KeralaLatest

കെയര്‍ ഹോമിലുള്ളവരെ പ്രത്യേകം ശ്രദ്ധിക്കണം

“Manju”

സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ ചെറിയതോതിൽ കൂടുന്നതിനാല്‍ കെയര്‍ ഹോമിലുള്ളവരെ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ജില്ലകളിലെ കെയര്‍ ഹോമുകള്‍ ഗൗരവത്തോടെ കാണണമെന്നും ഒരാള്‍ക്ക് കൊവിഡ് ബാധിച്ചാല്‍ കെയര്‍ ഹോമിലുള്ള എല്ലാവരേയും പരിശോധിക്കണമെന്നും മന്ത്രി നിർദേശിച്ചു. അല്ലെങ്കില്‍ അവര്‍ക്ക് രോഗം ഗുരുതരമാകാന്‍ സാധ്യതയുണ്ടെന്നും മന്ത്രി പറഞ്ഞു. കൊവിഡ് സ്ഥിതി വിലയിരുത്തുന്നതുസംബന്ധിച്ച് ആരോഗ്യ വകുപ്പിന്റേയും ജില്ലാകളക്ടര്‍മാരുടേയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

ആരോഗ്യ വകുപ്പ് സംസ്ഥാനതല, ജില്ലാതല പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നേരത്തെ തന്നെ ശക്തമാക്കിയിരുന്നു. കൊവിഡ് രോഗികള്‍ക്ക് സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികള്‍ പ്രത്യേകമായി കിടക്കകള്‍ മാറ്റിവയ്ക്കാന്‍ നേരത്തെ തന്നെ പറഞ്ഞിരുന്നു. എന്നാല്‍ ചില സ്വകാര്യ ആശുപത്രികള്‍ ചികിത്സയിലുള്ളവര്‍ക്ക് കൊവിഡ് ബാധിക്കുമ്പോള്‍ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് പറഞ്ഞു വിടുന്നെന്ന പരാതിയുണ്ട്. ജില്ലാ കളക്ടര്‍മാര്‍ സ്വകാര്യ ആശുപത്രികളുടെ യോഗം വിളിച്ചുചേര്‍ത്ത് നിര്‍ദേശം നല്‍കണമെന്നും മന്ത്രി പറഞ്ഞു.

ജില്ലകള്‍ സജ്ജമാണെന്ന് കളക്ടര്‍മാര്‍ അറിയിച്ചു. എല്ലാ ജില്ലകളും സര്‍ജ് പ്ലാന്‍ തയ്യാറാക്കിയിട്ടുണ്ട്. ആശുപത്രികള്‍ കൊവിഡും നോണ്‍ കൊവിഡും ഒരുപോലെ കൊണ്ട് പോകണം. എറണാകുളം, തിരുവനന്തപുരം ജില്ലകള്‍ പരിശോധനകള്‍ കാര്യമായി നടത്തുന്നുണ്ട്. ഇനിയും പരിശോധനകള്‍ കൂട്ടണം. കേസുകള്‍ കൂടുന്നെങ്കിലും ആശങ്കപ്പെടേണ്ടതില്ല.

വ്യാപനശേഷി വളരെ കൂടുതലാണ്. അതിനാല്‍ പ്രമേഹം, രക്തസമ്മര്‍ദം തുടങ്ങിയ മറ്റ് രോഗങ്ങളുള്ളവര്‍, പ്രായമായവര്‍, കുട്ടികള്‍, ഗര്‍ഭിണികള്‍ എന്നിവര്‍ പ്രത്യേകം ശ്രദ്ധിക്കണം. കിടപ്പ് രോഗികളുള്ള വീട്ടിലുള്ളവര്‍ പുറത്ത് പോയി വരുമ്പോഴും പ്രത്യേകം ശ്രദ്ധിക്കണം. പ്രമേഹം, രക്തസമ്മര്‍ദം തുടങ്ങിയ മറ്റ് രോഗങ്ങളുള്ളവര്‍, പ്രായമായവര്‍, കുട്ടികള്‍, ഗര്‍ഭിണികള്‍ എന്നിവര്‍ മാസ്‌ക് ധരിക്കണം. ആരോഗ്യ പ്രവര്‍ത്തകര്‍ എന്‍ 95 മാസ്‌ക് ധരിക്കണം. ആശുപത്രിയില്‍ പോകുന്നവര്‍ കൃത്യമായി മാസ്‌ക് ധരിക്കണം.

Related Articles

Back to top button