Article

കുടജാദ്രിയിലേക്കുള്ള ലാലിന്റെ വഴികാട്ടി; സ്വന്തം മരണം പ്രവചിച്ച ചന്തുക്കുട്ടി സ്വാമി ഇനി ഓർമ

“Manju”

വി ബി നന്ദകുമാർ

നടനവിസ്മയം മോഹന്‍ലാല്‍ ഒരിക്കല്‍ കുറിച്ച്. ഞാന്‍ ആ മഹാമനുഷ്യന്‍ ഉണ്ടാക്കിതന്ന കഞ്ഞിയും കുടിച്ച് ചാക്ക് പുതച്ച് കിടന്നുറങ്ങി. ആരാണ് മോഹന്‍ലാല്‍ പരാമര്‍ശിച്ച ആ മഹാമനുഷ്യന്‍. ചന്ദുക്കുട്ടി സ്വാമി. നമ്മില്‍ പലര്‍ക്കും ഇപ്പറഞ്ഞ ചന്ദുക്കുട്ടി സ്വാമിയെക്കുറിച്ച് അറിയില്ല. ഒരു സന്യാസി ,അല്ല അവദൂതന്‍,അതുമല്ല ഋഷി. ഇങ്ങനെയൊക്കെ വിശേഷിപ്പിക്കാനാകുന്ന ഇന്നലെവരെ നമുക്കിടയില്‍ ജീവിച്ചിരുന്ന മനുഷ്യന്‍. ചിലര്‍ അങ്ങനെയാണ്. മരിച്ച്  കഴിയുമ്പോഴാണ് അവര്‍ കൂടുതല്‍ പ്രകാശിതമാകുന്നത്. അതുവരെ പ്രകാശം പരത്തി ഒരിടത്ത് ഒതുങ്ങി കൂടി കഴിയുന്ന ഇവരെ കൂടുതല്‍ പേരറിയില്ല. നമുക്ക് മുന്നിലൂടെ കടന്നുപോയാലും നാം തിരിച്ചറിയാറില്ല. ഇങ്ങനെയുള്ള തേജസികളെ തിരിച്ചറിയണമെങ്കിൽ അതിനും വേണം ഒരു ദൈവീകത്വം. അല്ല… നമുക്ക് നേരത്തേ പറഞ്ഞ ചന്ദുസ്വാമിയെക്കുറിച്ച് പറയാം. സ്വന്തം മരണം നേരത്തേ പ്രവചിച്ച ആള്‍. അച്ചട്ട് പ്രവചിച്ചതുപോലെ, സ്വാമി രാമാനന്ദ സരസ്വതി  ഇഹലോകവാസം വെടിഞ്ഞു. ഇന്നലെ പുലര്‍ച്ചെ രണ്ടിനായിരുന്നു സ്വാമിയുടെ വിയോഗം. 98 വയസായിരുന്നു. കൊല്ലൂര്‍ രാമാനന്ദാശ്രമ സ്ഥാപകനും കൊല്ലൂരില്‍ തീര്‍ത്ഥാടകരുടെ ആത്മീയ വഴികാട്ടിയുമായിരുന്നു സ്വാമി.
കുടജാദ്രി യാത്രക്കിടയില്‍ കണ്ടു മുട്ടിയ സ്വാമി  മോഹന്‍ലാലിന് ഗുരു തുല്യനായിരുന്നു. ചന്തുക്കുട്ടി സ്വാമി എന്ന രാമാനന്ദ സരസ്വതി ഒരു അനുഭവമായിരുന്നു.  വെട്ടിത്തിളങ്ങുന്ന ഭൗതികതയില്‍ നില്‍ക്കുമ്പോഴും ആത്മീയ ഭക്ഷണം തേടി  മോഹന്‍ലാല്‍ സഞ്ചരിക്കുമായിരുന്നു. നേരത്തെ വിശേഷിപ്പിച്ചതുപോലെ അവധൂതനാണോ, സന്യാസിയാണോ, ഋഷിയാണോ എന്നതില്‍ എന്തു കാര്യം?  വന്നു കാണുന്നവര്‍ക്ക് സ്വാമി സ്നേഹം മാത്രമായിരുന്നു നല്‍കിയിരുന്നത്. ഒടുവില്‍ സ്വന്തം ദേഹവിയോഗത്തെക്കുറിച്ചു സ്വാമി പറഞ്ഞ വാക്കും ഫലിച്ചു. മോഹന്‍ലാലിനെ 35 വര്‍ഷം മുന്‍പ് ആദ്യമായി കുടജാദ്രിയിലേക്കു കൂട്ടിക്കൊണ്ടുപോയത് സ്വാമിയായിരുന്നു. പല പ്രമുഖരുടെയും കൊല്ലൂരിലെ വഴികാട്ടി കൂടിയായിരുന്നു സ്വാമി. കോഴിക്കോട് പന്തീരാങ്കാവ് സ്വദേശിയായ സ്വാമി 50 വര്‍ഷം മുന്‍പ് കൊല്ലൂരില്‍ എത്തിയതാണ്. ക്ഷേത്ര പരിസരത്തും കുടജാദ്രി മലമുകളിലെ ഗുഹയിലുമായി വര്‍ഷങ്ങളോളം ജീവിച്ചു. പിന്നീട് മൂകാംബികാ ദേവീ ക്ഷേത്ര പരിസരത്ത് രാമാനന്ദാശ്രമം സ്ഥാപിച്ചു.
2020ല്‍ മരിക്കുമെന്ന് സ്വാമി ശിഷ്യരോടെല്ലാം പറഞ്ഞിരുന്നു. വര്‍ഷങ്ങള്‍ക്കു മുന്‍പ് ലാലിനെ കൊച്ചിയിലെ വീട്ടിലെത്തി കാണുമ്പോഴും സ്വാമി പറഞ്ഞു. 2020ല്‍ ആണ് ദേഹവിയോഗം. അതാണ് അക്ഷരം പ്രതി ശരിയായിരിക്കുന്നത്.  രണ്ട് വര്‍ഷം മുന്‍പ് ഒടിയന്‍ സിനിമയുടെ ലൊക്കേഷനിലും എത്തി മോഹന്‍ലാലിനെ കണ്ടിരുന്നു. ‘ഇനി കാണില്ല,’. ഇതായിരുന്നു സ്വാമി ലാലിനോട് അവസാനമായി പറഞ്ഞത്.
സ്വാമിയെ കുറിച്ചുള്ള ഓര്‍മ്മകള്‍ മോഹന്‍ലാല്‍ പങ്കുവച്ചിട്ടുണ്ട്. മൂകാംബികയില്‍ എത്തിയതും നീര്‍ച്ചോലയില്‍ കുളിച്ചതും സ്വാമി ഉണ്ടാക്കി നല്‍കിയ കഞ്ഞി കുടിച്ച് അവിടെ ചാക്ക് പുതച്ച് ഉറങ്ങിയതുമെല്ലാം ലാല്‍ മുന്‍പ് വിശദീകരിച്ചിരുന്നു. ചന്തുക്കുട്ടി സ്വാമിയുണ്ടാക്കിയ സ്വധീനവും വിശദീകരിച്ചിരുന്നു. സ്വാമി നിത്യാനന്ദയുടെ ശിഷ്യനാണ് ചന്തുക്കുട്ടി സ്വാമി. കുടജാദ്രിയിലേക്കു റോഡും വാഹനവും ഇല്ലാതിരുന്ന കാലത്ത് കാല്‍നടയായി കുടജാദ്രിയിലെത്താന്‍ ഒട്ടേറെപ്പേര്‍ക്കു വഴികാട്ടിയായതു സ്വാമിയായിരുന്നു. സംസ്‌കാരം കൊല്ലൂര്‍ സൗപര്‍ണിക തീരത്തുള്ള പൊതുശ്മശാനത്തില്‍ നടന്നു.
അല്പം വിചിത്രമെന്ന് തോന്നുന്ന ജീവിതചര്യകള്‍, അവസാനകാലം വരെ സ്വയം പാകം ചെയ്ത ഭക്ഷണം. പ്രായത്തിന്റെ വലിയ നിയന്ത്രണങ്ങളില്ലാത്ത ശരീരം. നടക്കാന്‍ വടി വേണമെന്ന് മാത്രം. ഓര്‍മ്മക്കുറവ് തീരെ ഇല്ല.  ഈ നൂറ്റാണ്ടിലെ മനുഷ്യനെ അദ്ഭുതം എന്നല്ലേ വിളിക്കേണ്ടത് ?-ബിജെപി നേതാവ് എഎന്‍ രാധാകൃഷ്ണന്‍ സ്വാമിയെ ഓര്‍ക്കുന്നത് ഇങ്ങനെയാണ്. വലിയ ആഗ്രഹമോ, നീണ്ട ശിഷ്യന്മാരുടെ നിരയോ ഇല്ല. നീണ്ട പ്രഭാഷണങ്ങള്‍ നടത്താറില്ല. അതിനുള്ള ഭാഷ, വേദ പാണ്ഡിത്യവും ഒരു പക്ഷെ ഉണ്ടാവണമെന്നില്ല. പക്ഷെ അടുത്തറിയുന്നവര്‍ക്കു സ്വാമി ഒരു അനുഭവമാണ്.തനിക്ക് കിട്ടുന്ന തുച്ഛമായ പഴങ്ങളും , ഭക്ഷണവും അത് തന്റെ അടുത്ത് വരുന്നവര്‍ക്ക് പ്രസാദമായി നല്‍കുക-ഇതായിരുന്നു സ്വാമി.

Related Articles

Check Also
Close
Back to top button