KeralaLatest

ഭൂമിയില്‍ എങ്ങനെ ജീവനുണ്ടായി എന്നതിന് ഉത്തരവുമായി ​ഗവേഷകര്‍

“Manju”

ജീവനെ സംബന്ധിച്ച്‌ മനുഷ്യന്‍ ലോകമെമ്പാടും പരീക്ഷണങ്ങള്‍ നടത്തുകയാണ്. എക്കാലവും മനുഷ്യന്‍ ചിന്തിച്ചിരുന്നത് ഭൂമിയില്‍ എങ്ങനെ ജീവനുണ്ടായി എന്നും പ്രപഞ്ചത്തില്‍ മറ്റെവിടെയെങ്കിലും ജീവനുണ്ടോ എന്നുമായിരുന്നു.
ഇത് സംബന്ധിച്ച ​അന്വേഷണങ്ങള്‍ മനുഷ്യര്‍ ഇന്നും തുടരുകയാണ്. ഇപ്പോഴിതാ, ഭൂമിയില്‍ എങ്ങനെ ജീവനെത്തി എന്നതിന് ഉത്തരം കണ്ടെത്തിയിരിക്കുകയാണ് ഒരുകൂട്ടം ശാസ്ത്രജ്ഞര്‍. ഭൂമിയില്‍ ജീവന്‍ ഉടലെടുക്കാന്‍ സഹായകമായ ജൈവ രാസസംയുക്തങ്ങള്‍ ഭൂമിയിലെത്തിയത് അഗാധ ബഹിരാകാശത്തില്‍ നിന്നെന്നാണ് പുതിയ പഠന റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. ജപ്പാനിലെ ഹൊക്കെയ്ദോ സര്‍വകലാശാലയിലെ ശാസ്ത്രജ്ഞരാണ് പുതിയ കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്.
നേച്വര്‍ കമ്യൂണിക്കേഷന്‍സ് എന്ന ശാസ്ത്ര ജേണലില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. ഭൂമിയില്‍ പതിച്ച മൂന്ന് കാര്‍ബണേഷ്യസ് വിഭാഗത്തില്‍ പെടുന്ന ഉല്‍ക്കകളില്‍ ന്യൂക്ലിയോബേസുകളുടെ സാന്നിധ്യം കണ്ടെത്തിയതാണ് നിഗമനത്തിലേക്ക് ശാസ്ത്രജ്ഞരെ നയിച്ചത്. ഡിഎന്‍എയുടെ പ്രശസ്തമായ ഇരട്ടപിരിയന്‍ കോവണി ഘടനയ്ക്കു കാരണമായ നൈട്ര‍ജന്‍ അടങ്ങിയ രാസസംയുക്തങ്ങളാണു ന്യൂക്ലിയോബേസുകള്‍. ഡിഎന്‍എ നിര്‍മിതമായിരിക്കുന്നത് അഡനിന്‍, ഗ്വാനിന്‍, തൈമിന്‍, സൈറ്റോസിന്‍, തുടങ്ങിയ ന്യൂക്ലിയര്‍ ബേസുകളാലാണ്. ഇതില്‍ പലതും ഉല്‍ക്കയില്‍ നിന്നു കണ്ടെത്തി.
1950ല്‍ യുഎസ് സംസ്ഥാനം കെന്റക്കിയിലെ മറേയില്‍ വീണ ഉല്‍ക്ക, 1969ല്‍ ഓസ്ട്രേലിയയിലെ വിക്ടോറിയ സംസ്ഥാനത്തെ മര്‍ച്ചസണ്‍ പട്ടണത്തില്‍ വീണ മറ്റൊരു ഉല്‍ക്ക, 2000ല്‍ കാനഡയിലെ ബ്രിട്ടിഷ് കൊളംബിയ പ്രവിശ്യയിലെ ടാഗിഷ് തടാകത്തിനു സമീപം വീണ വേറൊരു ഉല്‍ക്ക എന്നിവയാണ് ശാസ്ത്രജ്ഞര്‍ പരിശോധനയ്ക്കു വിധേയമാക്കിയത്. കാര്‍ബണേഷ്യസ് വിഭാഗത്തില്‍ പെടുന്ന ഈ ഉല്‍ക്കകളെല്ലാം തന്നെ സൗരയൂഥത്തിന്റെ തുടക്കകാലത്തുള്ള പാറ നിറഞ്ഞവയാണ്.
ഉല്‍ക്ക, ഛിന്നഗ്രഹങ്ങള്‍, വാല്‍നക്ഷത്രങ്ങള്‍ തുടങ്ങിയ ബഹിരാകാശ വസ്തുക്കളിലേതെങ്കിലുമാകാം ഭൂമിയില്‍ ജീവനെത്തിച്ചതെന്ന സിദ്ധാന്തം പണ്ടേയുള്ളതാണ്. ഇതിനു ബലം പകരുന്നതാണ് പുതിയ ഗവേഷണമെന്നു ശാസ്ത്രജ്ഞര്‍ പറയുന്നു.
എന്നാല്‍ സങ്കീര്‍ണമായ ജീവന്‍ എങ്ങനെ ഭൂമിയില്‍ ഉദ്ഭവിച്ചു എന്നതു സംബന്ധിച്ച്‌ സമഗ്രമായ ഉത്തരം നല്‍കാന്‍ ഈ ഗവേഷണത്തിന് ആകില്ലെന്ന് നാസ ഗൊഡാര്‍ഡ് സ്പേസ് ഫ്ലൈറ്റ് സെന്ററിലെ ഡാനി ഗ്ലാവിന്‍ പറഞ്ഞു. ഹൊക്കെയ്ദോ സര്‍വകലാശാലയിലെ ഗവേഷകര്‍ക്കൊപ്പം ഗ്ലാവിനും ഗവേഷണത്തില്‍ പങ്കാളിയായിരുന്നു. ജീവന്‍ എങ്ങനെ ഉണ്ടായെന്ന് പൂര്‍ണമായി പറയാന്‍ സാധിക്കില്ലെങ്കിലും ജീവന്‍ ഉദ്ഭവിക്കുന്നതിനു മുന്‍പ് ഭൂമിയിലുണ്ടായിരുന്ന പ്രീബയോട്ടിക് അവസ്ഥയെപ്പറ്റി വിവരങ്ങള്‍ തരാന്‍ പഠനം ഉപകരിക്കുമെന്നാണു ശാസ്ത്രജ്ഞരുടെ അഭിപ്രായം.

Related Articles

Back to top button