IndiaLatest

ഇന്ന് അന്താരാഷ്ട്ര യോഗാ ദിനം

“Manju”

ഇന്ന് ജൂണ്‍ 21, അന്താരാഷ്ട്ര യോഗാ ദിനം. പ്രായഭേദമന്യേ എല്ലാവരും ഇന്ന് യോഗ അഭ്യസിക്കും. എന്നാല്‍ യോഗാ ദിനത്തില്‍ മാത്രമാണോ യോഗ ചെയ്യേണ്ടത്? നമ്മുടെ മനസിനും ശരീരത്തിനും ഉണര്‍വേകാനും യോഗയേക്കാള്‍ വലുതായൊന്നുമില്ല. 193 അംഗരാഷ്ട്രങ്ങളുള്ള ഐക്യരാഷ്ടസഭയില്‍ 177 രാഷ്ട്രങ്ങളുടെ പിന്തുണയോടെയാണ് എല്ലാ വര്‍ഷവും ജൂണ്‍ 21ന് അന്താരാഷ്ട്ര യോഗ ദിനമായി ആചരിക്കാന്‍ തീരുമാനിച്ചത്.

ജൂണ്‍ 21 അന്താരാഷ്ട്രയോഗ ദിനമായി ഐക്യരാഷ്ട്രസഭ പ്രഖ്യാപിച്ചതിന് ശേഷമുള്ള എട്ടാമത്തെ അന്താരാഷ്ട്ര യോഗ ദിനമാണ് ഇന്ന് നമ്മള്‍ ആചരിക്കുന്നത്. ഐക്യരാഷ്ട്ര സഭയുടെ ജനറല്‍ അസംബ്ലി അംഗീകരിച്ച പ്രമേയത്തില്‍ മനുഷ്യരാശിയുടെ ആരോഗ്യത്തിനും നല്ല ജീവിതത്തിനും പ്രയോജനകരമാകുന്ന സമഗ്രമായ കര്‍മ്മ പദ്ധതിയാണ് യോഗ എന്ന് അംഗീകരിക്കപ്പെട്ടു.

സമൂഹത്തിന്റെ നാനാതുറകളിലുള്ളവര്‍ക്ക് യോഗയുടെ ആരോഗ്യ പദ്ധതിയിലൂടെ രോഗശാന്തിയും ജീവിതസമാധാനവും കൈവരിക്കാന്‍ കഴിയുമെന്നും നിരവധി ജീവിതശൈലി രോഗങ്ങളെ ചെറുക്കാന്‍ യോഗയിലൂടെ കഴിയുമെന്നും ഐക്യരാഷ്ടസഭ അംഗീകരിച്ചു. ആരോഗ്യത്തിനും ജീവിത സൗഖ്യത്തിനുമായി പൗരാണിക ഭാരതം വരദാനമായി പകര്‍ന്നു നല്‍കിയ അറിവാണ് യോഗ. മനസിനെ കൂടുതല്‍ ശ്രദ്ധയോടെ കൈകാര്യം ചെയ്യുന്നതിനും മാനസിക പിരിമുറുക്കങ്ങളില്‍ നിന്ന് രക്ഷ നേടാനും യോഗ ഉത്തമമാണെന്ന് നിരവധി പഠനങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഭാരതത്തെ സംബന്ധിച്ചിടത്തോളം അന്താരാഷ്ട്ര തലത്തില്‍ തന്നെ ഈ ദിനം സമ്മാനിച്ചിരിക്കുന്നത് വലിയ അഭിമാനമാണ്. യോഗ എന്നത് വെറും ഒരു വ്യായാമം മാത്രമല്ല. മറിച്ച് അനാവശ്യമായ ചിന്തകളില്‍ നിന്ന് മോചനം ലഭിക്കാനും, ക്രിയാത്മകമായി മനസ്സിനെയും ശരീരത്തിനെയും ഉപയോഗിക്കാനും സഹായിക്കുന്ന ഒരുപ്രക്രിയ കൂടിയാണ്. അതുകൊണ്ട് തന്നെ നമുക്ക് തീരുമാനിക്കാം ഇനിമുതല്‍ യോഗ ജീവിതത്തിന്റെ ഭാഗമാക്കി മാറ്റുമെന്ന്.

Related Articles

Back to top button