KeralaLatest

നൂറുരൂപയുണ്ടെങ്കില്‍ അഷ്ടമുടിക്കായലിന്റെ മദ്ധ്യത്തിലിറങ്ങി കിലോമീറ്ററുകള്‍ നടക്കാം

“Manju”

കൊല്ലം ; ആഴത്തിന്റെ കാര്യത്തില്‍ കേരളത്തിലെ നമ്പര്‍ വണ്‍ ആയ അഷ്ടമുടിക്കായലിന്റെ മദ്ധ്യത്തിലിറങ്ങി കിലോമീറ്ററുകളോളം നടക്കണമെന്ന് ആഗ്രഹമുണ്ടോ? എങ്കില്‍ കാെല്ലം ജില്ലയിലെ സാമ്പ്രാണിക്കോടിയിലേക്ക് തിരിച്ചോളൂ. നിങ്ങളുടെ ആഗ്രഹം സഫലമാകും. കായലിലൂടെ നടക്കുകമാത്രമല്ല മീനും ഞണ്ടും പിടിക്കാം. ഒപ്പം ജീവനുള്ള കക്കയും ചിപ്പിയും ശംഖും പെറുക്കിയെടുക്കുകയും ചെയ്യാം.

കൊല്ലം ജില്ലയിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് സാമ്പ്രാണിക്കോടി. പുരാതന കാലത്ത് ചൈനയില്‍ നിന്നുള്ള ചെറിയ കപ്പലുകള്‍ ഈ തീരത്ത് നങ്കൂരമിട്ടിരുന്നു. നാട്ടുകാര്‍ ഇതിനെ ‘ചംബ്രാണി’ എന്നാണ് വിളിച്ചിരുന്നത്. പിന്നീട് ഈ സ്ഥലം സാമ്പ്രാണിക്കോടി ആയി അറിയപ്പെടുകയും ചെയ്തു എന്നാണ് കരുതുന്നത്. കൊല്ലം മുതല്‍ വടക്കോട്ട് എട്ട് ശാഖകളായി 50 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയാണ് അഷ്ടമുടിക്കായലിനുള്ളത്. സാമ്പ്രാണിക്കോടിയില്‍ നിന്നാണ് കായല്‍ എട്ടുശാഖകളായി തിരിയുന്നത്.

പ്രകൃതി അതിന്റെ നിഷ്‌കളങ്കത ആവോളം നിറച്ചുവച്ച സ്ഥലം എന്ന് സാമ്പ്രാണിക്കോടിയെപ്പറ്റി പറഞ്ഞാല്‍ അതില്‍ ഒട്ടും അതിശയോക്തിയില്ല. കായലിന്റെ തെക്കേ അറ്റത്തുള്ള കണ്ടലുകള്‍ നിറഞ്ഞ രണ്ടേക്കറോളം വരുന്ന തുരുത്താണ് സാമ്പ്രാണിക്കോടി. തീരത്തുനിന്ന് നോക്കുമ്പോള്‍തന്നെ ഈ തുരുത്തിന്റെ മനോഹാരിത ആസ്വദിക്കാം. തുരുത്തില്‍ കാലുകുത്തിയാല്‍ തിരികെ വരാന്‍ തോന്നില്ലെന്നതാണ് സത്യം. മുട്ടറ്റം വെള്ളത്തില്‍ കിലോമീറ്ററുകളോളം ചുറ്റിനടക്കാം. ഒന്നിനെയും പേടിക്കേണ്ട. അപകടങ്ങള്‍ ഉള്ളിലൊളിപ്പിക്കാത്ത തികച്ചും ശാന്തമായ കായല്‍. ഇങ്ങനെ ചുറ്റിനടക്കുന്നതിനിടെ ജീവനുള്ള ശംഖുകളും കരിമീനുകളും നിങ്ങള്‍ക്കൊപ്പം കൂടും.

തുരുത്തില്‍ കാലുകുത്തിയാല്‍ ഫോട്ടോ എടുക്കാന്‍ അറിയാത്തവര്‍ പോലും മികച്ച ഫോട്ടോഗ്രാഫര്‍മാര്‍ ആയി മാറും. എവിടെത്തിരിഞ്ഞൊന്ന് നോക്കിയാലും അവിടെല്ലാം അടിപൊളി ഫ്രെയിമുകള്‍ മാത്രം. കണ്ടല്‍ മരങ്ങളില്‍ ഇരുന്നും കിടന്നും ഊഞ്ഞാലാടിയുമൊക്കെ ഫോട്ടോയ്ക്ക് പോസുചെയ്യാം. വിവാഹത്തിനുമുമ്പുള്ള ഫോട്ടോ ഷൂട്ടിനും പറ്റിയ ഇടം. കായലിലൂടെ നടന്ന് മീന്‍പിടിക്കുന്ന അത്യപൂര്‍വ കാഴ്ചയും ഭാഗ്യമുണ്ടെങ്കില്‍ കാണാം.

കടവില്‍ നിന്ന് ബോട്ടുവഴി തുരുത്തിലെത്താം. ഒരാള്‍ക്ക് നൂറുരൂപയാണ് നിരക്ക് (തുരുത്തിലേക്ക് പോകാനും തിരികെ വരാനും). ഇനി ശിക്കാര വള്ളത്തില്‍ യാത്രചെയ്യണമെങ്കില്‍ അതിനും അവസരമുണ്ട്. അതിനും നൂറുരൂപതന്നെയാണ്. ആവശ്യക്കാര്‍ക്ക് പാക്കേജ് ഓട്ടവും ലഭ്യമാണ്. തുരുത്തിലെത്തിയാല്‍ ചെറുവള്ളങ്ങളില്‍ കായലിന്റെ മറ്റുഭാഗങ്ങളിലേക്ക് പോകാനുള്ള സൗകര്യവും ലഭിക്കും. ആളാെന്നിന് അന്‍പതുരൂപയാണ് ഇവര്‍ ഈടാക്കുന്നത്. കരിമീനും കപ്പയും ഞണ്ടും ഉള്‍പ്പടെയുള്ള തനി നാടന്‍ ഭക്ഷണം കഴിക്കണമെന്ന് ആഗ്രഹമുണ്ടെങ്കില്‍ അതും നടക്കും. പക്ഷേ, മുന്‍കൂട്ടി പറയണമെന്ന് മാത്രം.

റോഡുമാര്‍ഗം എളുപ്പത്തില്‍ സാമ്പ്രാണിക്കോടി ജെട്ടിയില്‍ എത്താം. കൊല്ലം ബൈപ്പാസിലെ കടവൂര്‍ സിഗ്നലില്‍നിന്ന് ഇടത്തേക്ക് തിരിഞ്ഞ് അഞ്ചാലുംമൂട്ടിലെത്താം. അവിടെ നിന്ന് പ്രാക്കുളം വഴി കടവിലെത്തിച്ചേരാം. അല്പം വളവും തിരിവും ഉണ്ടെങ്കിലും കുണ്ടും കുഴിയും ഇല്ലാത്ത മനോഹരമായ റോഡാണിത്. വാഹനങ്ങള്‍ പാര്‍ക്കുചെയ്യാനുള്ള സൗകര്യവും ഉണ്ട്. ബസ് സര്‍വീസും ഇവിടേക്കുണ്ട്.

Related Articles

Back to top button