LatestWayanad

റബ്ബര്‍ വില13 വര്‍ഷം പിന്നിലേക്ക്

“Manju”

വടക്കഞ്ചേരി: റബ്ബര്‍ വില 13 വര്‍ഷം മുമ്ബുള്ള വിലയിലേക്കെത്തി. 2008-ലാണ് റബ്ബര്‍ വില 185 രൂപ കടന്നത്. കോട്ടയം മാര്‍ക്കറ്റില്‍ നാലാംഗ്രേഡ് റബ്ബര്‍ ഷീറ്റിന് 188 രൂപയും തരംതിരിക്കാത്തത് 184 രൂപയുമായി ഉയര്‍ന്നതോടെ താങ്ങുവിലയായ 170 രൂപയ്ക്ക് മുകളിലെത്തി.
സെപ്തംബറില്‍ ഉല്പാദനം ആരംഭിക്കേണ്ട പുതിയ തോട്ടങ്ങളിലും മഴമറ ഇടാത്ത തോട്ടങ്ങളിലും ഉല്പാദനം ആരംഭിക്കാന്‍ കഴിയാത്തത് വിപണിയില്‍ റബ്ബര്‍ ആവശ്യത്തിന് എത്താത്തതാണ് വിലവര്‍ദ്ധനവിന് കാരണം. ഒരു മാസത്തിനകം 18 രൂപ വര്‍ദ്ധിക്കുന്നത് വര്‍ഷങ്ങള്‍ക്ക് ശേഷമാണെന്നും വില വര്‍ദ്ധിച്ചിട്ടും പ്രാദേശിക വ്യാപാരികള്‍ക്ക് ഷീറ്റ് റബ്ബര്‍ ലഭിക്കുന്നില്ലെന്നും വ്യാപാരികള്‍ പറയുന്നു. ഷീറ്റ് റബ്ബറിനോടൊപ്പം ഒട്ടുപാലിനും വില ഉയര്‍ന്നിട്ടുണ്ട്. 15 ദിവസം കൊണ്ട് 102 രൂപയില്‍ നിന്ന് 113 രൂപയായി ഉയര്‍ന്നു.
അസംസ്‌കൃത വസ്തുക്കളുടെ വിലവര്‍ദ്ധനവ് കര്‍ഷകര്‍ക്ക് തിരിച്ചടി
റബ്ബര്‍ വിലവര്‍ദ്ധനവ് കര്‍ഷകരില്‍ പ്രതീക്ഷ ഉണര്‍ത്തിയെങ്കിലും അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ദ്ധനവ് കര്‍ഷകരെ നിരാശരാക്കുന്നു. റബ്ബര്‍ പാല്‍ ഉറഒഴിച്ച്‌ ഷീറ്റാക്കി മാറ്റാന്‍ ഉപയോഗിക്കുന്ന ആസിഡിനും വില വര്‍ദ്ധിച്ചു. 35കിലോ വരുന്ന ഒരു ബാരല്‍ ഫോര്‍മിക് ആസിഡ് വില 3700 രൂപയില്‍ നിന്ന് 5350 രൂപയായി ഉയര്‍ന്നു. ഗുജറാത്തില്‍ നിന്നുള്ള പ്രധാന ആസിഡ് കമ്ബനിയില്‍ ഉല്പാദനം കുറഞ്ഞതാണ് വിപണിയില്‍ ആസിഡ് ക്ഷാമത്തിനും വിലവര്‍ദ്ധനയ്ക്കും കാരണമായതെന്ന് വ്യാപാരികള്‍ പറയുന്നു. കൂടാതെ ഇറക്കുമതി ചെയ്യുന്ന മലേഷ്യ, ജര്‍മനി തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ആസിഡും കണ്ടൈനര്‍ ക്ഷാമംമൂലം വരുന്നത് ചുരുങ്ങിയത് വിലവര്‍ധനവിന് കാരണമായി.
വ്യവസായ ഉല്പന്നങ്ങളുടെ വിലയും മേലോട്ട്
വ്യവസായ ഉല്പന്നങ്ങളായ ഇരുമ്ബ്, അലൂമിനിയം എന്നിവയുടെ വില വര്‍ദ്ധനവും റബര്‍ മേഖലയെ കൂടുതല്‍ പ്രതിസന്ധിയിലാക്കുന്നു. റബ്ബര്‍ ഉറ ഒഴിക്കാന്‍ ഉപയോഗിക്കുന്ന ഒരു അലൂമിനിയം ഡിഷ് വില 180 രൂപയില്‍ നിന്ന് 240 രൂപയായി. രണ്ടാംതരം അലൂമിനിയം ഡിഷിന് 175 രൂപയില്‍ നിന്ന് 210 രൂപയായും ഉയര്‍ന്നു. പുതിയ മരങ്ങളില്‍ ടാപ്പിംഗ് ആരംഭിക്കുന്നതിന് മരത്തില്‍ ചിരട്ടകെട്ടി ഉറപ്പിച്ചു നിര്‍ത്തുന്ന കമ്ബി ഒരു കിലോയ്ക്ക് 102 രൂപയില്‍ നിന്ന് 117 രൂപയായി. 600 മില്ലിയുടെ പ്ലാസ്റ്റിക് ചിരട്ട 2.50 നിന്ന് മൂന്നു രൂപയായി. 900 മില്ലിയുടെ ചിരട്ട 2.75 നിന്നും 3.50 രൂപയുമായി. റബ്ബര്‍ ഷീറ്റ് പൂപ്പല്‍ പിടിക്കാതിരിക്കാന്‍ ഉപയോഗിക്കുന്ന ആന്‍ഡി ഫംഗല്‍ ഫെനോള്‍ പൊടികള്‍ 200 ഗ്രാമിന് 100നിന്നും 116 രൂപയായി ഉയര്‍ന്നു.

Related Articles

Back to top button