International

കടലിനടിയിലെ ടൈറ്റാനിക്ക് ഉടൻ അപ്രത്യക്ഷമാവും

“Manju”

വാഷിംഗ്ടൺ: ആദ്യ യാത്രയിൽ തന്നെ വൻ ദുരന്തത്തിന് ഇടയാക്കിയ ടൈറ്റാനിക് കപ്പൽ പൂർണമായും കടലിനുള്ളിൽ നിന്നും അപ്രത്യക്ഷമാവുകയാണെന്ന് റിപ്പോർട്ട്. ഇരുമ്പ് തിന്നുന്ന ബാക്ടീരിയകളും സമുദ്രജല പ്രവാഹങ്ങളുമാണ് കടലിനടിയിൽ കണ്ടെത്തിയ ടൈറ്റാനിക്കിന്റെ ശേഷിപ്പുകളെ തുടച്ചു നീക്കുന്നത്. ഈ സാഹചര്യത്തിൽ ആഴക്കടലിൽ അലിഞ്ഞില്ലാതാകുന്ന ടൈറ്റാനിക്കിലേക്ക് വിനോദ സഞ്ചാരികളെ കൂടി ഉൾപ്പെടുത്തിക്കൊണ്ടുള്ള പുരാവസ്തു വകുപ്പ് ഗവേഷകർ അടങ്ങുന്ന സംഘം ഉടൻ തന്നെ പുറപ്പെടുമെന്നാണ് റിപ്പോർട്ടുകൾ.

ടൈറ്റാനിക് തിരിച്ച് വരാത്ത വിധം സമുദ്ര ജലത്തിൽ അലിയുകയാണ്. അതിനാൽ തന്നെ ഒരുപാട് വിവരങ്ങൾ ഇനിയും കപ്പലിൽ നിന്നും ശേഖരിക്കേണ്ടതുണ്ടെന്ന് യാത്രപോകുന്ന ഗവേഷകർ അറിയിച്ചു. ഏതാണ്ട് ഒരു ലക്ഷം മുതൽ ഒന്നര ലക്ഷം ഡോളർ വരെയാണ് ടൈറ്റാനിക്ക് നേരിൽ കാണാൻ വിനോദ സഞ്ചാരികൾ മുടക്കിയിരിക്കുന്നത്.

ബാക്ടീരിയകൾ കടലിനുള്ളിലുള്ള ടൈറ്റാനിക്കിന്റെ കിലോക്കണക്കിന് ഭാഗങ്ങളാണ് ദിവസവും നശിപ്പിക്കുന്നത്. സമുദ്രത്തിനടിയിൽ നിന്നും 1985ൽ കണ്ടെത്തിയ ടൈറ്റാനിക്കിന്റെ നിരവധി അവശേഷിപ്പുകൾ പുരാവസ്തു ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. ഇനിയും ഒരുപാട് കാര്യങ്ങൾ കപ്പലിൽ ഒളിഞ്ഞുകിടപ്പുണ്ടെന്നാണ് സൂചന.

കപ്പലിന്റെ പ്രധാന ഭാഗങ്ങളെല്ലാം ഇതിനോടകം ദ്രവിച്ചതായാണ് വിവരം. മുന്നോട്ട് നീണ്ടു നിന്നിരുന്ന 30 മീറ്റർ നീളമുള്ള ടൈറ്റാനിക്കിന്റെ പായ്മരം തകർന്നിരുന്നു. വളഞ്ഞ ഗോവണിയ്ക്ക് സമീപത്തെ ജിംനേഷ്യവും തകർന്നു. ക്യാപ്റ്റന്റെ ക്യാബിനകത്തെ ചുമര് തകർന്നതോടെ ബാത്ത്ടബും അപ്രത്യക്ഷമായിരുന്നു. ഏതാനും പതിറ്റാണ്ടുകൾക്കുള്ളിൽ ടൈറ്റാനിക്കിന്റെ എല്ലാ അവശേഷിപ്പുകളും കടലിൽ അലിഞ്ഞു ചേരുമെന്നാണ് വിലയിരുത്തൽ.

Related Articles

Back to top button