KeralaLatest

ഒരു മാവില്‍ 30 ഇനം മാമ്പഴം

“Manju”

കോഴിക്കോട്: സിവില്‍ എന്‍ജിനിയറായ കാരശ്ശേരി പൊയിലില്‍ അബ്ദുവിന്റെ പുരയിടം ബഡ്ഡ് ചെയ്ത വിവിധ ഇനങ്ങളിലുള്ള മാവുകളുടെ വിസ്മയലോകമാണ്. ഒരു മാവില്‍ പതിനഞ്ചും മുപ്പതും ഇനം മാങ്ങകള്‍! എല്ലാം അബ്ദു പല സീസണുകളില്‍ ബ‌ഡ്ഡ് ചെയ്തവ. നമ്മുടെ കാലാവസ്ഥയില്‍ നിറയെ മാങ്ങ ലഭിക്കുന്ന കാട്ടുമാവും നാട്ടുമാവും മാതൃവൃക്ഷമാക്കി അതിലാണ് ‘വരത്തന്‍” മാവുകളുടെ കൊമ്പ് ബഡ്ഡ് ചെയ്ത് ചേര്‍ക്കുന്നത്. അഞ്ച് വര്‍ഷം മുമ്പ് “വൈറ്റ് മോണ്ടന്‍’ മാവ് ബഡ്ഡ് ചെയ്തായിരുന്നു തുടക്കം. പിന്നെ കിട്ടുന്ന ഇനങ്ങളെല്ലാം ബഡ്ഡ് ചെയ്യാന്‍ തുടങ്ങി.
സാധാരണ മാവ് പൂക്കാന്‍ പത്തു വര്‍ഷമെങ്കിലുമെടുക്കും. ബഡ്ഡ് ചെയ്താല്‍ പിറ്റേവര്‍ഷം തന്നെ മാങ്ങകള്‍ ലഭിക്കുമെന്നതാണ് ബഡ്ഡിംഗിനോട് താത്പര്യം കൂടാന്‍ കാരണം.

ഇത്തരത്തില്‍ ബഡ്ഡ് ചെയ്തെടുത്ത 150 വ്യത്യസ്ത ഇനങ്ങളിലുള്ള മാവുകളാണ് ഒന്നരയേക്കര്‍ കൃഷിയിടത്തിലുള്ളത്. ഓരോന്നിന്റെയും സീസണ്‍ പലതായതിനാല്‍ വീട്ടില്‍ മാമ്പഴം ഒഴിഞ്ഞ ദിവസമില്ലെന്ന് അബ്ദു പറയുന്നു. മാവ് കൃഷിയെക്കുറിച്ച്‌ ശാസ്ത്രീയമായി പഠിക്കുന്നതിന് ഇന്തോനേഷ്യയിലും തായ്ലന്‍ഡിലും പോയപ്പോള്‍ കണ്ട ബഡ്ഡിംഗ് രീതി വീട്ടുപറമ്പിലും പരീക്ഷിക്കുകയായിരുന്നു. അവിടങ്ങളില്‍ സ്കൂള്‍പാഠ്യപദ്ധതിയിലും കൃഷി ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് അബ്ദു പറയുന്നു.

നാം ദോക്ക് മായി, നൂര്‍ജഹാന്‍, ഒളോര്‍, ആപ്പിള്‍ റൊമേനിയന്‍, കാലാപ്പാടി, വൈറ്റ് മാല്‍ഡ, കോട്ടപ്പറമ്പന്‍, നീലന്‍, രത്നഗിരി, കറുത്ത മാങ്ങ, മല്ലിക തുടങ്ങി പാകിസ്ഥാന്‍, ഇന്തോനേഷ്യ, കൊല്‍ക്കത്ത, തായ്ലന്‍ഡ് എന്നിവിടങ്ങളില്‍ നിന്നെല്ലാം കൊണ്ടുവന്ന ഇനങ്ങളുമുണ്ട്. ലഭിക്കുന്ന മാങ്ങകള്‍ വീട്ടിലെത്തുന്ന അതിഥികള്‍ക്കും നഴ്സറിയിലെത്തുന്നവര്‍ക്കും സൗജന്യമായി നല്‍കുമെന്നല്ലാതെ മാമ്പഴം വിറ്റ് വരുമാനമുണ്ടാക്കാന്‍ അബ്ദു ആഗ്രഹിക്കുന്നില്ല. കാട്ടുമാവിലും (അട്ടപ്പാടിയിലും മറ്റും കാണപ്പെടുന്നു. കടുത്ത പുളിയായിരിക്കും മാങ്ങയ്ക്ക്) നാട്ടുമാവിലുമായി ബഡ്ഡ് ചെയ്ത് പിടിപ്പിച്ച 5000ത്തോളം തൈകള്‍ ഒരോ വര്‍ഷവും വില്‍ക്കുന്നുണ്ട്. കൂടാതെ എല്ലാ വര്‍ഷവും പരിസ്ഥിതി ദിനത്തില്‍ സുഹൃത്തുക്കളുമായി ചേര്‍ന്ന് വാട്ട്സ്‌ആപ്പ് കൂട്ടായ്മയ്ക്ക് 2,500 തൈകളും നല്‍കും. ഒപ്പം കുട്ടികള്‍ക്ക് കൃഷിയെക്കുറിച്ചും ബഡ്ഡിംഗിനെക്കുറിച്ചും ക്ലാസെടുക്കും.

കണ്‍സ്ട്രക്ഷന്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഈ അന്‍പത്തിനാലുകാരന് ചെറുപ്പത്തിലേ തുടങ്ങിയതാണ് കൃഷിക്കമ്പം. എല്ലാറ്റിനും സഹായികളായി ഭാര്യ സുബീനയും മക്കളായ ഫാത്തിമ തമന്ന, തന്‍സി ഹലി, ദില്‍ഷ നിയ, ഫിയ എന്നിവരും കൂടെയുണ്ട്.
ഫോണ്‍: 9846300215.

Related Articles

Back to top button