക് ഇത്തവണയും തുടക്കമിടുന്നത് കൊമ്പൻ എറണാകുളം ശിവകുമാർ. കൊച്ചിൻ ദേവസ്വം ബോർഡാണ് ഇക്കാര്യം അറിയിച്ചത്. പൂരവിളംബരത്തിന് നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റി, ശിവകുമാർ വടക്കുംനാഥന്റെ തെക്കേഗോപുരവാതിൽ തുറക്കുമെന്ന് കൊച്ചിൻ ദേവസ്വം അറിയിച്ചു.

ദേവസ്വത്തിന്റെ സ്വന്തം ആനയാണ് എറണാകുളം ശിവകുമാർ. കഴിഞ്ഞ തവണയും ശിവകുമാറാണ് തിടമ്പേറ്റിയത്. സാധാരണയായി ഗോപുരവാതിൽ തള്ളി തുറക്കുന്ന ചടങ്ങ് നിർവഹിച്ചിരുന്നത് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനായിരുന്നു. 2019ലെ പൂരത്തിനായിരുന്നു ഒടുവിൽ രാമചന്ദ്രൻ ഗോപുരനട തള്ളിതുറന്നത്. കൊറോണ ആരംഭിച്ചതിന് ശേഷം രാമചന്ദ്രൻ ചടങ്ങ് നിർവഹിച്ചിട്ടില്ല.

കൊറോണ മാനദണ്ഡങ്ങൾ പാലിച്ച് എല്ലാ ചടങ്ങുകളോടും കൂടി തൃശൂർ പൂരം നടത്തുമെന്ന് ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് പ്രഖ്യാപിച്ചത്. വെടിക്കെട്ടിനും അനുമതി ലഭിച്ചിരുന്നു. മെയ് പത്തിനാണ് ഇത്തവണ തൃശൂർ പൂരം. മഹാമാരിയെ തുടർന്ന് കഴിഞ്ഞ രണ്ട് വർഷവും അതീവ നിയന്ത്രണങ്ങളോടെയായിരുന്നു ചടങ്ങുകൾ നടന്നിരുന്നത്. എന്നാൽ ഇത്തവണ പൂരപ്രേമികൾക്ക് പൂരനഗരിയിൽ പ്രവേശനമുണ്ടാകുമെന്നും മൂൻ വർഷങ്ങളിലേത് പോലെ മികച്ച രീതിയിൽ പൂരം നടത്തുമെന്നും ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണനും വ്യക്തമാക്കിയിട്ടുണ്ട്.

Related Articles

Back to top button