LatestThiruvananthapuram

47 സുഭിക്ഷ ഹോട്ടലുകള്‍ മെയ് 5ന് തുറക്കും

“Manju”

തിരുവനന്തപുരം ; സംസ്ഥാനത്തുടനീളം മെയ് അഞ്ചിന് 47 സുഭിക്ഷ ഹോട്ടലുകള്‍ തുറക്കുമെന്ന് ഭക്ഷ്യ-പൊതുവിതരണവകുപ്പ് മന്ത്രി ജി.ആര്‍ അനില്‍. ഏത് പ്രതിസന്ധിയിലും ജനങ്ങളെ ചേര്‍ത്തുപിടിക്കുന്ന സമീപനമാണ് സര്‍ക്കാരിനുള്ളതെന്നും മന്ത്രി പറഞ്ഞു. 13 നിത്യോപയോഗ സാധനങ്ങള്‍ പൊതുജനങ്ങള്‍ക്കായി വിലയില്‍ മാറ്റമില്ലാതെ നല്‍കുന്നുണ്ടെന്നും റേഷന്‍ കാര്‍ഡുടമകള്‍ക്ക് അവശ്യ സാധനങ്ങള്‍ സബ്‌സിഡി നിരക്കില്‍ നല്‍കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തിരുവനന്തപുരം കിളിമാനൂരിലെ പുതിയകാവില്‍ സുഭിക്ഷഹോട്ടല്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

പട്ടിണി പൂര്‍ണമായും ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാനത്തെ എല്ലാ നിയോജക മണ്ഡലങ്ങളിലും നടപ്പാക്കുന്ന പദ്ധതിയാണ് വിശപ്പ് രഹിത കേരളം -സുഭിക്ഷ ഹോട്ടല്‍. ആവശ്യക്കാര്‍ക്ക് 20 രൂപ നിരക്കില്‍ സുഭിക്ഷ ഹോട്ടലില്‍ നിന്ന് ഉച്ചയൂണ് ലഭിക്കും. മറ്റ് സ്പെഷല്‍ വിഭവങ്ങള്‍ വിലക്കുറവിലും ലഭിക്കും. പുതിയകാവില്‍ പ്രവര്‍ത്തനം ആരംഭിച്ച സുഭിക്ഷ ഹോട്ടലിന്റെ നടത്തിപ്പ് ചുമതല പഴയകുന്നുമ്മേല്‍ ശ്രീകൃഷ്ണ കുടുംബശ്രീ യൂണിറ്റിനാണ്. പുതിയകാവിലെ ഒമാന്‍ തുര്‍ക്കി കോംപ്ലക്സിലാണ് സുഭിക്ഷ ഹോട്ടല്‍ പ്രവര്‍ത്തിക്കുന്നത്. സര്‍ക്കാരിന്റെ നൂറ് ദിന കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്.

ഒ.എസ് അംബിക എം.എല്‍.എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കിളിമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.പി മുരളി, പഴയകുന്നുമ്മേല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.രാജേന്ദ്രന്‍, വൈസ് പ്രസിഡന്റ് ഷീബ എസ്.വി, വിവിധ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷന്മാര്‍, ത്രിതല പഞ്ചായത്ത് അംഗങ്ങള്‍,സിവില്‍ സപ്ലൈസ് കമ്മീഷണര്‍ സജിത് ബാബു, ജില്ലാ സപ്ലൈ ഓഫീസര്‍ സി.എസ് ഉണ്ണികൃഷ്ണകുമാര്‍, സിവില്‍ സപ്ലൈസ് ജീവനക്കാര്‍ എന്നിവരും പങ്കെടുത്തു.

Related Articles

Back to top button