KeralaLatest

കാല്‍നട യാത്രക്കാരനെ ആദ്യം ഇടിച്ചത് പിക്കപ്പ് വാന്‍

“Manju”

തൃശൂര്‍ : കുന്ദംകുളത്ത് കാല്‍നടയാത്രക്കാരന്‍ കെ സ്വിഫ്റ്റ് ഇടിച്ച മരിച്ച സംഭവത്തില്‍ വഴിത്തിരിവ്. കെ സ്വിഫ്റ്റ് ബസ് അല്ല, ഇയാളെ പിക്കപ്പ് വാനാണ് ആദ്യം ഇടിച്ചതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്നും വ്യക്തമായി. ഇന്ന് രാവിലെ 5.30 ഓടെയാണ് അപകടം നടന്നത്. തമിഴ്നാട് സ്വദേശി പരസ്വാമി (55) ആണ് മരിച്ചത്. കുന്നംകുളം മലയ ജംഗ്ഷന് മുന്നില്‍ വെച്ച്‌ തൃശൂര്‍-കോഴിക്കോട് റൂട്ടിലോടുന്ന കെ-സ്വിഫ്റ്റ് ബസാണ് ഇയാളെ ഇടിച്ചത് എന്നാണ് ആദ്യം ലഭിച്ച വിവരം. എന്നാല്‍ അതുവഴി പോയ പിക്കപ്പ് വാനാണ് കാല്‍നടയാത്രക്കാരനെ ഇടിച്ചത് എന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്നും വ്യക്തമായി.

ചായ കുടിക്കാനായി റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. അപകടത്തിന് ശേഷം ബസ് നിര്‍ത്താതെ പോയെന്നും റിപ്പോര്‍ട്ടുകള്‍ വന്നു. എന്നാല്‍ ആദ്യം യാത്രികനെ ഇടിച്ചത് പിക്കപ്പ് വാനായിരുന്നു. ഇടിച്ച്‌ നിലത്ത് വീണ പരസ്വാമിക്ക് മുകളിലൂടെ പിന്നീടാണ് കെ സ്വിഫ്റ്റ് ബസ് കയറി ഇറങ്ങിയത്. പരസ്വാമിയുടെ കാലിലൂടെ ബസ് കയറിയിറങ്ങുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. അപകടം കെ സ്വിഫ്റ്റിന്റെ ഡ്രൈവര്‍ അറിഞ്ഞില്ലെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. പോലീസ് എത്തിയാണ് പരസ്വാമിയെ ആശുപത്രിയില്‍ എത്തിച്ചത്. പരിക്ക് ഗുരുതരമായതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Related Articles

Back to top button