IndiaLatest

പണം കൊടുത്ത് ടിക്കറ്റെടുത്ത് മ്യൂസിയത്തിലെ ആദ്യ സന്ദര്‍ശകനായി പ്രധാനമന്ത്രി

“Manju”

ന്യൂഡല്‍ഹി: ഇന്ത്യയെ ഇന്നത്തെ നിലയിലേക്ക് എത്തിച്ചത്തില്‍ എല്ലാ സര്‍ക്കാരുകള്‍ക്കും പങ്കുണ്ടായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ 14 പ്രധാനമന്ത്രിമാരുടെ ജീവിതവും സംഭാവനകളും വിശദമാക്കുന്ന പ്രധാനമന്ത്രി സംഗ്രഹാലയമ്യൂസിയം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉദ്ഘാടനത്തിനു പിന്നാലെ ഡിജിറ്റലായി പണം നല്‍കി ടിക്കറ്റെടുത്ത അദ്ദേഹം തന്നെ മ്യൂസിയത്തിലെ ആദ്യ സന്ദര്‍ശകനുമായി.

സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികം ആഘോഷിക്കുന്ന ഈ സമയത്ത് മ്യൂസിയം രാജ്യത്തിന് വലിയ പ്രചോദനമാണ്. ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രിമാരുടെ കുടുംബങ്ങള്‍ ഇവിടെയുണ്ട്. അവരുടെ സാന്നിധ്യത്താല്‍ ഈ ചടങ്ങ് മനോഹരമായെന്നും അദ്ദേഹം പറഞ്ഞു.

ഭരണഘടനാപരമായ ജനാധിപത്യ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് രാജ്യത്തെ ഓരോ പ്രധാനമന്ത്രിയും തങ്ങളുടേതായ സംഭാവന നല്‍കിയിട്ടുണ്ട്. അവരെ ഓര്‍ക്കുക എന്നത് സ്വതന്ത്ര ഇന്ത്യയുടെ യാത്രയെ അറിയുക എന്നതിന് സമമാണ്. മ്യൂസിയം സന്ദര്‍ശിക്കുന്ന എല്ലാവരും അവരുടെ സംഭാവനകളെ കുറിച്ച്‌ അറിയുമെന്നത് തീര്‍ച്ചയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രു മുതല്‍ മന്‍മോഹന്‍ സിംഗ് വരെയുള്ളവരുടെ ജീവചരിത്രം, സംഭാവനകള്‍, എന്നിവയ്‌ക്കൊപ്പം സ്വതന്ത്ര ഇന്ത്യയുടെ ചരിത്രഗാഥയും മ്യൂസിയത്തിലുണ്ട്. രാജ്യവും ജനാധിപത്യവും തമ്മിലുള്ള ബന്ധം സൂചിപ്പിക്കുന്ന ധര്‍മ്മ ചക്രമേന്തിയ കൈകള്‍ആണ് ലോഗോ.

ഇന്ത്യന്‍ ചരിത്ര സംഭവങ്ങളുടെ വിശദാംശങ്ങളും നേതാക്കള്‍ക്ക് ലഭിച്ച ഉപഹാരങ്ങള്‍, സ്മരണികകള്‍, പ്രധാനമന്ത്രിമാരുടെ പ്രസംഗങ്ങള്‍, അവരുടെ ജീവിതം, ഇന്ത്യന്‍ രാഷ്ട്രീയ ഗതി വിഗതികള്‍ക്ക് രൂപം നല്‍കിയ വിവിധ ആശയങ്ങള്‍ തുടങ്ങി 43 ഗാലറികളാണ് മ്യൂസിയത്തിലുള്ളത്. വ്യക്തികളുടെയും സംഭവങ്ങളുടെയും വിവരണമുള്ള വീഡിയോ, ഫോട്ടോ, ഓഡിയോ എന്നിവയുടെ പ്രദര്‍ശനവുമുണ്ട്.

നെഹ്രുവിന്റെ പേരില്‍ അറിയപ്പെടുന്ന തീന്‍മൂര്‍ത്തി ഭവന്‍ വളപ്പില്‍ 10,000 ചതുരശ്ര അടി വിസ്തൃതിയില്‍ 271 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച കെട്ടിടത്തിലാണ് പ്രധാനമന്ത്രി സംഗ്രഹാലയം. ആദ്യകാലത്ത് ബ്രിട്ടീഷ് സേനാ മേധാവിയുടെ ആസ്ഥാനമായിരുന്ന തീന്‍മൂര്‍ത്തി ഭവന്‍ 1947നു ശേഷം പ്രധാനമന്ത്രി നെഹ്രുവിന്റെ ഔദ്യോഗിക വസതിയും ഓഫീസുമായി. നെഹ്രു മ്യൂസിയം, ലൈബ്രറി, നെഹ്രു പ്ലാനറ്റേറിയം എന്നിവ ഇവിടെയുണ്ട്. നെഹ്രു മെമ്മോറിയല്‍ മ്യൂസിയം ആന്‍ഡ് ലൈബ്രറി എക്സിക്യൂട്ടീവ് കൗണ്‍സില്‍ അദ്ധ്യക്ഷനും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ നൃപേന്ദ്ര മിശ്രയാണ് പ്രധാനമന്ത്രി സംഗ്രഹാലയയുടെ സൂത്രധാരന്‍.

 

Related Articles

Back to top button